Tuesday, September 28, 2010

19. ഇന്ദ്രപ്രസ്ഥം

പാഞ്ചാലീ സ്വയം വരം കഴിയുമ്പോള്‍ എല്ലാവരും പാഞ്ചാലിയെ വിവാഹം ചെയ്തത് ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ഡവരാണെന്ന് അറിയുന്നു. കൌരവര്‍ക്ക് ഇത് വലിയ അപമാനമായി തോന്നുന്നു. പാണ്ഡവരുടെ വനവാസകാലം അവസാനിക്കാറായതിനാല്‍ അവര്‍ തിരിച്ചുവന്ന് പാതിരാജ്യം ആവശ്യപ്പെടുമെന്ന് ഭയന്ന് ദുര്യോദനന്‍ ധര്‍മ്മപുത്രരോടും കര്‍ണ്ണനോടും ശകുനിയോടുമൊപ്പം പല കുതന്ത്രങ്ങളും ആലോചിക്കുന്നു. പക്ഷെ, പാണ്ഡവര്‍ വലിയ ബുദ്ധിമാന്മാരാണെന്നും അവരെ ചതിയില്‍ പെടുത്തുന്നത് ആപത്താണെന്നും പറഞ്ഞ് കര്‍ണ്ണന്‍ അവരെ വിലക്കുന്നു.

ധൃതരാഷ്ട്രര്‍ വിദുരരോടും ഭീഷ്മരോടും ദ്രോണരോടും ഒക്കെ പാണ്ഡവരുടെ തിരിച്ചുവരവിനെ പറ്റി പറയുമ്പോള്‍, അവര്‍ സന്തോഷത്തോടെ പാണ്ഡവര്‍ക്ക് പാതിരാജ്യം കൊടുത്ത് ആദരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ദുര്യോദനനു ഇത് വളരെ നീരസമുണ്ടാക്കുന്നെങ്കിലും മറ്റുവഴിയൊന്നും കാണായ്കയാല്‍ ധൃതരാഷ്ട്രര്‍‍ പാണ്ഡവര്‍ക്ക് ‘ഖാണ്ഡവപ്രസ്ഥം’ എന്ന അതിപ്രാകൃതമായി കിടക്കുന്ന രാജ്യം നല്‍കാമെന്നു പറയുന്നു. തന്റെ മക്കള്‍ നീച ബുദ്ധിയുള്ളവരാകയാല്‍ ഇവിടെ ജീവിക്കുന്നത്, നിങ്ങള്‍ക്ക് ആപത്തായിരിക്കുമെന്നും, ഹസ്തിനപുരം പാണ്ഡു അഭിവൃദ്ധിപ്പെടുത്തയപോലെ ഖാണ്ഡവപ്രസ്ഥം പാണ്ഡവര്‍ക്കും അഭിവൃദ്ധിപ്പെടുത്താനാകട്ടെ എന്ന് അനുഗ്രഹിക്കുന്നു..ഖാണ്ഡവപ്രസ്ഥത്തില്‍ ആയിരുന്നു പണ്ട് പുരൂരവസ്സ്, നഹുഷന്‍, യയാതി തുടങ്ങിയ മുത്തശ്ശന്മാര്‍ ഭരിച്ചിരുന്നതെന്നും. അത് പുനരുദ്ധീകരിച്ച് അവിടെ കൊട്ടാരം പണിഞ്ഞ് ജീവിക്കാനും‍ പറയുന്നു.

പാണ്ഡവര്‍ക്ക് തങ്ങള്‍ വീണ്ടും അന്യായത്തില്‍ പെട്ടിരിക്കയാണെന്നറിയാമായിരുന്നിട്ടും ആത്മസംയമനം പാലിച്ച്, വലിയച്ഛന്റെ നിര്‍ദ്ദേശം അനുസരിക്കുന്നു. ശ്രീകൃഷ്ണനും മറ്റു ദേവന്മാരും ഒക്കെ കയ്യഴിഞ്ഞ് സഹായിച്ച് അവര്‍ ഖാണ്ഡവപ്രസ്ഥത്തില്‍ വളരെ മനോഹരമായ കൊട്ടാരം പണിയുകയും കാടുവെട്ടിത്തെളിച്ച്, രാജ്യമാക്കി, പതിയെ അത് അഭിവൃദ്ധിപ്പെടുത്തി, അത് ഹസ്തിനപുരിയെക്കാളും പതിന്മടങ്ങ് ഐശ്വര്യവത്താക്കി, ഏകദേശം 30, 35 വര്‍ഷക്കാലം ഭരിച്ചു.. ഖാണ്ഡവപ്രസ്ഥത്തിനു ‘ഇന്ദ്രപ്രസ്ഥം’ എന്ന പേരും കൈവന്നു.

No comments:

Post a Comment