Thursday, July 29, 2010

മഹാഭാരതം-6(ഗാന്ധാരി, കുന്തി)

സത്യവതി വ്യാസനോട് അഭ്യർത്ഥിച്ചപ്രകാരം വ്യാസനിൽ നിന്നും അംബികയ്ക്ക് ധൃതരാ ഷ്ട്രരും, അംബികയ്ക്ക് പാണ്ഡുവും ദാസിയിൽ ധർമ്മരാജാവായ വിദുരരും ജനിക്കുന്നു...

ശേഷം കഥ...
ധൃതരാഷട്രരും പാണ്ഡുവും വളര്‍ന്ന് യൌവ്വനയുക്തര്‍ ആകുമ്പോള്‍ ഭീഷമര്‍ അവരുടെ വിവാഹം നടത്താല്‍ ആലോചിക്കുന്നു.

ധൃതരാഷ്ട്രരും ഗാന്ധാരിയും

ധൃതരാഷ്ട്രര്‍ക്കായി ഗാന്ധാരരാജ്യത്തെ രാജാവിനോട് ആവശ്യപ്പെടുന്നു. ഇത്രയും പ്രസിദ്ധമായ ഹസ്തിനപുരരാജാവിന്റെ വിവാഹാലോചന നിരസിക്കാന്‍ മനസ്സനുവദിക്കാതെ ധൃതരാഷ്ട്രര്‍ അന്ധനാണെന്ന കാര്യം മറന്ന് ഗാന്ധാരരാജാവ് വിവാഹബന്ധം ഉറപ്പിക്കുന്നു.

താന്‍ വിവാഹം കഴിക്കുന്ന രാജകുമാരന്‍ അന്ധനാണെന്നറിഞ്ഞ ഗാന്ധാരിയുടെ മനസ്സിടിഞ്ഞുപൊകുന്നെങ്കിലും ഉടന്‍ തന്നെ ധൈര്യം സംഭരിച്ച് വളരെ മനസ്സാന്നിദ്ധ്യത്തോടെ
തന്റെ കണ്ണുകളും മൂടിക്കെട്ടി സ്വയം അന്ധത്വം വരിക്കുന്നു. തന്നെ കാണാനാകാത്ത ഭര്‍ത്താവിനെ ഗാന്ധാരിയും കാണുന്നില്ല. തുല്യദുഃഖിതര്‍ പോലെ, അവര്‍ വിവാഹിതരാകുന്നു..
(ധൃതരാഷ്ട്രരും ഗാന്ധാരിയും മക്കളോടുള്ള സ്വാര്‍ത്ഥസ്നേഹത്താല്‍ അവരുടെ അന്യായങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ ഇതു കൂടുതല്‍ സഹായവും ആയി- പക്ഷെ പാതിവൃത്യത്തിനു ഉത്തമോദാഹരണമായി എടുത്തുകാട്ടാന്‍ ഗാന്ധാരി കഴിഞ്ഞേ മറ്റാരും കാണുകയുള്ളൂ!).

ഗാന്ധാരിയോടൊപ്പം അവളുടെ തുണയ്ക്കെന്നും പറഞ്ഞ് മഹാ വക്രശാലിയായ സഹോദരന്‍ ശകുനി കൂടി ഹസ്തിനപുരത്തില്‍ താമസമാക്കുന്നു. നീചനായ ശകുനിയാണ് കൌരവരെ നീചരായി വളരാന്‍ കാരണക്കാരനാകുന്നത്.. അയാള്‍ തന്റെ കുബുദ്ധികൊണ്ട് ഹസ്തിനപുര രാജധാനിയില്‍ പല അനര്‍ത്ഥങ്ങളും വരുത്തുന്നു.

പാണ്ഡുവും കുന്തീദേവിയും..

പാണ്ഡുവിനു വേണ്ടി കുന്തീഭോജന്റെ മകള്‍ കുന്തിയെ (പ്രീത) ആലോചിക്കുന്നു. അവരുടെ വിവാഹവും മംഗളമായി നടക്കുന്നു.

കുന്തിയുടെ പൂര്‍വ്വകഥ:

ഒരിക്കല്‍ ദുര്‍വ്വാസാവു മഹര്‍ഷിയെ ശുശ്രൂഷിക്കാനായി കന്യകയായ കുന്തി തന്റെ പിതാവിനാല്‍ നിയോഗിതയായി. അത്യന്തം ഭക്തിയോടെ മഹര്‍ഷിയെ പൂജ അവസാനം വരെ ആത്മാര്‍ത്ഥമായി സഹായിച്ചതില്‍ സംപ്രീതനായി മഹര്‍ഷി കുന്തിക്ക് ദേവഭൂതി മന്ത്രം ഉപദേശിച്ചുകൊടുക്കുന്നു.. ഏതുദേവനെ മനസ്സില്‍ വിചാരിച്ച് ആ മന്ത്രം ജപിക്കുന്നുവോ ആ ദേവനില്‍ നിന്നും പുത്രനെ ലഭിക്കും എന്നതായിരുന്നു ആ മന്ത്രഫലം.

കുമാരിയായിരുന്ന കുന്തിയ്ക്ക് തനിക്കു കിട്ടിയ മന്ത്രം വലരെ വിചിത്രമായി തോന്നി. അത് ശരിക്കും ഉള്ളതാണൊ എന്നറിയാനായി ഒരിക്കല്‍ ഉദിച്ചുയരുന്ന സൂര്യഭഗവാനെ നോക്കി ആ മന്ത്രം ചൊല്ലി.
അല്പം കഴിഞ്ഞപ്പോഴേക്കും കുന്തിയുടെ മുന്നില്‍ സൂര്യഭഗവാന്‍ പ്രത്യക്ഷപ്പെട്ടു! പരിഭ്രാന്തയായ കുന്തി താന്‍ വെറുതെ മന്ത്രം ഫലിക്കുമോന്നറിയാന്‍ വേണ്ടി വെറുതെ ചൊല്ലിയതാണെന്നും ദയവായി തിരിച്ചുപോകാനും സൂര്യഭഗവാനോട് അപേക്ഷിക്കുന്നു. സൂര്യഭഗവാന്‍ പുഞ്ചിരിച്ചുകൊണ്ട്, 'ഈ മന്ത്ര ശക്തിയാല്‍ വരുത്തിയതിനാല്‍ വരംകൊടുക്കാതെ പോകാനാവില്ല' എന്നു പറയുന്നു. പക്ഷെ കുന്തിയുടെ കന്യകാത്വത്തിനു ഭംഗം ഒന്നും വരുത്തില്ലെന്നു പറഞ്ഞ് ധൈര്യവതിയാക്കി കുന്തിയില്‍ പുത്രോല്പാദനം നടത്തി മടങ്ങുന്നു. താമസിയാതെ കുന്തി ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു. കാതില്‍ ഒരു കുണ്ഡലവും മാറില്‍ കവചവുമോടെയാണ് സൂര്യഭഗവാന്റെ മകന്‍ കര്‍ണ്ണന്‍ ജനിക്കുന്നത്.

കുഞ്ഞിനെ കണ്ടപ്പോള്‍ കന്യകയായ കുന്തിക്ക് ആഹ്ളാദത്തിലേറെ പരിഭ്രാന്തയായി. ഒരറ്റത്ത് മാതൃസ്നേഹം മറ്റൊരറ്റത്ത് താന്‍ മൂലം രാജ്യത്തിന് അപമാനം ഉണ്ടാകും എന്ന ഭയം. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ കുന്തി ആ കുഞ്ഞിനെ ഒരു പേടകത്തിലാക്കി നദിയില്‍ ഒഴുക്കുന്നു.

ആ പേടകം ഒഴുകിപ്പോകുന്നത് അധിരഥന്‍ എന്ന സൂതന്‍‍ കാണുകയും കുട്ടികളില്ലാത്ത അതിരഥനും ഭാര്യയും കര്‍ണ്ണനെ എടുത്ത് വളര്‍ത്തുകയും ചെയ്യുന്നു. അങ്ങിനെ സൂര്യഭഗവാന്റെ മകന്‍ കര്‍ണ്ണന്‍ സൂതപുത്രനായി വളരുന്നു. ദേവപുത്രനായ് കര്‍ണ്ണന് ആപത്തൊന്നും വരില്ല എന്നു സമാധാനിച്ച് പതിയെ പതിയെ കുന്തി തന്റെ ദുഃഖവുമായി താദ്യാമ്യം പ്രാപിക്കുന്നു..

വര്‍ത്തമാനകാലത്തിലേക്ക് വരാം..

ധൃതരാഷ്ട്രര്‍ അന്ധനായതിനാല്‍ രാജാവായാലും രാജ്യം നന്നായി പരിപാലിക്കാനാവില്ലെന്ന കാരണത്താല്‍ ഭീഷ്മര്‍ പാണ്ഡുവിനെ രാജാവായി അഭിഷേകം നടത്തുന്നു. ധൃതരാഷ്ട്രറും ഗാന്ധാരിയും തങ്ങളുടെ നൈരാശ്യം ഉള്ളിലടക്കി സന്തോഷിക്കാന്‍ ശ്രമിക്കുന്നു..

പിന്നീട് മാദ്രരാജ്യത്തെ മാദ്രി എന്ന കന്യകയെയും കുലാചാരം നിലനിര്‍ത്താനായി, ഭീക്ഷമരുടെ നിര്‍ദ്ദേശപ്രകാരം പാണ്ഡു വിവാഹം കഴിക്കുന്നു. കുന്തിക്ക് മനസ്സില്‍ പ്രയാസം തോന്നിയെങ്കിലും മാദ്രിയുടെ വിധേയത്വ സ്വഭാവവും സ്നേഹവും മര്യാദയും ഒക്കെ കണ്ട് കുന്തി അവളെ സ്വന്തം സഹോദരിയായി സ്നേഹിച്ചുപോകുന്നു.
ബാക്കി അടുത്തതില്‍..

No comments:

Post a Comment