Friday, October 22, 2010

24. സാരംഗ പക്ഷികളുടെ കഥ

പാണ്ഡവര്‍ കാടുപോലെ കിടന്ന ഖാണ്ഡവപ്രസ്ഥം തെളിക്കാനായി തീവയ്ക്കുമ്പോ‍ള്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു സാരംഗപ്പക്ഷിയും അവളുടെ കുഞ്ഞുങ്ങളൂം ഉൾപ്പെടുന്നു. അവരുടെ കഥ രസകരമാണ്.

അവിടെ ഒരു കൂട്ടില്‍ ഒരു തള്ളക്കിളിയും അവളുടെ നാലുമക്കളും വസിച്ചിരുന്നു. തന്തക്കിളി മറ്റൊരു പെണ്‍കിളിയോടൊപ്പം വിളയാടിക്കളിച്ചുകൊണ്ട് വനത്തില്‍ മറ്റൊരിടത്ത് സുഖമായി വിലസുകയും!

കുട്ടികളെ തനിയെ വളര്‍ത്തി ജീവിച്ച പെണ്‍കിളി കാട്ടുതീ വന്നപ്പോള്‍ ആകെ ഭയന്നു. പറക്കമുറ്റാത്ത നാലുമക്കളെയും കൊണ്ട് ദൂരെയെങ്ങും പോകാനും ആവില്ല. തങ്ങളെ രക്ഷിക്കാനും ആരുമില്ലാതെ നിസ്സഹായയായി ഇരിക്കുമ്പോള്‍ സാരംഗകുഞ്ഞുങ്ങള്‍ പറയും

‘അമ്മേ, ഞങ്ങള്‍ കാട്ടുതീയില്‍ വെന്തുപോകുന്നെങ്കില്‍ അതാണ് വിധിയെന്ന് കരുതി സമാധാനിച്ചോളാം, അമ്മയെങ്കിലും പോയി രക്ഷപ്പെടൂ. അമ്മയ്ക്ക് മറ്റൊരു പക്ഷിയെ വിവാഹം കഴിച്ച് വംശം നിലനിര്‍ത്താന്‍ പറ്റുമല്ലൊ, പുതിയ മക്കളുണ്ടാകുമ്പോള്‍ ഞങ്ങളെ പറ്റിയുള്ള വിഷാദം തീര്‍ന്നുകിട്ടുകയും ചെയ്യും.’

അമ്മ പക്ഷിക്ക് ഇത് സ്വീകാര്യമായില്ല. അവള്‍ കുട്ടികളോട് താഴെയുള്ള എലിയുടെ മാളത്തില്‍ കയറി ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു

അപ്പോള്‍ കുട്ടികള്‍, ‘മാളത്തിനുള്ളിലെ എലികള്‍ തങ്ങളെ ഭക്ഷിക്കുന്നതിലും ഭേദം ഈ കാട്ടുതീയില്‍ വെന്തു മരിക്കുന്നതാണ് ’ എന്നും ‘അമ്മ പൊയ്ക്കോളൂ. തീയടങ്ങുമ്പോള്‍ അമ്മ തിരിച്ചു വന്നു നോക്കൂ..ഒരുപക്ഷെ, ഞങ്ങള്‍ രക്ഷപ്പെടുമെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാം’. എന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു.

ഒടുവില്‍ ഗത്യന്തരമില്ലാതെ കരഞ്ഞുവിളിച്ചും കൊണ്ട് അമ്മ പക്ഷി പറന്നകലുന്നു.

കുഞ്ഞുകിളികള്‍ അഗ്നിദേവനെ പ്രാര്‍ത്ഥിച്ച് പ്രീതിപ്പെടുത്തകയാല്‍ അഗ്നി അവരെ രക്ഷിക്കുന്നു.
കാട്ടുതീ അണയുമ്പോള്‍ അമ്മപ്പക്ഷി തിരിച്ചു വന്ന് അവര്‍ വീണ്ടും ഒരുമിക്കുന്നു.

അച്ഛന്‍ പക്ഷി കാട്ടില്‍ തീ വ്യാപിക്കുന്നത് കാണുമ്പോള്‍ തന്റെ പ്രിയതമയോട്, ‘ഞാന്‍ പോയി ഒന്നു നോക്കിയിട്ടു വരട്ടെ’ എന്നു പറയുമ്പോള്‍ അവള്‍ കുറ്റപ്പെടുത്തുന്നു.
‘നിങ്ങള്‍ക്ക് പഴയ ഭാര്യയെ കാണാനുള്ള തിടുക്കമാണ് . മക്കള്‍ക്ക് ആപത്തൊന്നും വരില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലൊ’ എന്ന്

ആണ്‍പക്ഷി, ‘നീ വിചാരിക്കുമ്പോലെ ഒന്നും അല്ല, എനിക്ക് മക്കള്‍ക്ക് ആപത്തൊന്നും പറ്റിയില്ല എന്നുറപ്പു വരുത്തണം അത്രമാത്രമേ ഉള്ളൂ’ എന്നും പറഞ്ഞ് പറന്നു ചെല്ലുന്നു.

പക്ഷെ, ഇതിനകം തിരിച്ചു കൂട്ടിലെത്തി മക്കളുമായി ഒത്തുചേര്‍ന്ന സന്തോഷത്തിലിരിക്കുന്ന അമ്മ പക്ഷി ആണ്‍പക്ഷിയെ കണ്ടതായിക്കൂടി നടിക്കാതെ മക്കളെ നോക്കി ഇരിക്കുന്നു. ഇതുകണ്ട സാരംഗ പക്ഷി, ‘എല്ലാ പെണ്ണുങ്ങളും തങ്ങള്‍ക്ക് മക്കളുണ്ടായി കഴിഞ്ഞാല്‍ പിന്നെ ഭര്‍ത്താവിനെ സ്നേഹിക്കാന്‍ കൂട്ടാക്കുന്നില്ല’ എന്നു പഴിപറഞ്ഞ് വീണ്ടും പറന്നകലുന്നു..

*
സാരംഗ പക്ഷികളുടെ പൂര്‍വ്വ കഥ:

പക്ഷികളും മാന്‍കളും ഒക്കെ സംസാരിക്കുന്ന കഥകള്‍ പുരാണങ്ങളില്‍ മിക്കയിടത്തും കാണാം
അതൊക്കെ കഴിഞ്ഞ ജന്മത്തില്‍ വല്ല മുനിമാരോ ഒക്കെ ആയി ശാപം കിട്ടിയ പക്ഷികളും മൃഗങ്ങളും ആണ്. അതുകൊണ്ടാണ് സംസാരിക്കാനാകുന്നത്.

ഈ സാരംഗപക്ഷിയും ‘മണ്ഡപാലന്‍’ എന്ന ഋഷിയായിരുന്നു. അദ്ദേഹം മരിച്ചു ചെല്ലുമ്പോള്‍ മക്കളില്ലാതെ മരിച്ചതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നിഷേധിക്കുന്നു. അങ്ങിനെ മുനി വീണ്ടും പക്ഷിയായി ജനിച്ച് നാലു മക്കള്‍ക്ക് ജന്മം നല്‍കിയതാണ്. അവരെ അഗ്നിദേവന്‍ രക്ഷിക്കും എന്നും മുനിക്കറിയാം. ഋഷിയുടെ മക്കളായതിനാലാണ് ആ സാരംഗപക്ഷികള്‍ക്ക് അമ്മയെ സമാധാനിപ്പിക്കാനും മറ്റും സാധിച്ചതും.

മണ്ഡപാലന്‌ ‘ജരിത’ എന്ന പക്ഷിയില്‍ നാലു മക്കള്‍ ഉണ്ടായ ശേഷം അവളെ ഉപേക്ഷിച്ച് ലപിതയുടെ കൂടെ ജീവിച്ചുവരവെയായിരുന്നു കാട്ടുതീ ഉണ്ടാകുന്നത്.

Sunday, October 10, 2010

22. സുഭദ്രാപഹരണം

അര്‍ജ്ജുനന്റെ ഒരുവര്‍ഷ വനവാസകാലം അവസാനിക്കാറാകുമ്പോള്‍ ഒരിക്കല്‍ അര്‍ജ്ജുനന് ശ്രീകൃഷ്ണ സഹോദരി സുഭദ്രയെ പറ്റി അറിയുന്നു.(സുഭദ്ര കുന്തിയുടേ സഹോദരനായ വസുദേവരുടെ പുതിയാകയാല്‍ അര്‍ജ്ജുനന്റെ മുറപ്പെണ്ണുമാണ്) അവളുടെ സൌന്ദര്യത്തില്‍ മോഹിതനായി അവളെ വരിക്കണം എന്ന ആഗ്രഹം ജനിക്കയാല്‍ ഒരു പേരാല്‍ വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ശ്രീകൃഷ്നെ ധ്യാനിക്കാന്‍ തുടങ്ങി.

സത്യഭാമയോടൊപ്പം അവിടെ ചെല്ലുന്ന ശ്രീകൃഷ്ണന് കപടസന്യാസിയെപ്പോലിരുന്ന് തന്നെ ധ്യാനിക്കുന്ന അര്‍ജ്ജുനനെ കണ്ട് ചിരിവരുന്നു. സത്യഭാ‍മ കാരണം ആരായുമ്പോള്‍ അര്‍ജ്ജുനന് തന്റെ സഹോദരി സുഭദ്രയെ വേള്‍ക്കാനായാണ് ഈ ധ്യാനം എന്നുപറഞ്ഞ് കളിയാക്കുന്നു.
ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ എണീപ്പിച്ച് ആശ്ലേഷിക്കുന്നു.

തുടര്‍ന്ന് അര്‍ജ്ജുനനും ശ്രീകൃഷ്ണനും രൈവതക പര്‍വ്വതത്തിലേക്ക് പോകുന്നു.

രൈവതക പര്‍വ്വതത്തില്‍ യാദവരുടെ ഒരു ഉത്സവം നടക്കുമ്പോള്‍ അവിടെ വച്ച് അര്‍ജ്ജുനന്‍ സുഭദ്രയെ നേരില്‍ കാണുന്നു. അര്‍ജ്ജുനനു സുഭദ്രയോടുള്ള അനുരാഗം വര്‍ദ്ധിക്കുന്നു. സുഭദ്ര പോയശേഷം അര്‍ജ്ജുനന്‍ വിഷാദവാനായി ഒരിടത്തിരിക്കുമ്പോള്‍ കൃതവര്‍മ്മാവ് ബലന്‍ തുടങ്ങിയ യാദവ വീരന്മാര്‍ അതുവഴി വരുന്നു. അവര്‍ വിഷാദവാനായി ഇരിക്കുന്ന ആ സന്യസിയോട് കുശലപ്രശനം ഒക്കെ നടത്തി, ചങ്ങാത്തം സഥാപിച്ച്, ഒടുവില്‍ അര്‍ജ്ജുനനെ ബലഭദ്രന്റെ അനുമതിയോടെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പോകുന്നു.

അവിടെ സുഭദ്രയുടെ ഗൃഹത്തിനടുത്ത് ഒരു ആരാമത്തില്‍ അദ്ദേഹത്തിനു താമസിക്കാന്‍ തക്ക സംവിധാനങ്ങള്‍ ചെയ്തുകൊടുക്കുന്നു. ശ്രീകൃഷ്ണന്‍ ഒന്നും അറിയാത്തപോലെ ആരോഗ്യവാനും സുന്ദരനും ആയ ഒരു സന്യാസിയെ സുഭദ്രാഗ്രഹത്തിനടുത്ത് താമസിപ്പിക്കുന്നതില ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ബലരാമനും മറ്റും സന്യാസിയില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. അവര്‍ സുഭദ്രയെ സന്യാസിയെ സല്‍ക്കരിക്കാന്‍ ഏര്‍പ്പാടാക്കുക കൂടി ചെയ്തു.

അര്‍ജ്ജുനനു ഇതില്‍പ്പരം ആനന്ദം ഇനി ഉണ്ടാവാനില്ല. സുഭദ്രയെ ദിനം തോറും കാണുമ്പോള്‍ അര്‍ജ്ജുനന്‌ അവളുടെ മേല്‍ അനുരാഗം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു.അര്‍ജ്ജുനന്റെ രൂപസാദൃശ്യം ഉള്ള ആ സന്യാസിയോട് സുഭദ്രയ്ക്കും ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അവള്‍ അര്‍ജ്ജുനനെ പറ്റി സന്യാസിയോട് ചോദിക്കുകയും സന്യാസി അര്‍ജ്ജുന കഥകള്‍ അവളെ പറഞ്ഞുകേള്‍പ്പിക്കയും ചെയ്ത് അവളില്‍ അര്‍ജ്ജുനനോട് അനുരാഗം വളര്‍ത്തി. ഒടുവില്‍ തന്നില്‍ സുഭദ്രയ്ക്ക് ദൃഢാനുരാഗം ഉറപ്പായപ്പോള്‍ അര്‍ജ്ജുനന്‍ സ്വയം ആരാനെന്ന് വെളിപ്പെടുത്തി. സുഭദ്ര നാണിച്ചു നിന്നു.

ശ്രീകൃഷ്ണന്‍ സുഭദ്രാവിശേഷങ്ങളെല്ലാം ദിവ്യദൃഷ്ടിയാല്‍ അറിയുന്നുണ്ടായിരുന്നു. ബലരാമന് സുഭദ്രയെ തന്റെ ശിഷ്യനായ ദുര്യോദനനു വിവാഹം ചെയ്തു കൊടുക്കുവാനായിരുന്നു താല്പര്യം. അതിനാല്‍ അര്‍ജ്ജുനന് നേരാം വണ്ണം അവളെ വിവാഹം കഴിക്കാനാവില്ലെന്നറിയാമായിരുന്നു ശ്രീകൃഷ്ണന്‍ വേണ്ട ഒത്താശകള്‍ ചെയ്യുന്നു.

ശ്രീകൃഷ്ണന്‍ തന്നെ മുപ്പത്തിലാലും ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മാരോത്സവം സംഘടിപ്പിക്കുന്നു. ഇതിനകം സുഭദ്ര സന്യാസിയെപ്പറ്റി ശ്രീകൃഷ്നോട് സംശയം പറയുമ്പോള്‍, അവളുടെ ഇഷ്ടപ്രകാരം ചെയ്യാന്‍ അനുമതി നല്‍കി ശ്രീകൃഷ്ണനും മറ്റു യാദവപ്രമുഖരെല്ലാവരും മാരോത്സവത്തില്‍ പങ്കെടുക്കാനായി പോകയും ചെയ്യുന്നു.

ഈ സമയം അര്‍ജ്ജുനന്‍ സുഭദ്രയെ ഗാന്ധര്‍വ്വവിവാഹം ചെയ്യുന്നു. സകല മഹര്‍ഷി ശ്രേഷ്ഠന്മാരും ദേവേന്ദ്രനും അവിടെ വിവാഹത്തില്‍ സന്നിഹിതരായി. വിവാഹം കഴിഞ്ഞ് ഇരുപത്തി രണ്ടാം ദിവസം ഒരു ബ്രാഹ്മണ ഭോജനം വേണമെന്ന് അര്‍ജ്ജുനന്‍ തീരുമാനിച്ചു.
വ്രതസമാപ്തിക്ക് പോകാനായി ഉഗ്രസേനന്‍ രഥവും കൊണ്ട് വരുമ്പോള്‍ അര്‍ജ്ജുനന്‍ തന്നെ തേര്‍തെളിച്ച്, സുഭദ്രയെയും കൊണ്ട് പോകുന്നു. തടുത്തു നിര്‍ത്തിയവരോട് അര്‍ജ്ജുനന്‍ നേരിടുമ്പോള്‍ സുഭദ്ര തേര്‍ തെളിക്കുന്നു. അര്‍ജ്ജുനന്‍ സുഭദ്രയെ തട്ടിക്കൊണ്ടു പോയതല്ല എന്നു വരുത്താനായി ശ്രീകൃഷ്ണന്‍ പറഞ്ഞപ്രകാരമാണ് സുഭദ്രയെക്കൊണ്ട് തേര്‍ തെളിക്കുന്നത്.

ഇന്ദ്രപ്രസ്ഥം എത്താറാകുമ്പോള്‍ അര്‍ജ്ജുനന്‍ സുഭദ്രയോട് ഒരു ഗോപികയുടെ വേഷം ധരിക്കാന്‍ ആവശ്യപ്പെടുന്നു. കൊട്ടാരത്തിലെത്തിയപ്പോള്‍ ശ്രീകൃഷ്ണ സഹോദരിയെ കണ്ട് കുന്തിയും പാഞ്ചാലിയും സന്തോഷിക്കുന്നു.

ശ്രീകൃഷ്ണന്റെ സഹോദരിയായതിനാല്‍ സുഭദ്രയെ അര്‍ജ്ജുനന്‍ വിവാഹം ചെയ്തു കൊണ്ടുവന്നപ്പോള്‍ പാഞ്ചാലിയ്ക്ക് വിഷമം അധികം തോന്നിയില്ല.

Tuesday, October 5, 2010

21. അര്‍ജ്ജുനന്റെ സന്യാസവും തീര്‍ത്ഥയാത്രയും

ഒരിക്കല്‍ തന്റെ പശുക്കളെ ആരോ മോഷടിച്ചുകൊണ്ടുപോയെന്നും എങ്ങിനെയും രക്ഷിച്ചു തരണമെന്നു അപേക്ഷിച്ച് ഒരു ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ അടുക്കല്‍ ചെന്ന് അപേക്ഷിക്കുന്നു.

അര്‍ജ്ജുനന് തന്റെ ആയുധം എടുക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ധര്‍മ്മപുത്രറും പാഞ്ചാലിയും എകാന്തതില്‍ ഇരിക്കയായിരുന്നു. പാഞ്ചാലി ഓരോ വര്‍ഷവും ഓരോ പാണ്ഡവരുടെ പത്നിയാണ്, അപ്പോള്‍ മറ്റു നാലുപേരും സഹോദരീഭാവത്തിലേ ഇടപെടാവൂ. അപ്പോള്‍ അവരുടെ സ്വകാര്യതയില്‍ മറ്റൊരാള്‍ കടന്നു ചെന്നാല്‍ അവര്‍ ഒരു വര്‍ഷം വനവാസം ചെയ്യണം എന്നായിരുന്നു കരാര്‍ . കരാറുപ്രകാരം ആ വര്‍ഷം പാഞ്ചാലി ധര്‍മ്മപുത്രരുടെ ഭാര്യയും ആയിരുന്നു.

അര്‍ജ്ജുനന് ആയുധം എടുക്കാതെ നിര്‍വാഹമില്ലാഞ്ഞതിനാല്‍ പെട്ടെന്ന് പോയി ആയുധവും എടുത്ത് ചെന്ന് ബ്രാഹ്മണന്റെ പശുക്കളെ കൊള്ളക്കാരില്‍ നിന്നും രക്ഷിച്ച് കൊണ്ടു കൊടുക്കുന്നു.

എന്നാല്‍ താന്‍ പ്രതിഞ്ജ ലംഘിച്ച കുറ്റബോധത്താല്‍ ഒരു വര്‍ഷത്തെ വനവാസത്തിനു തയ്യാറാകുന്നു. പാഞ്ചാലിക്ക് ഇത് വളരെ വിഷമമുണ്ടാക്കുന്നു.

അര്‍ജ്ജുനന് ഈ വനവാസകാലത്ത് ഗംഗാദ്വാരത്തില്‍ വച്ച് ഉലൂപി എന്ന സ്ത്രീയെ സന്ധിക്കുകയും അവളില്‍ ‍ ഇരാവാന്‍ എന്ന ഒരു പുത്രനുണ്ടാകുന്നു.

പിന്നീട് അര്‍ജ്ജുനന്‍ ഹിമാലയം , ഹരിദ്വാര്‍, അഗസ്ഥ്യാശ്രമം, വിന്ധുസരസ്സ്, നൈമിശികാരണ്യം കലിംഗം തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശ്ശിക്കുന്നു.മണലൂര എന്ന നഗരത്തിലെ ചിത്രവാഹന രാജാവിന്റെ മകള്‍ ചിതാംഗദയെ വേള്‍ക്കുന്നു. ചിതാംഗദയില്‍ അര്‍ജ്ജുനന്‌ ബ്രഭുവാഹനന്‍ എന്ന മകന്‍ ജനിക്കുന്നു.

ഈ വനവാസകാലത്താണ് അര്‍ജ്ജുനന്‍ സുഭദ്രയെയും വരിക്കുന്നത്..
അത് അടുത്തതില്‍..

Saturday, October 2, 2010

20. സുന്ദോപസുന്ദന്മാരും തിലോത്തമയും

പാണ്ഡവര്‍ പാഞ്ചാലിയും അമ്മയും ഒത്ത് ഇന്ദ്രപ്രസ്ഥത്തില്‍ വാഴാന്‍ തുടങ്ങുമ്പോള്‍ നാരദമഹര്‍ഷി അവിടെ എത്തി, പാഞ്ചാലി മൂലം അഞ്ചുപേരും പിണങ്ങാനിടവരരുതെന്ന കാരണത്താല്‍ ഒരു നിബന്ധന വയ്ക്കുന്നു.. ഓരോ വര്‍ഷവും പാഞ്ചാലി ഓരോരുത്തരുടെ ഭാര്യയായി ജീവിക്കണം. ആ സമയം മറ്റാരും പാഞ്ചാലിയെ ഭാര്യയെന്ന ഭാവേന സമീപിക്കരുതെന്നു, അവരുടെ സ്വകാര്യതയില്‍
ഒരു കാരണവശാലും ചെല്ലരുതെന്നുമായിരുന്നു നിബന്ധന.


ഈ നിബന്ധന പാലിച്ചില്ലെങ്കില്‍ പണ്ട് സുന്ദോപസുധരന്മാര്‍ തിലോത്തമ എന്ന അപ്സര സ്ത്രീ കാരണം നാശമുണ്ടായപോലെ പാണ്ഡവര്‍ക്കും നാശമുണ്ടാകുമെന്നു നാരദന്‍ ഓര്‍മ്മപ്പെടുത്തി,
അവിടെ വച്ച് പാണ്ഡവരോടെ സുന്ദോപസുന്ദരന്മാരുടെ കഥ വിവരിക്കുന്നു..
ഹിരണ്യകശിപുവിന്റെ വശത്തില്‍ നികുംഭന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളാണ് സുന്ദോപസുന്ദന്മാര്‍. അവര്‍ക്ക് തമ്മില്‍ വളരെ മൈത്രിയായിരുന്നു. എന്തു ചെയ്തിരുന്നതും ഒരുമിച്ചുമായിരുന്നു. അവര്‍ക്ക് ത്രിലോകങ്ങളും ജയിക്കണം എന്ന ആഗ്രഹം വന്നു. അവര്‍ കഠിനമായി തപസ്സു ചെയ്യത് ബ്രഹമാവിന്റെ പ്രത്യക്ഷപ്പെടുത്തി, വരം ചോദിച്ചു. തങ്ങളെ മറ്റാരും കൊല്ലാരുത് എന്ന വരമായിരുന്നു ചോദിച്ചത്. ബ്രഹ്മാവ് മറ്റു നിര്‍വ്വാഹമില്ലാതെ അവര്‍ക്ക് വരം കൊടുത്തു.

സുന്ദോപസുന്ദന്മാര്‍ സ്വര്‍ല്ലോകത്തു ചെന്നു ഇന്ദ്രനെയും കൂട്ടരെയും ജയിച്ചു, ഇന്ദ്രന്‍ ബ്രഹ്മലോകത്ത് ചെന്ന് അഭയം പ്രാപിച്ചു, പിന്നീട് പാതാളയും ഭൂമിയും കയ്യടക്കി. അവര്‍ ദേവസുന്ദരികളെ സ്വന്തമാക്കാനും മഹര്‍ഷിമാരെ കൊല്ലാനും അങ്ങിനെ ആരെയും ഭയമില്ലാതെ അക്രമങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ദേവകളെല്ലാവരും കൂടി ഭയന്ന് ഭ്രഹ്മാവിനെ അഭയം പ്രാപിച്ചു. അദ്ദേഹം വിശ്വക്ര്മ്മാവിനോട് മനോഹരമായ ഒരു സ്ത്രീയെ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു, വിശ്വകര്‍മ്മാവ് ഏറ്റവും മനോഹരമായ വസ്തുക്കളില്‍ നിന്നും ഓരോ തിലം വീതം എടുത്ത് ഏറ്റവും മനോഹരിയായ ഒരു സ്ത്രീയെ നിര്‍മ്മിച്ചു. അതാണ് തിലോത്തമ.

ബ്രഹ്മാവ് തിലോത്തമയോട് സുന്ദോപസുന്ദന്മാരെ പിണക്കി പരസ്പരം വൈരമുണ്ടാക്കാനായി നിര്‍ദ്ദേശിക്കുന്നു. തിലോത്തമ സുന്ദോപസുന്ദന്മാരുടെ അരികില്‍ എത്തുമ്പോള്‍ അവളുടെ അസാമാന്യ സൌന്ദര്യം കണ്ട് മതിമറന്ന് സുന്ദര്‍ അവളുടെ വലതു കൈ ഗ്രഹിക്കുന്നു. ഉപസുന്ദന്‍ ഇടതുകൈയ്യും.
സുന്ദന്‍ പറഞ്ഞു, ഇവള്‍ എന്റെ ഭാര്യയാണ് നിനക്ക് ഇവള്‍ ഗുരുപത്നിയാണ്, മാറിപ്പോവുക എന്ന്
പക്ഷെ ഉപസുന്ദന്‍ തിലോത്തമ തന്റെ ഭാര്യയാണെന്നു പറയുന്നു.
ഇങ്ങിനെ അവര്‍ തമ്മില്‍ തര്‍ക്കമായി, വാഗ്വാദം മൂത്ത്, പരസ്പരം വൈരമായി, ഒടുവില്‍ ഗദയെടുത്ത് അന്യോന്യം യുദ്ധം ചെയ്യുന്നു. ഒടുവില്‍ രണ്ടുപേരും ചത്തുവീഴുന്നു.

അന്യോന്യമല്ലാതെ മറ്റാര്‍ക്കും അവരെ കൊല്ലാന്‍ സാധ്യമല്ലായിരുന്നല്ലൊ, അതുകൊണ്ട് അവരെ തമ്മില്‍ പിണക്കി പര്‍സ്പരം കൊല്ലിക്കാനായിരുന്നു ബ്രഹ്മാവ് തിലോത്തമയെ അയച്ചത്.

കാര്യം സാധിച്ച് തിലോത്തമ സന്തോഷത്തോടെ ബ്രഹ്മാവിന്റെ അരികില്‍ തിരിച്ചെത്തുന്നു.

അതുപോലെ ഒരിക്കലും പാണ്ഡവര്‍ തമ്മില്‍ അങ്ങിനെ ഒരു കലഹം ഉണ്ടാകാതിരിക്കാനാണ് നാരദമഹര്‍ഷി ഒരു വര്‍ഷം ഒരാളുടെ ഭാര്യമാത്രമായിരിക്കാന്‍ പാഞ്ചാലിയോട് നിര്‍ദ്ദേശിക്കുന്നത്.

Tuesday, September 28, 2010

19. ഇന്ദ്രപ്രസ്ഥം

പാഞ്ചാലീ സ്വയം വരം കഴിയുമ്പോള്‍ എല്ലാവരും പാഞ്ചാലിയെ വിവാഹം ചെയ്തത് ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ഡവരാണെന്ന് അറിയുന്നു. കൌരവര്‍ക്ക് ഇത് വലിയ അപമാനമായി തോന്നുന്നു. പാണ്ഡവരുടെ വനവാസകാലം അവസാനിക്കാറായതിനാല്‍ അവര്‍ തിരിച്ചുവന്ന് പാതിരാജ്യം ആവശ്യപ്പെടുമെന്ന് ഭയന്ന് ദുര്യോദനന്‍ ധര്‍മ്മപുത്രരോടും കര്‍ണ്ണനോടും ശകുനിയോടുമൊപ്പം പല കുതന്ത്രങ്ങളും ആലോചിക്കുന്നു. പക്ഷെ, പാണ്ഡവര്‍ വലിയ ബുദ്ധിമാന്മാരാണെന്നും അവരെ ചതിയില്‍ പെടുത്തുന്നത് ആപത്താണെന്നും പറഞ്ഞ് കര്‍ണ്ണന്‍ അവരെ വിലക്കുന്നു.

ധൃതരാഷ്ട്രര്‍ വിദുരരോടും ഭീഷ്മരോടും ദ്രോണരോടും ഒക്കെ പാണ്ഡവരുടെ തിരിച്ചുവരവിനെ പറ്റി പറയുമ്പോള്‍, അവര്‍ സന്തോഷത്തോടെ പാണ്ഡവര്‍ക്ക് പാതിരാജ്യം കൊടുത്ത് ആദരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ദുര്യോദനനു ഇത് വളരെ നീരസമുണ്ടാക്കുന്നെങ്കിലും മറ്റുവഴിയൊന്നും കാണായ്കയാല്‍ ധൃതരാഷ്ട്രര്‍‍ പാണ്ഡവര്‍ക്ക് ‘ഖാണ്ഡവപ്രസ്ഥം’ എന്ന അതിപ്രാകൃതമായി കിടക്കുന്ന രാജ്യം നല്‍കാമെന്നു പറയുന്നു. തന്റെ മക്കള്‍ നീച ബുദ്ധിയുള്ളവരാകയാല്‍ ഇവിടെ ജീവിക്കുന്നത്, നിങ്ങള്‍ക്ക് ആപത്തായിരിക്കുമെന്നും, ഹസ്തിനപുരം പാണ്ഡു അഭിവൃദ്ധിപ്പെടുത്തയപോലെ ഖാണ്ഡവപ്രസ്ഥം പാണ്ഡവര്‍ക്കും അഭിവൃദ്ധിപ്പെടുത്താനാകട്ടെ എന്ന് അനുഗ്രഹിക്കുന്നു..ഖാണ്ഡവപ്രസ്ഥത്തില്‍ ആയിരുന്നു പണ്ട് പുരൂരവസ്സ്, നഹുഷന്‍, യയാതി തുടങ്ങിയ മുത്തശ്ശന്മാര്‍ ഭരിച്ചിരുന്നതെന്നും. അത് പുനരുദ്ധീകരിച്ച് അവിടെ കൊട്ടാരം പണിഞ്ഞ് ജീവിക്കാനും‍ പറയുന്നു.

പാണ്ഡവര്‍ക്ക് തങ്ങള്‍ വീണ്ടും അന്യായത്തില്‍ പെട്ടിരിക്കയാണെന്നറിയാമായിരുന്നിട്ടും ആത്മസംയമനം പാലിച്ച്, വലിയച്ഛന്റെ നിര്‍ദ്ദേശം അനുസരിക്കുന്നു. ശ്രീകൃഷ്ണനും മറ്റു ദേവന്മാരും ഒക്കെ കയ്യഴിഞ്ഞ് സഹായിച്ച് അവര്‍ ഖാണ്ഡവപ്രസ്ഥത്തില്‍ വളരെ മനോഹരമായ കൊട്ടാരം പണിയുകയും കാടുവെട്ടിത്തെളിച്ച്, രാജ്യമാക്കി, പതിയെ അത് അഭിവൃദ്ധിപ്പെടുത്തി, അത് ഹസ്തിനപുരിയെക്കാളും പതിന്മടങ്ങ് ഐശ്വര്യവത്താക്കി, ഏകദേശം 30, 35 വര്‍ഷക്കാലം ഭരിച്ചു.. ഖാണ്ഡവപ്രസ്ഥത്തിനു ‘ഇന്ദ്രപ്രസ്ഥം’ എന്ന പേരും കൈവന്നു.

Monday, September 27, 2010

18. പാഞ്ചാലിയുടെ പൂര്‍വ്വകഥ

പാണ്ഡവർ പാഞ്ചാലിയോടൊപ്പം ദ്രുപദരാജാവിനെ സന്ദർശ്ശിക്കാൻ ചെല്ലുമ്പോൾ, തന്റെ മകൾ അഞ്ചുപേരെ വേള്‍ക്കുന്നതില്‍ മനം നൊന്തു നില്‍ക്കുന്ന ദ്രുപദരാജാവിനെ അപ്പോൾ അവിടെ എത്തുന്ന വേദവ്യാസമഹര്‍ഷി, ‘പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി’ എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു.

പാഞ്ചാലി പൂര്‍വ്വ ജന്മത്തില്‍ മൌല്‍ഗല്യന്‍ എന്ന മഹര്‍ഷിയുടെ പത്നി നാളായണിയായിരുന്നു. കോപിഷ്ഠനും കുഷ്ഠരോഗിയുമായ മൌല്‍ഗല്യനെ പാതിവ്രത്യ നിഷ്ഠയോടെ ശുശ്രൂഷിച്ചു. ഒരിക്കല്‍ മൌല്‍ഗല്യന്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു വിരല്‍ അടര്‍ന്ന് ഭക്ഷണത്തില്‍ വീണു, എന്നിട്ടും ആ വിരല്‍ മാറ്റിവച്ച്, നാളായണി അദ്ദേഹത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിച്ചു.

ഇതു കണ്ട് മനം തെളിഞ്ഞ മഹര്‍ഷി, എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളുവാന്‍ നാളായണിയോടാവശ്യപ്പെടുന്നു. 'അദ്ദേഹം തന്നെ പഞ്ചശരീരനായി വന്ന്‌ തന്നെ രമിപ്പിക്കണം' എന്നായിരുന്നു അവള്‍ ചോദിച്ച വരം. അതനുസരിച്ച് മൌല്‍ഗല്യന്‍ മനോഹരമായ അഞ്ചു ശരീരങ്ങളിലൂടെ നളായണിയെ രമിപ്പിച്ചു. മൌല്‍ഗല്യന്‍ അദ്രിയായപ്പോള്‍ നാളായണി നദിയായി.
മൌല്‍ഗല്യന്‍ മരമായപ്പോള്‍ നാളായണീ ലതയായി പടര്‍ന്നു കയറി. അങ്ങിനെ ഓരോരോ രൂപമെടുത്ത് അവര്‍ രമിച്ചു. പക്ഷെ എന്നിട്ടും നാളായണിക്ക് മതിയായില്ല. മൌല്‍ഗല്യനാണെങ്കില്‍ നാളായണിയുടെ ഈ അമിതാസക്തി തന്റെ തപസ്സ് തുടരുന്നതിന്‍ വിഘ്നമായി തോന്നിത്തുടങ്ങി. അങ്ങിനെ അവളില്‍ നീരസം തോന്നിയ മുനി, നാളായണിയെ ‘അടുത്തജന്മം പാഞ്ചാലരാജാവിന്റെ പുത്രിയായി, അഞ്ചുഭര്‍ത്താക്കന്മാരെ വരിക്കാനിടവരട്ടെ’ എന്നു ശപിച്ചു.

അഞ്ചു ഭര്‍ത്താക്കന്മാരുടെ ഭാര്യയാകുന്നത് അപമാനിതയാകുമെന്ന് ദുഃഖിച്ച് നാളായണി ശിവനെ തപസ്സുചെയ്തു. ശിവന്‍ പ്രത്യക്ഷപ്പെട്ട് അവള്‍ക്ക് 'അഞ്ച് ഭര്‍ത്താക്കന്മാരുണ്ടാകട്ടെ' എന്നുതന്നെ എന്നനുഗ്രഹിച്ചു!

നാളായണി കരഞ്ഞുകൊണ്ട്, ‘ഒരു സ്ത്രീക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടാകുന്നത് അപമാനമല്ലെ?’ എന്നു ശിവനോട് ചോദിച്ചപ്പോള്‍, ‘ഞാന്‍ പ്രത്യക്ഷപ്പെട്ട് എന്തു വരം വേണം എന്നു ചോദിക്കുമ്പോള്‍ എന്നെ കണ്ട് പരിഭ്രമിച്ച്, ‘എനിക്ക് ഭര്‍ത്താവിനെ തരൂ’ എന്ന് അഞ്ചുപ്രാവശ്യം നീ ആവര്‍ത്തിച്ചു. അതുകൊണ്ടാണ് അങ്ങിനെ അനുഗ്രഹിക്കേണ്ടിവന്നതെന്നും, നാളായണിക്ക് അതുകൊണ്ട് അപമാനം ഒന്നും സംഭവിക്കില്ലെന്നും ഉറപ്പുനല്‍കി.

എന്നിട്ടും വിശ്വാസം വരാതെ നാളായണി ചോദിക്കുന്നു, ‘വേദങ്ങളിലൊന്നും ഇങ്ങിനെ ഒന്നു പറഞ്ഞിട്ടില്ലല്ലൊ, പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകാം എന്നാല്‍ സ്ത്രീക്ക് ഒന്നില്‍ക്കൂടുതല്‍ ഭര്‍ത്താക്കന്മാരായാല്‍ അവള്‍ അധമയാകും’എന്നാണല്ലൊ’; നാളായണി തുടര്‍ന്നു, ‘ദേവവിധിപ്രകാരം പുത്രനുണ്ടാകാന്‍ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു പുരുഷനില്‍ നിന്ന് പുത്രനെ സ്വീകരിച്ചാല്‍ പോലും പ്രായശ്ചിത്തം ചെയ്യണം എന്നാണ്, പുത്രലബ്ദിക്കായി പോലും, ഒന്നും രണ്ടും മൂന്നും അനുവദ്യമാണ് എന്നാല്‍ നാലാമതായാല്‍ പതിതയും അഞ്ചാമതായാല്‍ വന്ധകിയും ആകും എന്നല്ലെ?’

‘ഞാന്‍ ഭര്‍ത്തൃശുശ്രൂക്ഷകൊണ്ട് സിദ്ധിപ്രാപിച്ചവളാണ് അതുകൊണ്ട്, എനിക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടായാലും ആ സിദ്ധി കൈവിടരുത്’ എന്ന് നാളായണി അഭ്യര്‍ത്ഥിക്കുന്നു..

പരമശിവന്‍ നാളായണീയോട് ‘അത് കിട്ടാന്‍ ദുര്‍ലഭമാണെങ്കിലും നിനക്ക് അത് ലഭ്യമാകും’ എന്നും ‘ഗംഗാജലത്തില്‍ പോയി നില്‍ക്കുമ്പോള്‍ അവിടെ ഒരു പുരുഷനെ കാണാന്‍ സാധിക്കും, അത് ദേവേന്ദ്രനാണെന്നും, ആ പുരുഷനെ വിളിച്ചുകൊണ്ടുവരിക’എന്നും‍ നിര്‍ദ്ദേശിക്കുന്നു.

ദേവേന്ദ്രന്‍ അഞ്ചുരൂപമെടുത്ത് പഞ്ചപാണ്ഡവന്മാരായി നാളായണിയെ (പാഞ്ചാലിയെ) വേള്‍ക്കുന്ന കഥ:

നൈമിശികാരണ്യത്തില്‍ ദേവകളെല്ലാം ഒരു യാഗം ആരംഭിച്ചു. വൈവസ്വതന്‍ (ധര്‍മ്മരാ‍ജന്‍?) ഭാര്യയോടൊപ്പം യാഗവും ദീക്ഷിച്ചിരുന്നു. ഭൂമിയില്‍ രോഗവും മരണവും ഒന്നും ഇല്ലാതായി. മനുഷ്യര്‍ പെറ്റുപെരുകി.. ദേവന്മാര്‍ ബ്രഹ്മാവിന്റെ അടുക്കല്‍ പരാതിയുമായി ചെല്ലുമ്പോള്‍ , ദേവന്മാരോട് കാലന്റെ അംശമായി ഭൂമിയില്‍ ജനിച്ച് മനുഷ്യരെ കൊന്നൊടുക്കാന്‍ അനുമതി നല്‍കുന്നു.

ദേവന്മാർ ഗംഗയില്‍ വസിക്കുമ്പോള്‍ ഒരു സ്വര്‍ണ്ണത്താമര കാണുന്നു. ദേവേന്ദ്രൻ അതിന്റെ ഉത്ഭവ അന്വേക്ഷിച്ച് ചെല്ലുമ്പോൾ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ഒരു കന്യകയെ കാണുന്നു (നാളായണി!. പരമശിവന്റെ നിര്‍ദ്ദേശപ്രകാരം ഗംഗയില്‍ ചെന്നതാണ്) നാളായണിയുടെ കണ്ണീർ വീണാണ്‌ ആ സ്വർണ്ണത്താമര ഉണ്ടായത്! ഇന്ദ്രൻ നാളായണിയോട് കാരണം ആരായുമ്പോൾ ‘തന്റെ കൂടെ വന്നാൽ എല്ലാം അറിയാനാകും’ എന്നു പറയുന്നു. നാളായണിയെ അനുഗമിച്ച് ചെല്ലുന്ന ഇന്ദ്രൻ സുന്ദരനായ ഒരു പുരുഷനും സ്ത്രീയും ചൂതുകളിച്ചുകൊണ്ടിരിക്കുന്നത് കാണാനിടയാകുന്നു. തന്നെ കണ്ട് അവര്‍ എഴുന്നേല്‍ക്കാത്തതില്‍ ഇന്ദ്രനു കോപം വന്നു. ശിവനാണതെന്നറിഞ്ഞ് ഇന്ദ്രന്‍ ശിവന്റെ കാല്‍ക്കല്‍ വീഴുന്നു.

ശിവന്‍ ഇന്ദ്രനോട് പര്‍വ്വത ശ്രേഷ്ടനെ കാണാന്‍ പറയുകയും അവിടെ നിന്നെപ്പോലെ നാലുപേരും കൂടിയുണ്ടാവും എന്നുപറഞ്ഞയക്കുന്നു. പര്‍വ്വതശ്രേഷ്ടന്റെ അരികില്‍ നാലു ഇന്ദ്രന്മാര്‍ നില്‍ക്കുന്ന കണ്ട്, താനും ഇവരെപ്പോലെ ആകുമല്ലൊ എന്നു ദുഃഖിച്ചുനില്‍ക്കുന്ന ഇന്ദ്രനോട് 'വിഷമിക്കേണ്ട, നിങ്ങള്‍ അഞ്ചുപേരും ഒരമ്മയുടെ മക്കളായി ജനിക്കും നിങ്ങള്‍‌ക്കഞ്ചുപേര്‍ക്കും കൂടി ഇവള്‍ (നാളായണി) ഭാര്യയായി തീരും, നിങ്ങള്‍ ദുഷ്ടരെ കൊന്ന് ഭൂമിയെ രക്ഷിക്കാനും ധര്‍മ്മം പുനഃസ്ഥാപിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട്.'

അപ്പോള്‍ പഞ്ചേന്ദ്രന്മാര്‍, തങ്ങള്‍ക്ക് കൂട്ടായി ധര്‍‌മ്മദേവനും (ധര്‍മ്മപുത്രര്‍) മാരുതനും(ഭീമന്‍) ഇന്ദ്രനും (അര്‍ജ്ജുനന്‍) ഒക്കെ കൂടണം എന്നുപറയുന്നു.

മഹാവിഷ്ണു തന്റെ ശിരസ്സില്‍ നിന്നും രണ്ട് രോമം പിഴുതെടുക്കുന്നു ഒന്നു വെളിത്തതും ഒന്ന് കറുത്തതും
ഇവ(?) രോഹിണിയും ദേവകിയുമായും, വെളുത്ത രോമം ബലരാമനും കറുത്ത രോമം ശ്രീകൃഷ്ണനായും ജനിക്കും എന്നും അരുളിച്ചെയ്യുന്നു. പാഞ്ചാലി (നാളായണി) ലക്ഷ്മീദേവിയുടെ അംശമായും തീരും എന്നും പറയുന്നു.

ഈ കഥ വ്യാസന്‍ ദ്രുപദരാജാവിനു പറഞ്ഞുകൊടുത്തതാണല്ലൊ, ഇത്രയും പറഞ്ഞ് ഇതെല്ലാം നേരില്‍ കാണാനായുള്ള ദിവ്യ ചക്ഷുസ്സും അദ്ദേഹം ദ്രുപദനു നല്‍കുന്നു. എല്ലാം അറിയുമ്പോള്‍ തന്റെ പുത്രി അഞ്ചുപേരെ വേള്‍ക്കുന്നതില്‍ അദ്ദേഹത്തിനു സമ്മതം വരുന്നു..

‍ പാഞ്ചാലിയെ സർവ്വാഭരഭൂഷിത്യാക്കി, ധൌമ്യ മഹർഷിയുടെ പൌരോഹിതത്തിൽ ജ്യേഷ്ഠക്രമത്തിൽ പാണിഗ്രഹണം നടത്തുന്നു. ശ്രീകൃഷണന്‍ പാഞ്ചാലിക്ക് അമൂല്യമായ രത്നങ്ങളും മറ്റും സമ്മാനിക്കുന്നു. കുന്തി പാഞ്ചാലിയോട് പതിവ്രതാധര്‍മ്മത്തെപ്പറ്റി ഏറെ നേരം സംസാരിക്കുന്നു.

(ഇത്രയുമൊക്കെ കഥകളും ന്യായങ്ങളും ഒക്കെയുണ്ട് പാഞ്ചാലിയുടെ ബഹുഭ്ര്തൃത്വത്തിനും മറ്റും!!! )

[ഈ കഥ ഒരു ബുക്കിന്റെ സഹായത്തോടെ എഴുതിയതാണു. അതിന്റെ കര്‍ത്താവിന്റെ പേര് അറിയില്ല. എന്നെങ്കിലും കണ്ടുപിടിച്ച് എഴുതാം]

Friday, September 24, 2010

17. പാഞ്ചാലീസ്വയംവരം

പാണ്ഡവന്മാര്‍ കാട്ടില്‍ ബ്രാഹ്മണരായി വേഷം മാറി ജീവിച്ചുവരുമ്പോഴാണ് പാഞ്ചാല രാജാവ് തന്റെ മകള്‍ കൃഷ്ണയുടെ (പാഞ്ചാലി) വിവാഹം നടത്താന്‍ തീരുമാനിക്കുന്നത്.. പാഞ്ചാലന്‍ തന്റെ സഖാവും ഉപദേശിയും ഒക്കെയായ ശ്രീകൃഷ്ണനെ വിവരം അറിയിക്കുന്നു. പാഞ്ചാല രാജാവിന്റെ മനസ്സിലും പാഞ്ചാലിയുടെ മനസ്സിലും കൃഷ്ണനെക്കാള്‍ അനുയോജ്യനായ വരന്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ, കൃഷ്ണന്‍ പറയുന്നു പാഞ്ചാലി ഒരു സ്വയംവരത്തിലൂടെ വരനെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം എന്നും ഏറ്റവും വലിയ വില്ലാളിയാവണം പാഞ്ചാലിയെ വേള്‍ക്കുന്നതെന്നും. കൃഷ്ണന്റെ മനസ്സില്‍ അര്‍ജ്ജുനന്‍ പാഞ്ചാലിയെ വേള്‍ക്കണം എന്നതായിരുന്നു..

അങ്ങിനെ സ്വയംവര പന്തല്‍ ഒരുക്കുന്നു. പാഞ്ചാലരാജാവിന് അതിവിശിഷ്ടമായ ഒരു വില്ലുണ്ടായിരുന്നു. ആ വില്ല് എടുത്ത്, താഴെ വെള്ളത്തില്‍ പ്രതിഫലനം കണ്ടുകൊണ്ട്, മുകളില്‍ കറ്ങ്ങുന്ന ഒരു മീനിന്റെ കണ്ണില്‍ അമ്പെയ്ത് വീഴ്ത്തണം എന്നതായിരുന്നു പന്തയം..

സ്വയംവരത്തിന് ദുര്യോധനന്‍, കര്‍ണ്ണന്‍, ജരാസന്ധന്‍, ശിശുപാലന്‍, ശല്യര്‍, ഒക്കെ പങ്കെടുത്തുവെങ്കിലും പരിഹാസ്യമാംവിധം പരാജയപ്പെടുന്നു.. പല രാജാക്കന്മാര്‍ക്കും വില്ലെടുത്തു പൊക്കാന്‍ കൂടിയാനായില്ല. ദുര്യോധനന്‍ ഒരുവിധം വില്ലെടുത്തു പൊക്കുന്നു പക്ഷെ, കുലയ്ക്കുവാനാകാതെ തളര്‍ന്നുപോകുന്നു. കര്‍ണ്ണന്‍ വില്ലെടുത്ത് കുലയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതുകണ്ട് ഭയന്ന് പാഞ്ചാലി ശ്രീകൃഷ്ണന്റെ അനുവാദത്തോടേ, കര്‍ണ്ണനെ സൂതപുത്രനെന്നു പറഞ്ഞ് കളിയാക്കി, താന്‍ ക്ഷത്രിയരാജകുമാരന്മാരെയെ വേള്‍ക്കൂ എന്ന് സദസ്സില്‍ പറയുന്നു. കര്‍ണ്ണന്‍ കോപത്തോടെയും അപമാനത്തോടെയും പിന്‍‌വാങ്ങുന്നു..

ഒടുവില്‍ ക്ഷത്രിയരാജകുമാരന്മാരാരും വില്ലുകുലയ്ക്കാനില്ല എന്നു വന്നപ്പോള്‍ അവിടെക്ക് അഞ്ച് ബ്രാഹ്മണകുമാരന്മാര്‍ കടന്നു വരുന്നു. ശ്രീകൃഷ്ണന് അവരെ കാണുമ്പോഴേ മനസ്സിലായി ആരാണെന്ന്.

ക്ഷത്രിയര്‍ക്ക് ആര്‍ക്കും വില്ലുകുലയ്ക്കാനാകാതിരുന്ന സ്ഥിതിക്ക് ബ്രാഹ്മണര്‍ക്ക് വില്ല് കുലച്ചു നോക്കാം എന്ന് രാജാവ് സമ്മതിക്കുന്നു. ശ്രീകൃഷ്ണന്റെ മൌനാനുവാദത്തോടെ അര്‍ജ്ജുനന്‍ വില്ലെടുത്ത് മീനിന്റെ കണ്ണു നോക്കി (ചില ബുക്കുകളില്‍ കിളിയുടെ കണ്ഠം എന്നും പറയുന്നുണ്ട്) അമ്പെയ്ത് കൊള്ളിക്കുന്നു. പാഞ്ചാലി ശ്രീകൃഷ്ണനെ നോക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ സമ്മതസൂചകമായി തലയാട്ടുന്നു. പാഞ്ചാലി അര്‍ജ്ജുനന്റെ കഴുത്തില്‍ മാല ചാര്‍ത്തുന്നു. ബ്രാഹ്മണകുമാരന്മാരോട് ദേഷ്യം തോന്നിയ ക്ഷത്രിയരാജകുമാരന്മാര്‍ യുദ്ധത്തിനൊരുങ്ങുന്നു, ഭീമാര്‍ജ്ജുനന്മാര്‍ എല്ലാവരെയും തോല്‍പ്പിച്ച് പാഞ്ചാലിയേയും കൊണ്ട് മടങ്ങുന്നു..

തന്റെ മകളെ ദരിദ്രരെന്ന് തോന്നിക്കുന്ന ബ്രാഹ്മണകുമാരന്മാര്‍ക്ക് കൊടുക്കേണ്ടി വന്നല്ലൊ എന്ന് പരിതപിച്ച് അവര്‍ ആരാണെന്നും എവിടെ വസിക്കുന്നു എന്നുമൊക്കെ അറിഞ്ഞു വരാനായി ദ്രുപദമഹാരാജാവ്, മകൻ ധൃഷ്ടദ്യുമ്നനെ അവരുടേ പിറകെ അയക്കുന്നു..

കല്ലും മുള്ളും നിറഞ്ഞ കാനനത്തില്‍ അര്‍ജ്ജുനന്റെ സഹായത്തോടെ ‘തീയില്‍ കുരുത്ത താന്‍ ഈ കഷ്ടപ്പാടിലൊന്നും തളരില്ല’ എന്നു പറഞ്ഞ് പാഞ്ചാലി അനുഗമിക്കുന്നു..

ഒടുവില്‍ അമ്മയുടെ അടുത്തെത്തുമ്പോള്‍, 'അമ്മേ ഇന്ന് ഞങ്ങള്‍ക്ക് കിട്ടിയതെന്താണ് നോക്കൂ' എന്ന് പറയുമ്പോള്‍ അകത്തു നിന്നും കുന്തീദേവി, 'കിട്ടിയെന്തായാലും പതിവുപോലെ അഞ്ചുപേരും സമമായി ഭാഗിച്ചെടുത്തുകൊള്ളുക' എന്നു പറയുന്നു.

അമ്മയുടെ വാക്ക് കേട്ട് സ്തംബ്ദരായി പാണ്ഡവർ നില്ക്കുന്നു! കുന്തിയും വെളിയില്‍ വന്നുനോക്കുമ്പോള്‍ പാഞ്ചാലിയെ കണ്ട് നടുങ്ങുന്നു. താന്‍ അറിയാതെ പറഞ്ഞുപോയ വാക്കോര്‍ത്ത് പശ്ചാത്തപിക്കുന്നു.. പക്ഷെ, അപ്പോൾ അവിടെ വന്നെത്തുന്ന ശ്രീകൃഷ്ണനും വേദവ്യാസനും അവരെ സമാധാനിപ്പിക്കുന്നു.

വേദവ്യാസമഹര്‍ഷി ദ്രുപദരാജാവിനോട് പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു...

പാണ്ഡവനെ പിന്തുടർന്ന് അവിടെ എത്തിയ ധൃഷ്ടദ്യുമ്നൻ തിരിച്ച് കൊട്ടാരത്തിൽ ചെന്ന്, പാഞ്ചാലി സ്വയംവരം ചെയ്തത് അർജ്ജുനനെയാണെന്നും പാണ്ഡവർ ജീവിച്ചിരിപ്പുണ്ടെന്നും മറ്റും പറയുമ്പോൾ ദ്രുപദമഹാരാജാവിനു വലിയ ആശ്വാസമാകുന്നു. പക്ഷെ, പാഞ്ചാലി അഞ്ചു പേരുടെയും കൂടി ഭാര്യയാകണം എന്ന് കുന്തിയുടെ വ്യവസ്ഥ ദുർപദനെ ദുഃഖത്തിലാഴ്തുന്നു. പക്ഷെ, അപ്പോൾ അവിടെ ചെന്നെത്തിയ വേദവ്യാസമഹര്‍ഷി ദ്രുപദരാജാവിനോട് പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു..

പാഞ്ചാലിയുടെ പൂര്‍വ്വകഥ അടുത്തതില്‍...