Monday, September 27, 2010

18. പാഞ്ചാലിയുടെ പൂര്‍വ്വകഥ

പാണ്ഡവർ പാഞ്ചാലിയോടൊപ്പം ദ്രുപദരാജാവിനെ സന്ദർശ്ശിക്കാൻ ചെല്ലുമ്പോൾ, തന്റെ മകൾ അഞ്ചുപേരെ വേള്‍ക്കുന്നതില്‍ മനം നൊന്തു നില്‍ക്കുന്ന ദ്രുപദരാജാവിനെ അപ്പോൾ അവിടെ എത്തുന്ന വേദവ്യാസമഹര്‍ഷി, ‘പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി’ എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു.

പാഞ്ചാലി പൂര്‍വ്വ ജന്മത്തില്‍ മൌല്‍ഗല്യന്‍ എന്ന മഹര്‍ഷിയുടെ പത്നി നാളായണിയായിരുന്നു. കോപിഷ്ഠനും കുഷ്ഠരോഗിയുമായ മൌല്‍ഗല്യനെ പാതിവ്രത്യ നിഷ്ഠയോടെ ശുശ്രൂഷിച്ചു. ഒരിക്കല്‍ മൌല്‍ഗല്യന്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു വിരല്‍ അടര്‍ന്ന് ഭക്ഷണത്തില്‍ വീണു, എന്നിട്ടും ആ വിരല്‍ മാറ്റിവച്ച്, നാളായണി അദ്ദേഹത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിച്ചു.

ഇതു കണ്ട് മനം തെളിഞ്ഞ മഹര്‍ഷി, എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളുവാന്‍ നാളായണിയോടാവശ്യപ്പെടുന്നു. 'അദ്ദേഹം തന്നെ പഞ്ചശരീരനായി വന്ന്‌ തന്നെ രമിപ്പിക്കണം' എന്നായിരുന്നു അവള്‍ ചോദിച്ച വരം. അതനുസരിച്ച് മൌല്‍ഗല്യന്‍ മനോഹരമായ അഞ്ചു ശരീരങ്ങളിലൂടെ നളായണിയെ രമിപ്പിച്ചു. മൌല്‍ഗല്യന്‍ അദ്രിയായപ്പോള്‍ നാളായണി നദിയായി.
മൌല്‍ഗല്യന്‍ മരമായപ്പോള്‍ നാളായണീ ലതയായി പടര്‍ന്നു കയറി. അങ്ങിനെ ഓരോരോ രൂപമെടുത്ത് അവര്‍ രമിച്ചു. പക്ഷെ എന്നിട്ടും നാളായണിക്ക് മതിയായില്ല. മൌല്‍ഗല്യനാണെങ്കില്‍ നാളായണിയുടെ ഈ അമിതാസക്തി തന്റെ തപസ്സ് തുടരുന്നതിന്‍ വിഘ്നമായി തോന്നിത്തുടങ്ങി. അങ്ങിനെ അവളില്‍ നീരസം തോന്നിയ മുനി, നാളായണിയെ ‘അടുത്തജന്മം പാഞ്ചാലരാജാവിന്റെ പുത്രിയായി, അഞ്ചുഭര്‍ത്താക്കന്മാരെ വരിക്കാനിടവരട്ടെ’ എന്നു ശപിച്ചു.

അഞ്ചു ഭര്‍ത്താക്കന്മാരുടെ ഭാര്യയാകുന്നത് അപമാനിതയാകുമെന്ന് ദുഃഖിച്ച് നാളായണി ശിവനെ തപസ്സുചെയ്തു. ശിവന്‍ പ്രത്യക്ഷപ്പെട്ട് അവള്‍ക്ക് 'അഞ്ച് ഭര്‍ത്താക്കന്മാരുണ്ടാകട്ടെ' എന്നുതന്നെ എന്നനുഗ്രഹിച്ചു!

നാളായണി കരഞ്ഞുകൊണ്ട്, ‘ഒരു സ്ത്രീക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടാകുന്നത് അപമാനമല്ലെ?’ എന്നു ശിവനോട് ചോദിച്ചപ്പോള്‍, ‘ഞാന്‍ പ്രത്യക്ഷപ്പെട്ട് എന്തു വരം വേണം എന്നു ചോദിക്കുമ്പോള്‍ എന്നെ കണ്ട് പരിഭ്രമിച്ച്, ‘എനിക്ക് ഭര്‍ത്താവിനെ തരൂ’ എന്ന് അഞ്ചുപ്രാവശ്യം നീ ആവര്‍ത്തിച്ചു. അതുകൊണ്ടാണ് അങ്ങിനെ അനുഗ്രഹിക്കേണ്ടിവന്നതെന്നും, നാളായണിക്ക് അതുകൊണ്ട് അപമാനം ഒന്നും സംഭവിക്കില്ലെന്നും ഉറപ്പുനല്‍കി.

എന്നിട്ടും വിശ്വാസം വരാതെ നാളായണി ചോദിക്കുന്നു, ‘വേദങ്ങളിലൊന്നും ഇങ്ങിനെ ഒന്നു പറഞ്ഞിട്ടില്ലല്ലൊ, പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകാം എന്നാല്‍ സ്ത്രീക്ക് ഒന്നില്‍ക്കൂടുതല്‍ ഭര്‍ത്താക്കന്മാരായാല്‍ അവള്‍ അധമയാകും’എന്നാണല്ലൊ’; നാളായണി തുടര്‍ന്നു, ‘ദേവവിധിപ്രകാരം പുത്രനുണ്ടാകാന്‍ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു പുരുഷനില്‍ നിന്ന് പുത്രനെ സ്വീകരിച്ചാല്‍ പോലും പ്രായശ്ചിത്തം ചെയ്യണം എന്നാണ്, പുത്രലബ്ദിക്കായി പോലും, ഒന്നും രണ്ടും മൂന്നും അനുവദ്യമാണ് എന്നാല്‍ നാലാമതായാല്‍ പതിതയും അഞ്ചാമതായാല്‍ വന്ധകിയും ആകും എന്നല്ലെ?’

‘ഞാന്‍ ഭര്‍ത്തൃശുശ്രൂക്ഷകൊണ്ട് സിദ്ധിപ്രാപിച്ചവളാണ് അതുകൊണ്ട്, എനിക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടായാലും ആ സിദ്ധി കൈവിടരുത്’ എന്ന് നാളായണി അഭ്യര്‍ത്ഥിക്കുന്നു..

പരമശിവന്‍ നാളായണീയോട് ‘അത് കിട്ടാന്‍ ദുര്‍ലഭമാണെങ്കിലും നിനക്ക് അത് ലഭ്യമാകും’ എന്നും ‘ഗംഗാജലത്തില്‍ പോയി നില്‍ക്കുമ്പോള്‍ അവിടെ ഒരു പുരുഷനെ കാണാന്‍ സാധിക്കും, അത് ദേവേന്ദ്രനാണെന്നും, ആ പുരുഷനെ വിളിച്ചുകൊണ്ടുവരിക’എന്നും‍ നിര്‍ദ്ദേശിക്കുന്നു.

ദേവേന്ദ്രന്‍ അഞ്ചുരൂപമെടുത്ത് പഞ്ചപാണ്ഡവന്മാരായി നാളായണിയെ (പാഞ്ചാലിയെ) വേള്‍ക്കുന്ന കഥ:

നൈമിശികാരണ്യത്തില്‍ ദേവകളെല്ലാം ഒരു യാഗം ആരംഭിച്ചു. വൈവസ്വതന്‍ (ധര്‍മ്മരാ‍ജന്‍?) ഭാര്യയോടൊപ്പം യാഗവും ദീക്ഷിച്ചിരുന്നു. ഭൂമിയില്‍ രോഗവും മരണവും ഒന്നും ഇല്ലാതായി. മനുഷ്യര്‍ പെറ്റുപെരുകി.. ദേവന്മാര്‍ ബ്രഹ്മാവിന്റെ അടുക്കല്‍ പരാതിയുമായി ചെല്ലുമ്പോള്‍ , ദേവന്മാരോട് കാലന്റെ അംശമായി ഭൂമിയില്‍ ജനിച്ച് മനുഷ്യരെ കൊന്നൊടുക്കാന്‍ അനുമതി നല്‍കുന്നു.

ദേവന്മാർ ഗംഗയില്‍ വസിക്കുമ്പോള്‍ ഒരു സ്വര്‍ണ്ണത്താമര കാണുന്നു. ദേവേന്ദ്രൻ അതിന്റെ ഉത്ഭവ അന്വേക്ഷിച്ച് ചെല്ലുമ്പോൾ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ഒരു കന്യകയെ കാണുന്നു (നാളായണി!. പരമശിവന്റെ നിര്‍ദ്ദേശപ്രകാരം ഗംഗയില്‍ ചെന്നതാണ്) നാളായണിയുടെ കണ്ണീർ വീണാണ്‌ ആ സ്വർണ്ണത്താമര ഉണ്ടായത്! ഇന്ദ്രൻ നാളായണിയോട് കാരണം ആരായുമ്പോൾ ‘തന്റെ കൂടെ വന്നാൽ എല്ലാം അറിയാനാകും’ എന്നു പറയുന്നു. നാളായണിയെ അനുഗമിച്ച് ചെല്ലുന്ന ഇന്ദ്രൻ സുന്ദരനായ ഒരു പുരുഷനും സ്ത്രീയും ചൂതുകളിച്ചുകൊണ്ടിരിക്കുന്നത് കാണാനിടയാകുന്നു. തന്നെ കണ്ട് അവര്‍ എഴുന്നേല്‍ക്കാത്തതില്‍ ഇന്ദ്രനു കോപം വന്നു. ശിവനാണതെന്നറിഞ്ഞ് ഇന്ദ്രന്‍ ശിവന്റെ കാല്‍ക്കല്‍ വീഴുന്നു.

ശിവന്‍ ഇന്ദ്രനോട് പര്‍വ്വത ശ്രേഷ്ടനെ കാണാന്‍ പറയുകയും അവിടെ നിന്നെപ്പോലെ നാലുപേരും കൂടിയുണ്ടാവും എന്നുപറഞ്ഞയക്കുന്നു. പര്‍വ്വതശ്രേഷ്ടന്റെ അരികില്‍ നാലു ഇന്ദ്രന്മാര്‍ നില്‍ക്കുന്ന കണ്ട്, താനും ഇവരെപ്പോലെ ആകുമല്ലൊ എന്നു ദുഃഖിച്ചുനില്‍ക്കുന്ന ഇന്ദ്രനോട് 'വിഷമിക്കേണ്ട, നിങ്ങള്‍ അഞ്ചുപേരും ഒരമ്മയുടെ മക്കളായി ജനിക്കും നിങ്ങള്‍‌ക്കഞ്ചുപേര്‍ക്കും കൂടി ഇവള്‍ (നാളായണി) ഭാര്യയായി തീരും, നിങ്ങള്‍ ദുഷ്ടരെ കൊന്ന് ഭൂമിയെ രക്ഷിക്കാനും ധര്‍മ്മം പുനഃസ്ഥാപിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട്.'

അപ്പോള്‍ പഞ്ചേന്ദ്രന്മാര്‍, തങ്ങള്‍ക്ക് കൂട്ടായി ധര്‍‌മ്മദേവനും (ധര്‍മ്മപുത്രര്‍) മാരുതനും(ഭീമന്‍) ഇന്ദ്രനും (അര്‍ജ്ജുനന്‍) ഒക്കെ കൂടണം എന്നുപറയുന്നു.

മഹാവിഷ്ണു തന്റെ ശിരസ്സില്‍ നിന്നും രണ്ട് രോമം പിഴുതെടുക്കുന്നു ഒന്നു വെളിത്തതും ഒന്ന് കറുത്തതും
ഇവ(?) രോഹിണിയും ദേവകിയുമായും, വെളുത്ത രോമം ബലരാമനും കറുത്ത രോമം ശ്രീകൃഷ്ണനായും ജനിക്കും എന്നും അരുളിച്ചെയ്യുന്നു. പാഞ്ചാലി (നാളായണി) ലക്ഷ്മീദേവിയുടെ അംശമായും തീരും എന്നും പറയുന്നു.

ഈ കഥ വ്യാസന്‍ ദ്രുപദരാജാവിനു പറഞ്ഞുകൊടുത്തതാണല്ലൊ, ഇത്രയും പറഞ്ഞ് ഇതെല്ലാം നേരില്‍ കാണാനായുള്ള ദിവ്യ ചക്ഷുസ്സും അദ്ദേഹം ദ്രുപദനു നല്‍കുന്നു. എല്ലാം അറിയുമ്പോള്‍ തന്റെ പുത്രി അഞ്ചുപേരെ വേള്‍ക്കുന്നതില്‍ അദ്ദേഹത്തിനു സമ്മതം വരുന്നു..

‍ പാഞ്ചാലിയെ സർവ്വാഭരഭൂഷിത്യാക്കി, ധൌമ്യ മഹർഷിയുടെ പൌരോഹിതത്തിൽ ജ്യേഷ്ഠക്രമത്തിൽ പാണിഗ്രഹണം നടത്തുന്നു. ശ്രീകൃഷണന്‍ പാഞ്ചാലിക്ക് അമൂല്യമായ രത്നങ്ങളും മറ്റും സമ്മാനിക്കുന്നു. കുന്തി പാഞ്ചാലിയോട് പതിവ്രതാധര്‍മ്മത്തെപ്പറ്റി ഏറെ നേരം സംസാരിക്കുന്നു.

(ഇത്രയുമൊക്കെ കഥകളും ന്യായങ്ങളും ഒക്കെയുണ്ട് പാഞ്ചാലിയുടെ ബഹുഭ്ര്തൃത്വത്തിനും മറ്റും!!! )

[ഈ കഥ ഒരു ബുക്കിന്റെ സഹായത്തോടെ എഴുതിയതാണു. അതിന്റെ കര്‍ത്താവിന്റെ പേര് അറിയില്ല. എന്നെങ്കിലും കണ്ടുപിടിച്ച് എഴുതാം]

No comments:

Post a Comment