Friday, July 30, 2010

മഹാഭാരതം-10(കൃപര്‍, ദ്രോണര്‍‌ )

കൌരവപാണ്ഡവന്മാര്‍ ആദ്യം ആയുധവിദ്യ അഭ്യസിച്ചത് കൃപാചാര്യരില്‍ നിന്നായിരുന്നു..
കൃപാചാര്യർ‍:
ബ്രഹ്മാവിന്റെ മകനു അംഗിരധന്‍, അംഗിരധന്റെ മകന്‍ ഉചത്‌ഥ്യന്‍,ഉചത്ഥ്യന്റെ മകന്‍ ദീര്‍ഘതമസ്സ്, ദീര്‍ഘതമസ്സിന്റെ മകന്‍ ഗൌതമമഹര്‍ഷി, ഗൌതമമഹര്‍ഷിയുടെ മകന്‍ ശരദ്വാന്‍.
ശരദ്വാന്റെ മക്കളാണ് കൃപരും കൃപിയും. (കൃപാചാര്യർ രുദ്രന്മാരുടെ അംശമാണ്.)
കൃപിയെ ദ്രോണാചാര്യര്‍ വിവാഹം കഴിക്കുന്നു..
ദ്രോണാചാര്യരാണ് പിന്നീട് പാണ്ഡവരുടെയും കൌരവരുടേയും ഗുരു. ഭാരദ്വജന്റെ മകനാണ് ദ്രോണര്‍.

ദ്രോണര്‍:
ദ്രോണരെ കണ്ടുമുട്ടുന്നത്..
ഒരിക്കല്‍ പാണ്ഡവകുമാരന്മാര്‍ ഒരു ഓലപ്പന്ത് കളിച്ചുകൊണ്ട് കാനനത്തില്‍ നില്‍കുമ്പോള്‍ തങ്ങളുടെ പന്ത് കിണറ്റില്‍ വീണുപോകുന്നു. പന്ത് തിരിച്ചെടുക്കാനാവാതെ വിഷമിച്ചു നില്‍ക്കുന്ന കുട്ടികളുടെ അടുത്തേക്ക് ഒരു ദിവ്യ തേജസ്സുള്ള ആചാര്യന്‍ കടന്നു വരുന്നു. അദ്ദേഹം മാലപോലെ തുടരെ തുടരെ അസ്ത്രങ്ങള്‍ എയ്ത് പന്ത് കിണറ്റില്‍ നിന്നും കോര്‍ത്തെടുക്കുന്നു! ഇത് കണ്ട് അല്‍ഭുതപ്രതന്ത്രരായ കുട്ടികള്‍ കൊട്ടാരത്തിലെത്തി ഭീഷ്മരോടും വിദുരരോടുമൊക്കെ ഈ സന്തോഷവാര്‍ത്ത അറിയിക്കുന്നു. അത് ദ്രോണര്‍ ആയിരിക്കും എന്നു മനസ്സിലായ ഭീഷ്മര്‍ ദ്രോണനെ കൊട്ടാരത്തില്‍ ക്ഷണിച്ചു വരുത്തി പാണ്ഡവര്‍ക്കും കൌരവര്ക്കും ശസ്ത്രവിദ്യ അഭ്യസിപ്പിക്കാനായി നിര്‍ദ്ദേശിക്കുന്നു..

ദ്രോണരുടെ പൂര്‍വ്വ കഥ:
പാഞ്ചാല രാജാവിന്റെ മകനായ ദ്രുപദനും ദ്രോണരും പണ്ട് ഗുരുകുലത്തില്‍ വിദ്യ അഭ്യസിച്ചുകൊണ്ടിരുന്നവേളയില്‍.. ദ്രുപദന്‍ തന്റെ സഖാവായ ദ്രോണരോട് സൌഹൃദത്തിന്റെ പേരില്‍, താന്‍ രാജാവാകുമ്പോൾ തനിക്കുള്ളതില്‍ പാതി ദ്രോണര്‍ക്കുള്ളതാണെന്ന് പറയുന്നു..

വലുതായി ദ്രുപദന്‍ രാജാവായി സസുഖം വാഴുമ്പോള്‍ ദ്രോണര്‍ ദാരിദ്രത്താല്‍ കഷ്ടപ്പെടുകയായിരുന്നു. ദ്രോണരുടെ ഭാര്യ കൃപാചാര്യരുടെ സഹോദരി കൃപിയാണ്. അവര്‍ക്ക് അശ്വദ്ധാമാവ് എന്ന ഒരു മകനും ഉണ്ട്. (ഈശന്റെ കാമവും കാലന്റെ കോപവും ഒന്നിച്ചുണ്ടായ മൂർത്തിയാണ് അശ്വദ്ധാമാവ്.) ഒരിക്കല്‍, തന്റെ മകന് ഒരുനേരം പശുവിന്‍ പാലു കൊടുക്കാന്‍ പോലും കഴിവില്ലാതെ കൃപി അരിമാവു കലക്കി പശുവിന്‍ പാലാണെന്നും പറഞ്ഞ് കുട്ടിയെ കുടിപ്പിക്കാന്‍ നോക്കുന്നു.. ഇതു കണ്ട ദ്രോണര്‍ തന്റെ അഭിമാനം മറന്ന് ദ്രുപദരാജാവിന്റെ അടുക്കല്‍ സഹായത്തിനായി എത്തുന്നു.. കൊട്ടാരത്തില്‍ എത്തിയ ദ്രോണരെ ആദ്യം കാവല്‍ ഭടന്മാര്‍ കടത്തിവിടുന്നില്ല. ‘താന്‍ ദ്രുപദരാജാവിന്റെ ഉത്തമസുഹൃത്തായ ദ്രോണരാണ് എന്ന് പറയാന്‍ പറയുന്നു..

ഇത് കേട്ട ദ്രുപദന്‍ ഒരു ദരിദ്രനായ ദ്രോണരും മഹാരാജാവായ താനും തമ്മില്‍ എങ്ങിനെ ചങ്ങാത്തം ഉണ്ടാകാന്‍ എന്നൊക്കെ പറഞ്ഞ് ദ്രോണരെ സദസ്സിനു മുന്നില്‍ വച്ച് അപമാനിക്കുന്നു. കുപിതനായ

ദ്രോണര്‍ ദ്രുപദന്‍ ഒരിക്കല്‍ തന്റെ മുന്നില്‍ വന്ന് ഇരക്കേണ്ടതായി വരും എന്ന് ശപഥം ചെയ്ത് കൊട്ടാരത്തില്‍ നിന്നിറങ്ങിപ്പോകുന്നു..

ദ്രുപദനോടുള്ള വാശിയുമായി നടക്കുമ്പോഴാണ് ദ്രോണര്‍ അര്‍ജ്ജുനനേയും മറ്റും കാട്ടില്‍ വച്ച് സന്ധിക്കുന്നത്..

ദ്രോണര്‍ പാണ്ഡവരേയും കൌരവരേയും ശസ്ത്രവിദ്യകള്‍ അഭ്യസിപ്പിക്കുന്നു.. ദ്രോണര്‍ക്ക് പാണ്ഡവരോടാണ് കൂടുതല്‍ ഇഷ്ടം എന്നു മനാസ്സിലാക്കിയ ശകുനി എങ്ങിനെയും ദ്രോണരുടെ മകന്‍ അശ്വദ്ധാമാവിനെയെങ്കിലും തങ്ങളുടെ വശത്താക്കാന്‍ കൌരവേ ഉപദേശിക്കുന്നു. അങ്ങിനെ ദാരിദ്രത്താല്‍ കഴിഞ്ഞിരുന്ന അശ്വദ്ധാമാവിന് പല സഹായങ്ങളും സമ്മാനങ്ങളും ഒക്കെ ചെയ്ത് ദുര്യോധനന്‍ പ്രീതനാക്കുന്നു..

ഓരോ ആയുധങ്ങളില്‍ ഓരോരുത്തര്‍ മികവുറ്റവരാകുന്നു.. ധര്‍മ്മപുത്രൻ ‍തേര്‍യുദ്ധത്തില്‍, അര്‍ജ്ജുനനും അശ്വദ്ധാമാവും‍ വില്ല്, ഭീമനും ദുര്യോദനനും ഗദ, നകുലനും സഹദേവനും വാള്‍ എന്നിങ്ങനെ..

1 comment:

  1. namaskaram i am sibin i also interested in athmeeyam
    my email id is sibinsathya@gmail.com
    please contact me

    ReplyDelete