Friday, September 3, 2010

മഹാഭാരതകഥ-14 (അരക്കില്ലം)

ധൃതരാഷ്ട്രരും ഭീഷ്മമാദി ഗുരുക്കന്മാരും ചേര്‍ന്ന് ധര്‍മ്മപുത്രരെ വിധിപ്രകാരം യുവരാജാവായി അഭിഷേകം ചെയ്തു. ഇത് ദുര്യോദനനും കര്‍ണ്ണനും സഹിക്കാനാവാത്ത പകവളര്‍ത്തി. അവര്‍ എങ്ങിനെയും പാണ്ഡവരെ നശിപ്പിക്കണം എന്ന് പ് ളാനിട്ടു. അതിനായി ഒഴിഞ്ഞു കിടക്കുന്ന വാരണാവതത്തില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ച് അവരെ അങ്ങോട്ട് മാറ്റാന്‍ ധൃതരാഷ്ട്രരെ പ്രേരിപ്പിക്കുന്നു..
ധൃതരാഷ്ട്രര്‍ പാണ്ഡവരുടെ രക്ഷക്കായാണ് ഈ മാറ്റം എന്നു പറഞ്ഞ് അവരെ സമ്മതിപ്പിക്കുന്നു.

ദുര്യോധനന്‍ ഇതിനകം കൊട്ടാരം‍ നിര്‍മ്മിക്കുന്ന പുരോചനനെ വശീകരിച്ച് തീയിട്ടാല്‍ പെട്ടെന്ന് നശിക്കുന്ന പ്രകാരം ആ കൊട്ടാരം(അരക്കില്ലം) നിര്‍മ്മിക്കുന്നു.. ഇത് മനസ്സിലാക്കിയ വിദുരര്‍ ദുര്യോധനന്‍ അറിയാതെ കൊട്ടാരത്തിനടിയില്‍ രക്ഷപ്പെടാനായി ഖനികനെ കൊണ്ട് ഒരു തുരങ്കവും നിര്‍മ്മിക്കുന്നു..

കൊട്ടാരത്തിലെത്തി താമസമാരംഭിച്ച പാണ്ഡവര്‍ ഏകദേശം ഒരു വര്‍ഷക്കാലം സുഖമായി താമസിച്ചു. ഒരു ദിവസം അവിടെ ഒരു രാക്ഷസി തന്റെ അഞ്ചു പുത്രന്മാരുമായി അന്തിയുറങ്ങി.

അന്നു തന്നെയാണ് പുരോചനന്‍ കൊട്ടാരത്തിനു തീവച്ചതും. തീക്കുള്ളില്‍ അകപ്പെട്ട് വിഷമിക്കുന്ന പാണ്ഡവരെ ഖനികന്‍ വന്ന് മുറിക്കടിയിലെ തുരങ്കം തുറന്ന് അതിലൂടെ രക്ഷപ്പെടുത്തുന്നു.
പാണ്ഡവര്‍ രക്ഷപ്പെട്ടു എന്ന് വിദുരന്‍ ഖനികന്‍ മുഖേന അറ്ഞ്ഞ് ആശ്വസിക്കുന്നു, പക്ഷെ കൊട്ടാരത്തിലെ മറ്റാരോടും അതെപ്പറ്റി പറയുന്നില്ല.

കത്തിക്കരിഞ്ഞു കിടന്ന രാക്ഷസിയുടെയും അഞ്ചുപുത്രന്മാരുടെയും മൃതദേഹം കണ്ട് പാണ്ഡവര്‍ മരിച്ചിരിക്കും എന്ന നിഗമനത്തിലെത്തി ദുര്യോധനാദികള്‍ സന്തോഷിക്കുന്നു.

കൊട്ടാരത്തിലെ മറ്റെല്ലാവരും പാണ്ഡവരുടെ ദുര്‍ഗതിയോര്‍ത്ത് പരിതപിക്കുന്നു.

മഹാഭാരതകഥ-13 (ഗുരുദക്ഷിണ, ധൃഷ്ടദ്യുമനന്‍‌, പാഞ്ചാലി)

ഗുരുദക്ഷിണ
വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോള്‍‍ തന്റെ ശിക്ഷ്യന്മാര്‍ ഗുരുദക്ഷിണ നല്‍കാനായി അടുത്തു ചെല്ലുമ്പോള്‍,ദ്രുപദരാജാവ് തന്നെ അപമാനിച്ചതിന് ഒരു പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ജീവിച്ചിരുന്ന ദ്രോണര്‍, ആവശ്യപ്പെടുന്നത് ‘ദ്രുപദരാജാവിനെ തോല്‍പ്പിച്ചു കൊണ്ടുവരിക’ എന്നതായിരുന്നു. (ദ്രോണര്‍ക്ക് ദ്രുപദനോട് ശത്രുത തോന്നാന്‍ കാരണം എങ്ങിനെ എന്ന് ഇവിടെ ഉണ്ട്)

ദുര്യോദനന്‍ ആവേശപ്പെട്ട് ആദ്യം യുദ്ധത്തിനു ചെന്നെങ്കിലും ദ്രുപദനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു മടങ്ങി വരുന്നു.

അര്‍ജ്ജുനന്‍ വിജയശ്രീലാളിതനായി ദ്രുപദമഹാരാജാവിനെ തോല്‍പ്പിച്ച് ദ്രോണരുടെ മുന്നില്‍ കൊണ്ടു നിര്‍ത്തുന്നു..

അപമാനത്താല്‍ കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുന്ന ദ്രുപദനോട്, ‘ഇപ്പോള്‍ നാം തുല്യരായോ?’ എന്ന് ചോദിക്കുന്നു. യുദ്ധത്തില്‍ മരണപ്പെടുന്നതിനെക്കാളും വലിയ ദുഃഖമാണ് തോല്‍പ്പിച്ചവന്റെ നിന്ദ. അതുകേട്ട് ദ്രുപദന്റെ ശിരസ്സ് വീണ്ടും കുനിയുന്നു..

ഗുരുപത്നിയായ കൃപിയുടെ ഇടപെടല്‍ കാരണം (കൃപി ചോദിക്കുന്നു, ‘അങ്ങും ദ്രുപദനെപ്പോലെ വിവേകമില്ലാതെ പക വച്ചുപുലര്‍ത്തിയാല്‍ പിന്നെ അങ്ങും സാധാരണക്കാരും തമ്മില്‍ എന്തു വ്യത്യാസം.. പൊറുക്കുന്നവനാണ് ശ്രേഷ്ഠന്‍..’എന്നൊക്കെയുള്ള ഓര്‍മ്മപ്പെടുത്തല്‍..) ദ്രോണര്‍ ദ്രുപദന് തന്റെ രാജ്യം തിരിച്ചു നല്‍കിവിട്ടയക്കുന്നു..

ദ്രുപദന് പക്ഷെ തനിക്കേര്‍പ്പെട്ട അപമാനം സഹിക്കാനാവുന്നതല്ലായിരുന്നു.. ആ വാശിയില്‍ തിരിച്ച് പോയി വളരെ വിശേഷപ്പെട്ട രീതിയില്‍ ഒരു യാഗം നടത്തുന്നു. ദ്രോണരെ കൊല്ലാനായി ഒരു പുത്രനെ കിട്ടാനായിരുന്നു യജ്ഞം നടത്തിയത്.

ഹോമകുണ്ഡത്തില്‍ നിന്നും സൂര്യതേജസ്സുള്ള ഒരു പുത്രനും ലക്ഷ്മീദേവിയെപ്പോലെ ഒരു മകളും ദ്രുപദന് കിട്ടുന്നു. മകന്‍ ധൃഷ്ടദ്യുമനനും, മകള്‍ കൃഷ്ണ (പാഞ്ചാലി), പിന്നീട് നപുംസകമായ ശിഖണ്ഡിയും ജനിക്കുന്നു.. (ശിഖണ്ഡി ദ്രുപദരാജ്യത്ത് പുനര്‍ജനിക്കുന്നു എന്ന് എഴുതിയിരുന്നല്ലൊ).

ദ്രോണരെ കൊല്ലാനായി ജനിച്ച ധൃഷ്ടദ്യുമ്നന്‍ ദ്രോണരുടെ കീഴില്‍ നിന്നു തന്നെ വിദ്യ അഭ്യസിക്കുന്നു..
പകയെല്ലാം മറന്ന് ദ്രോണര്‍ ധൃഷ്ടദ്യുമനനെ ശിഷ്യനായി അംഗീകരിക്കുന്നു..

മഹാഭാരതകഥ-12 (അസ്ത്രപരീക്ഷ, കര്‍ണ്ണന്‍‌)

പഠിപ്പു പൂര്‍ത്തിയാക്കിയ കൌരവപാണ്ഡവന്മാരുടെ ഒരു അസ്ത്രപരീക്ഷ നടത്താന്‍ ഗുരു ദ്രോണര്‍ തീരുമാനിക്കുന്നു...

നിറഞ്ഞ സദസ്സില്‍ വച്ച ഓരോരുത്തരായി തങ്ങളുടെ വൈഭവം പ്രദര്‍ശിപ്പിക്കുന്നു..

ശ്രീകൃഷ്ണനും ബലരാമന്‍ തുടങ്ങി പല രാജാക്കന്മാരും കുരു പുത്രന്മാരുടെ അഭ്യാസങ്ങള്‍ കാണാന്‍ സന്നിഹിതരായിരുന്നു..

ഭീമനും ദുര്യോദനനും അതൊരു വെറും പരീക്ഷണം എന്നതിലുപരി പര‍സ്പരം യുദ്ധത്തിലെന്നപോലെ പൊരുതാന്‍ നോക്കുന്നു. അപ്പോള്‍ ഗുരുക്കന്മാര്‍ ഇടപെട്ട് പിടിച്ചു മാറ്റുന്നു..

അര്‍ജ്ജുനനെ വെല്ലാന്‍ ആരും ഇല്ലാത്തവിധം വിജയിയായി പ്രഖ്യാപിക്കപ്പെട്ട് സദസ്സിന്റെ പ്രശംസപിടിച്ചുപറ്റി അര്‍ജ്ജുനന്‍ നില്‍ക്കുമ്പോള്‍ സൂതപുത്രനായ കര്‍ണ്ണന്‍ സദസ്സില്‍ പ്രത്യക്ഷപ്പെട്ട്, തനിക്ക് അര്‍ജ്ജുനനോട് മത്സരിക്കണം എന്നു പറയുന്നു. പക്ഷെ, കൃപാചാര്യര്‍ വെറും സൂതപുത്രനായ കര്‍ണ്ണനു ക്ഷത്രിയനായ അര്‍ജ്ജുനനോട് മത്സരിക്കാന്‍ യോഗ്യതയില്ല എന്ന് പ്രഖ്യാപിക്കുന്നു.

പക്ഷെ, അര്‍ജ്ജുനനെ വെല്ലാന്‍ പോന്ന ഒരാളെ കിട്ടിയ സന്തോഷത്തില്‍ ദുര്യോധനന്‍ കര്‍ണ്ണനെ അംഗരാജ്യത്തെ രാജാവായി വാഴിച്ച് കര്‍ണ്ണന് രാജപദവി നല്‍കി ആദരിക്കുന്നു.

കര്‍ണ്ണന്റെ കര്‍ണ്ണകുണ്ഠലങ്ങളും കവചവും കണ്ട് കുന്തി കര്‍ണ്ണനെ തിരിച്ചറിയുകയും തന്റെ തന്നെ പുത്രന്മാര്‍ എതിരാളികളാകുന്നതും സൂര്യപുത്രനായ കര്‍ണ്ണന്‍ സൂതപുത്രനെന്നു വിശേഷിപ്പിക്കപ്പെട്ട് അപമാനിതനാകുന്നതും ഒക്കെ കണ്ട് മോഹാത്സ്യപ്പെട്ട് തളര്‍ന്ന് വീഴുന്നു..


നേരം വൈകിയതിനാല്‍ അന്ന് കര്‍ണ്ണന് തന്റെ പാടവും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കിലും താന്‍ ഒരിക്കല്‍ അര്‍ജ്ജുനനെ നേരുക്കുനേര്‍ നിന്ന് യുദ്ധത്തില്‍ തോല്‍പ്പിക്കും എന്നു ശപഥം ചെയ്ത് കര്‍ണ്ണന്‍ ദുര്യോധനനോടൊപ്പം രംഗത്തില്‍ നിന്നും വിരമിക്കുന്നു..