Tuesday, September 28, 2010

19. ഇന്ദ്രപ്രസ്ഥം

പാഞ്ചാലീ സ്വയം വരം കഴിയുമ്പോള്‍ എല്ലാവരും പാഞ്ചാലിയെ വിവാഹം ചെയ്തത് ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ഡവരാണെന്ന് അറിയുന്നു. കൌരവര്‍ക്ക് ഇത് വലിയ അപമാനമായി തോന്നുന്നു. പാണ്ഡവരുടെ വനവാസകാലം അവസാനിക്കാറായതിനാല്‍ അവര്‍ തിരിച്ചുവന്ന് പാതിരാജ്യം ആവശ്യപ്പെടുമെന്ന് ഭയന്ന് ദുര്യോദനന്‍ ധര്‍മ്മപുത്രരോടും കര്‍ണ്ണനോടും ശകുനിയോടുമൊപ്പം പല കുതന്ത്രങ്ങളും ആലോചിക്കുന്നു. പക്ഷെ, പാണ്ഡവര്‍ വലിയ ബുദ്ധിമാന്മാരാണെന്നും അവരെ ചതിയില്‍ പെടുത്തുന്നത് ആപത്താണെന്നും പറഞ്ഞ് കര്‍ണ്ണന്‍ അവരെ വിലക്കുന്നു.

ധൃതരാഷ്ട്രര്‍ വിദുരരോടും ഭീഷ്മരോടും ദ്രോണരോടും ഒക്കെ പാണ്ഡവരുടെ തിരിച്ചുവരവിനെ പറ്റി പറയുമ്പോള്‍, അവര്‍ സന്തോഷത്തോടെ പാണ്ഡവര്‍ക്ക് പാതിരാജ്യം കൊടുത്ത് ആദരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ദുര്യോദനനു ഇത് വളരെ നീരസമുണ്ടാക്കുന്നെങ്കിലും മറ്റുവഴിയൊന്നും കാണായ്കയാല്‍ ധൃതരാഷ്ട്രര്‍‍ പാണ്ഡവര്‍ക്ക് ‘ഖാണ്ഡവപ്രസ്ഥം’ എന്ന അതിപ്രാകൃതമായി കിടക്കുന്ന രാജ്യം നല്‍കാമെന്നു പറയുന്നു. തന്റെ മക്കള്‍ നീച ബുദ്ധിയുള്ളവരാകയാല്‍ ഇവിടെ ജീവിക്കുന്നത്, നിങ്ങള്‍ക്ക് ആപത്തായിരിക്കുമെന്നും, ഹസ്തിനപുരം പാണ്ഡു അഭിവൃദ്ധിപ്പെടുത്തയപോലെ ഖാണ്ഡവപ്രസ്ഥം പാണ്ഡവര്‍ക്കും അഭിവൃദ്ധിപ്പെടുത്താനാകട്ടെ എന്ന് അനുഗ്രഹിക്കുന്നു..ഖാണ്ഡവപ്രസ്ഥത്തില്‍ ആയിരുന്നു പണ്ട് പുരൂരവസ്സ്, നഹുഷന്‍, യയാതി തുടങ്ങിയ മുത്തശ്ശന്മാര്‍ ഭരിച്ചിരുന്നതെന്നും. അത് പുനരുദ്ധീകരിച്ച് അവിടെ കൊട്ടാരം പണിഞ്ഞ് ജീവിക്കാനും‍ പറയുന്നു.

പാണ്ഡവര്‍ക്ക് തങ്ങള്‍ വീണ്ടും അന്യായത്തില്‍ പെട്ടിരിക്കയാണെന്നറിയാമായിരുന്നിട്ടും ആത്മസംയമനം പാലിച്ച്, വലിയച്ഛന്റെ നിര്‍ദ്ദേശം അനുസരിക്കുന്നു. ശ്രീകൃഷ്ണനും മറ്റു ദേവന്മാരും ഒക്കെ കയ്യഴിഞ്ഞ് സഹായിച്ച് അവര്‍ ഖാണ്ഡവപ്രസ്ഥത്തില്‍ വളരെ മനോഹരമായ കൊട്ടാരം പണിയുകയും കാടുവെട്ടിത്തെളിച്ച്, രാജ്യമാക്കി, പതിയെ അത് അഭിവൃദ്ധിപ്പെടുത്തി, അത് ഹസ്തിനപുരിയെക്കാളും പതിന്മടങ്ങ് ഐശ്വര്യവത്താക്കി, ഏകദേശം 30, 35 വര്‍ഷക്കാലം ഭരിച്ചു.. ഖാണ്ഡവപ്രസ്ഥത്തിനു ‘ഇന്ദ്രപ്രസ്ഥം’ എന്ന പേരും കൈവന്നു.

Monday, September 27, 2010

18. പാഞ്ചാലിയുടെ പൂര്‍വ്വകഥ

പാണ്ഡവർ പാഞ്ചാലിയോടൊപ്പം ദ്രുപദരാജാവിനെ സന്ദർശ്ശിക്കാൻ ചെല്ലുമ്പോൾ, തന്റെ മകൾ അഞ്ചുപേരെ വേള്‍ക്കുന്നതില്‍ മനം നൊന്തു നില്‍ക്കുന്ന ദ്രുപദരാജാവിനെ അപ്പോൾ അവിടെ എത്തുന്ന വേദവ്യാസമഹര്‍ഷി, ‘പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി’ എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു.

പാഞ്ചാലി പൂര്‍വ്വ ജന്മത്തില്‍ മൌല്‍ഗല്യന്‍ എന്ന മഹര്‍ഷിയുടെ പത്നി നാളായണിയായിരുന്നു. കോപിഷ്ഠനും കുഷ്ഠരോഗിയുമായ മൌല്‍ഗല്യനെ പാതിവ്രത്യ നിഷ്ഠയോടെ ശുശ്രൂഷിച്ചു. ഒരിക്കല്‍ മൌല്‍ഗല്യന്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു വിരല്‍ അടര്‍ന്ന് ഭക്ഷണത്തില്‍ വീണു, എന്നിട്ടും ആ വിരല്‍ മാറ്റിവച്ച്, നാളായണി അദ്ദേഹത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിച്ചു.

ഇതു കണ്ട് മനം തെളിഞ്ഞ മഹര്‍ഷി, എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളുവാന്‍ നാളായണിയോടാവശ്യപ്പെടുന്നു. 'അദ്ദേഹം തന്നെ പഞ്ചശരീരനായി വന്ന്‌ തന്നെ രമിപ്പിക്കണം' എന്നായിരുന്നു അവള്‍ ചോദിച്ച വരം. അതനുസരിച്ച് മൌല്‍ഗല്യന്‍ മനോഹരമായ അഞ്ചു ശരീരങ്ങളിലൂടെ നളായണിയെ രമിപ്പിച്ചു. മൌല്‍ഗല്യന്‍ അദ്രിയായപ്പോള്‍ നാളായണി നദിയായി.
മൌല്‍ഗല്യന്‍ മരമായപ്പോള്‍ നാളായണീ ലതയായി പടര്‍ന്നു കയറി. അങ്ങിനെ ഓരോരോ രൂപമെടുത്ത് അവര്‍ രമിച്ചു. പക്ഷെ എന്നിട്ടും നാളായണിക്ക് മതിയായില്ല. മൌല്‍ഗല്യനാണെങ്കില്‍ നാളായണിയുടെ ഈ അമിതാസക്തി തന്റെ തപസ്സ് തുടരുന്നതിന്‍ വിഘ്നമായി തോന്നിത്തുടങ്ങി. അങ്ങിനെ അവളില്‍ നീരസം തോന്നിയ മുനി, നാളായണിയെ ‘അടുത്തജന്മം പാഞ്ചാലരാജാവിന്റെ പുത്രിയായി, അഞ്ചുഭര്‍ത്താക്കന്മാരെ വരിക്കാനിടവരട്ടെ’ എന്നു ശപിച്ചു.

അഞ്ചു ഭര്‍ത്താക്കന്മാരുടെ ഭാര്യയാകുന്നത് അപമാനിതയാകുമെന്ന് ദുഃഖിച്ച് നാളായണി ശിവനെ തപസ്സുചെയ്തു. ശിവന്‍ പ്രത്യക്ഷപ്പെട്ട് അവള്‍ക്ക് 'അഞ്ച് ഭര്‍ത്താക്കന്മാരുണ്ടാകട്ടെ' എന്നുതന്നെ എന്നനുഗ്രഹിച്ചു!

നാളായണി കരഞ്ഞുകൊണ്ട്, ‘ഒരു സ്ത്രീക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടാകുന്നത് അപമാനമല്ലെ?’ എന്നു ശിവനോട് ചോദിച്ചപ്പോള്‍, ‘ഞാന്‍ പ്രത്യക്ഷപ്പെട്ട് എന്തു വരം വേണം എന്നു ചോദിക്കുമ്പോള്‍ എന്നെ കണ്ട് പരിഭ്രമിച്ച്, ‘എനിക്ക് ഭര്‍ത്താവിനെ തരൂ’ എന്ന് അഞ്ചുപ്രാവശ്യം നീ ആവര്‍ത്തിച്ചു. അതുകൊണ്ടാണ് അങ്ങിനെ അനുഗ്രഹിക്കേണ്ടിവന്നതെന്നും, നാളായണിക്ക് അതുകൊണ്ട് അപമാനം ഒന്നും സംഭവിക്കില്ലെന്നും ഉറപ്പുനല്‍കി.

എന്നിട്ടും വിശ്വാസം വരാതെ നാളായണി ചോദിക്കുന്നു, ‘വേദങ്ങളിലൊന്നും ഇങ്ങിനെ ഒന്നു പറഞ്ഞിട്ടില്ലല്ലൊ, പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകാം എന്നാല്‍ സ്ത്രീക്ക് ഒന്നില്‍ക്കൂടുതല്‍ ഭര്‍ത്താക്കന്മാരായാല്‍ അവള്‍ അധമയാകും’എന്നാണല്ലൊ’; നാളായണി തുടര്‍ന്നു, ‘ദേവവിധിപ്രകാരം പുത്രനുണ്ടാകാന്‍ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു പുരുഷനില്‍ നിന്ന് പുത്രനെ സ്വീകരിച്ചാല്‍ പോലും പ്രായശ്ചിത്തം ചെയ്യണം എന്നാണ്, പുത്രലബ്ദിക്കായി പോലും, ഒന്നും രണ്ടും മൂന്നും അനുവദ്യമാണ് എന്നാല്‍ നാലാമതായാല്‍ പതിതയും അഞ്ചാമതായാല്‍ വന്ധകിയും ആകും എന്നല്ലെ?’

‘ഞാന്‍ ഭര്‍ത്തൃശുശ്രൂക്ഷകൊണ്ട് സിദ്ധിപ്രാപിച്ചവളാണ് അതുകൊണ്ട്, എനിക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടായാലും ആ സിദ്ധി കൈവിടരുത്’ എന്ന് നാളായണി അഭ്യര്‍ത്ഥിക്കുന്നു..

പരമശിവന്‍ നാളായണീയോട് ‘അത് കിട്ടാന്‍ ദുര്‍ലഭമാണെങ്കിലും നിനക്ക് അത് ലഭ്യമാകും’ എന്നും ‘ഗംഗാജലത്തില്‍ പോയി നില്‍ക്കുമ്പോള്‍ അവിടെ ഒരു പുരുഷനെ കാണാന്‍ സാധിക്കും, അത് ദേവേന്ദ്രനാണെന്നും, ആ പുരുഷനെ വിളിച്ചുകൊണ്ടുവരിക’എന്നും‍ നിര്‍ദ്ദേശിക്കുന്നു.

ദേവേന്ദ്രന്‍ അഞ്ചുരൂപമെടുത്ത് പഞ്ചപാണ്ഡവന്മാരായി നാളായണിയെ (പാഞ്ചാലിയെ) വേള്‍ക്കുന്ന കഥ:

നൈമിശികാരണ്യത്തില്‍ ദേവകളെല്ലാം ഒരു യാഗം ആരംഭിച്ചു. വൈവസ്വതന്‍ (ധര്‍മ്മരാ‍ജന്‍?) ഭാര്യയോടൊപ്പം യാഗവും ദീക്ഷിച്ചിരുന്നു. ഭൂമിയില്‍ രോഗവും മരണവും ഒന്നും ഇല്ലാതായി. മനുഷ്യര്‍ പെറ്റുപെരുകി.. ദേവന്മാര്‍ ബ്രഹ്മാവിന്റെ അടുക്കല്‍ പരാതിയുമായി ചെല്ലുമ്പോള്‍ , ദേവന്മാരോട് കാലന്റെ അംശമായി ഭൂമിയില്‍ ജനിച്ച് മനുഷ്യരെ കൊന്നൊടുക്കാന്‍ അനുമതി നല്‍കുന്നു.

ദേവന്മാർ ഗംഗയില്‍ വസിക്കുമ്പോള്‍ ഒരു സ്വര്‍ണ്ണത്താമര കാണുന്നു. ദേവേന്ദ്രൻ അതിന്റെ ഉത്ഭവ അന്വേക്ഷിച്ച് ചെല്ലുമ്പോൾ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ഒരു കന്യകയെ കാണുന്നു (നാളായണി!. പരമശിവന്റെ നിര്‍ദ്ദേശപ്രകാരം ഗംഗയില്‍ ചെന്നതാണ്) നാളായണിയുടെ കണ്ണീർ വീണാണ്‌ ആ സ്വർണ്ണത്താമര ഉണ്ടായത്! ഇന്ദ്രൻ നാളായണിയോട് കാരണം ആരായുമ്പോൾ ‘തന്റെ കൂടെ വന്നാൽ എല്ലാം അറിയാനാകും’ എന്നു പറയുന്നു. നാളായണിയെ അനുഗമിച്ച് ചെല്ലുന്ന ഇന്ദ്രൻ സുന്ദരനായ ഒരു പുരുഷനും സ്ത്രീയും ചൂതുകളിച്ചുകൊണ്ടിരിക്കുന്നത് കാണാനിടയാകുന്നു. തന്നെ കണ്ട് അവര്‍ എഴുന്നേല്‍ക്കാത്തതില്‍ ഇന്ദ്രനു കോപം വന്നു. ശിവനാണതെന്നറിഞ്ഞ് ഇന്ദ്രന്‍ ശിവന്റെ കാല്‍ക്കല്‍ വീഴുന്നു.

ശിവന്‍ ഇന്ദ്രനോട് പര്‍വ്വത ശ്രേഷ്ടനെ കാണാന്‍ പറയുകയും അവിടെ നിന്നെപ്പോലെ നാലുപേരും കൂടിയുണ്ടാവും എന്നുപറഞ്ഞയക്കുന്നു. പര്‍വ്വതശ്രേഷ്ടന്റെ അരികില്‍ നാലു ഇന്ദ്രന്മാര്‍ നില്‍ക്കുന്ന കണ്ട്, താനും ഇവരെപ്പോലെ ആകുമല്ലൊ എന്നു ദുഃഖിച്ചുനില്‍ക്കുന്ന ഇന്ദ്രനോട് 'വിഷമിക്കേണ്ട, നിങ്ങള്‍ അഞ്ചുപേരും ഒരമ്മയുടെ മക്കളായി ജനിക്കും നിങ്ങള്‍‌ക്കഞ്ചുപേര്‍ക്കും കൂടി ഇവള്‍ (നാളായണി) ഭാര്യയായി തീരും, നിങ്ങള്‍ ദുഷ്ടരെ കൊന്ന് ഭൂമിയെ രക്ഷിക്കാനും ധര്‍മ്മം പുനഃസ്ഥാപിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട്.'

അപ്പോള്‍ പഞ്ചേന്ദ്രന്മാര്‍, തങ്ങള്‍ക്ക് കൂട്ടായി ധര്‍‌മ്മദേവനും (ധര്‍മ്മപുത്രര്‍) മാരുതനും(ഭീമന്‍) ഇന്ദ്രനും (അര്‍ജ്ജുനന്‍) ഒക്കെ കൂടണം എന്നുപറയുന്നു.

മഹാവിഷ്ണു തന്റെ ശിരസ്സില്‍ നിന്നും രണ്ട് രോമം പിഴുതെടുക്കുന്നു ഒന്നു വെളിത്തതും ഒന്ന് കറുത്തതും
ഇവ(?) രോഹിണിയും ദേവകിയുമായും, വെളുത്ത രോമം ബലരാമനും കറുത്ത രോമം ശ്രീകൃഷ്ണനായും ജനിക്കും എന്നും അരുളിച്ചെയ്യുന്നു. പാഞ്ചാലി (നാളായണി) ലക്ഷ്മീദേവിയുടെ അംശമായും തീരും എന്നും പറയുന്നു.

ഈ കഥ വ്യാസന്‍ ദ്രുപദരാജാവിനു പറഞ്ഞുകൊടുത്തതാണല്ലൊ, ഇത്രയും പറഞ്ഞ് ഇതെല്ലാം നേരില്‍ കാണാനായുള്ള ദിവ്യ ചക്ഷുസ്സും അദ്ദേഹം ദ്രുപദനു നല്‍കുന്നു. എല്ലാം അറിയുമ്പോള്‍ തന്റെ പുത്രി അഞ്ചുപേരെ വേള്‍ക്കുന്നതില്‍ അദ്ദേഹത്തിനു സമ്മതം വരുന്നു..

‍ പാഞ്ചാലിയെ സർവ്വാഭരഭൂഷിത്യാക്കി, ധൌമ്യ മഹർഷിയുടെ പൌരോഹിതത്തിൽ ജ്യേഷ്ഠക്രമത്തിൽ പാണിഗ്രഹണം നടത്തുന്നു. ശ്രീകൃഷണന്‍ പാഞ്ചാലിക്ക് അമൂല്യമായ രത്നങ്ങളും മറ്റും സമ്മാനിക്കുന്നു. കുന്തി പാഞ്ചാലിയോട് പതിവ്രതാധര്‍മ്മത്തെപ്പറ്റി ഏറെ നേരം സംസാരിക്കുന്നു.

(ഇത്രയുമൊക്കെ കഥകളും ന്യായങ്ങളും ഒക്കെയുണ്ട് പാഞ്ചാലിയുടെ ബഹുഭ്ര്തൃത്വത്തിനും മറ്റും!!! )

[ഈ കഥ ഒരു ബുക്കിന്റെ സഹായത്തോടെ എഴുതിയതാണു. അതിന്റെ കര്‍ത്താവിന്റെ പേര് അറിയില്ല. എന്നെങ്കിലും കണ്ടുപിടിച്ച് എഴുതാം]

Friday, September 24, 2010

17. പാഞ്ചാലീസ്വയംവരം

പാണ്ഡവന്മാര്‍ കാട്ടില്‍ ബ്രാഹ്മണരായി വേഷം മാറി ജീവിച്ചുവരുമ്പോഴാണ് പാഞ്ചാല രാജാവ് തന്റെ മകള്‍ കൃഷ്ണയുടെ (പാഞ്ചാലി) വിവാഹം നടത്താന്‍ തീരുമാനിക്കുന്നത്.. പാഞ്ചാലന്‍ തന്റെ സഖാവും ഉപദേശിയും ഒക്കെയായ ശ്രീകൃഷ്ണനെ വിവരം അറിയിക്കുന്നു. പാഞ്ചാല രാജാവിന്റെ മനസ്സിലും പാഞ്ചാലിയുടെ മനസ്സിലും കൃഷ്ണനെക്കാള്‍ അനുയോജ്യനായ വരന്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ, കൃഷ്ണന്‍ പറയുന്നു പാഞ്ചാലി ഒരു സ്വയംവരത്തിലൂടെ വരനെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം എന്നും ഏറ്റവും വലിയ വില്ലാളിയാവണം പാഞ്ചാലിയെ വേള്‍ക്കുന്നതെന്നും. കൃഷ്ണന്റെ മനസ്സില്‍ അര്‍ജ്ജുനന്‍ പാഞ്ചാലിയെ വേള്‍ക്കണം എന്നതായിരുന്നു..

അങ്ങിനെ സ്വയംവര പന്തല്‍ ഒരുക്കുന്നു. പാഞ്ചാലരാജാവിന് അതിവിശിഷ്ടമായ ഒരു വില്ലുണ്ടായിരുന്നു. ആ വില്ല് എടുത്ത്, താഴെ വെള്ളത്തില്‍ പ്രതിഫലനം കണ്ടുകൊണ്ട്, മുകളില്‍ കറ്ങ്ങുന്ന ഒരു മീനിന്റെ കണ്ണില്‍ അമ്പെയ്ത് വീഴ്ത്തണം എന്നതായിരുന്നു പന്തയം..

സ്വയംവരത്തിന് ദുര്യോധനന്‍, കര്‍ണ്ണന്‍, ജരാസന്ധന്‍, ശിശുപാലന്‍, ശല്യര്‍, ഒക്കെ പങ്കെടുത്തുവെങ്കിലും പരിഹാസ്യമാംവിധം പരാജയപ്പെടുന്നു.. പല രാജാക്കന്മാര്‍ക്കും വില്ലെടുത്തു പൊക്കാന്‍ കൂടിയാനായില്ല. ദുര്യോധനന്‍ ഒരുവിധം വില്ലെടുത്തു പൊക്കുന്നു പക്ഷെ, കുലയ്ക്കുവാനാകാതെ തളര്‍ന്നുപോകുന്നു. കര്‍ണ്ണന്‍ വില്ലെടുത്ത് കുലയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതുകണ്ട് ഭയന്ന് പാഞ്ചാലി ശ്രീകൃഷ്ണന്റെ അനുവാദത്തോടേ, കര്‍ണ്ണനെ സൂതപുത്രനെന്നു പറഞ്ഞ് കളിയാക്കി, താന്‍ ക്ഷത്രിയരാജകുമാരന്മാരെയെ വേള്‍ക്കൂ എന്ന് സദസ്സില്‍ പറയുന്നു. കര്‍ണ്ണന്‍ കോപത്തോടെയും അപമാനത്തോടെയും പിന്‍‌വാങ്ങുന്നു..

ഒടുവില്‍ ക്ഷത്രിയരാജകുമാരന്മാരാരും വില്ലുകുലയ്ക്കാനില്ല എന്നു വന്നപ്പോള്‍ അവിടെക്ക് അഞ്ച് ബ്രാഹ്മണകുമാരന്മാര്‍ കടന്നു വരുന്നു. ശ്രീകൃഷ്ണന് അവരെ കാണുമ്പോഴേ മനസ്സിലായി ആരാണെന്ന്.

ക്ഷത്രിയര്‍ക്ക് ആര്‍ക്കും വില്ലുകുലയ്ക്കാനാകാതിരുന്ന സ്ഥിതിക്ക് ബ്രാഹ്മണര്‍ക്ക് വില്ല് കുലച്ചു നോക്കാം എന്ന് രാജാവ് സമ്മതിക്കുന്നു. ശ്രീകൃഷ്ണന്റെ മൌനാനുവാദത്തോടെ അര്‍ജ്ജുനന്‍ വില്ലെടുത്ത് മീനിന്റെ കണ്ണു നോക്കി (ചില ബുക്കുകളില്‍ കിളിയുടെ കണ്ഠം എന്നും പറയുന്നുണ്ട്) അമ്പെയ്ത് കൊള്ളിക്കുന്നു. പാഞ്ചാലി ശ്രീകൃഷ്ണനെ നോക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ സമ്മതസൂചകമായി തലയാട്ടുന്നു. പാഞ്ചാലി അര്‍ജ്ജുനന്റെ കഴുത്തില്‍ മാല ചാര്‍ത്തുന്നു. ബ്രാഹ്മണകുമാരന്മാരോട് ദേഷ്യം തോന്നിയ ക്ഷത്രിയരാജകുമാരന്മാര്‍ യുദ്ധത്തിനൊരുങ്ങുന്നു, ഭീമാര്‍ജ്ജുനന്മാര്‍ എല്ലാവരെയും തോല്‍പ്പിച്ച് പാഞ്ചാലിയേയും കൊണ്ട് മടങ്ങുന്നു..

തന്റെ മകളെ ദരിദ്രരെന്ന് തോന്നിക്കുന്ന ബ്രാഹ്മണകുമാരന്മാര്‍ക്ക് കൊടുക്കേണ്ടി വന്നല്ലൊ എന്ന് പരിതപിച്ച് അവര്‍ ആരാണെന്നും എവിടെ വസിക്കുന്നു എന്നുമൊക്കെ അറിഞ്ഞു വരാനായി ദ്രുപദമഹാരാജാവ്, മകൻ ധൃഷ്ടദ്യുമ്നനെ അവരുടേ പിറകെ അയക്കുന്നു..

കല്ലും മുള്ളും നിറഞ്ഞ കാനനത്തില്‍ അര്‍ജ്ജുനന്റെ സഹായത്തോടെ ‘തീയില്‍ കുരുത്ത താന്‍ ഈ കഷ്ടപ്പാടിലൊന്നും തളരില്ല’ എന്നു പറഞ്ഞ് പാഞ്ചാലി അനുഗമിക്കുന്നു..

ഒടുവില്‍ അമ്മയുടെ അടുത്തെത്തുമ്പോള്‍, 'അമ്മേ ഇന്ന് ഞങ്ങള്‍ക്ക് കിട്ടിയതെന്താണ് നോക്കൂ' എന്ന് പറയുമ്പോള്‍ അകത്തു നിന്നും കുന്തീദേവി, 'കിട്ടിയെന്തായാലും പതിവുപോലെ അഞ്ചുപേരും സമമായി ഭാഗിച്ചെടുത്തുകൊള്ളുക' എന്നു പറയുന്നു.

അമ്മയുടെ വാക്ക് കേട്ട് സ്തംബ്ദരായി പാണ്ഡവർ നില്ക്കുന്നു! കുന്തിയും വെളിയില്‍ വന്നുനോക്കുമ്പോള്‍ പാഞ്ചാലിയെ കണ്ട് നടുങ്ങുന്നു. താന്‍ അറിയാതെ പറഞ്ഞുപോയ വാക്കോര്‍ത്ത് പശ്ചാത്തപിക്കുന്നു.. പക്ഷെ, അപ്പോൾ അവിടെ വന്നെത്തുന്ന ശ്രീകൃഷ്ണനും വേദവ്യാസനും അവരെ സമാധാനിപ്പിക്കുന്നു.

വേദവ്യാസമഹര്‍ഷി ദ്രുപദരാജാവിനോട് പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു...

പാണ്ഡവനെ പിന്തുടർന്ന് അവിടെ എത്തിയ ധൃഷ്ടദ്യുമ്നൻ തിരിച്ച് കൊട്ടാരത്തിൽ ചെന്ന്, പാഞ്ചാലി സ്വയംവരം ചെയ്തത് അർജ്ജുനനെയാണെന്നും പാണ്ഡവർ ജീവിച്ചിരിപ്പുണ്ടെന്നും മറ്റും പറയുമ്പോൾ ദ്രുപദമഹാരാജാവിനു വലിയ ആശ്വാസമാകുന്നു. പക്ഷെ, പാഞ്ചാലി അഞ്ചു പേരുടെയും കൂടി ഭാര്യയാകണം എന്ന് കുന്തിയുടെ വ്യവസ്ഥ ദുർപദനെ ദുഃഖത്തിലാഴ്തുന്നു. പക്ഷെ, അപ്പോൾ അവിടെ ചെന്നെത്തിയ വേദവ്യാസമഹര്‍ഷി ദ്രുപദരാജാവിനോട് പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു..

പാഞ്ചാലിയുടെ പൂര്‍വ്വകഥ അടുത്തതില്‍...

Monday, September 6, 2010

മഹാഭാരതം 16 (അംഗാരവര്‍ണ്ണന്‍‌ പറഞ്ഞ കഥകള്‍‌..)

അരക്കില്ലം കത്തിക്കരിഞ്ഞ് അനാധരായ പാണ്ഡവര്‍ വനവാസം ചെയ്യവേ, ഒരിക്കല്‍ ഒരു ബ്രാഹ്മണനെ കണ്ടുമുട്ടുന്നു. ബ്രാഹ്മണന്‍ താന്‍ പാഞ്ചാലീ സ്വയം വരത്തിനു പോവുകയാണെന്ന് പറയുന്നു..


പാഞ്ചാലിയെ അര്‍ജ്ജുനന് വിവാഹം ചെയ്തുകൊടുക്കാന്‍‍ യജ്ഞത്തില്‍ നിന്ന് ജനിച്ചതാണെന്നും, പക്ഷെ, പാണ്ഡവര്‍ അരക്കില്ലത്തില്‍ പെട്ട് വെന്തു മരിച്ചതുകൊണ്ട് ഇനി എന്തു ചെയ്യും എന്നറിയില്ല എന്നും ബ്രാഹ്മണന്‍ പറയുന്നു. അവിടെ ഒരു മരത്തില്‍ ഒരു കിളിയെ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. താഴെ ജലാശയത്തില്‍ അതിന്റെ പ്രതിബിംബം നോക്കി അമ്പെയത് അതിന്റെ കണ്ഠത്തില്‍ കൊള്ളിക്കുന്നവനു മാത്രമെ പാഞ്ചാലിയെ വരിക്കാനാകൂ, എല്ലാ രാജാക്കന്മാരും ബ്രാഹമണരും പോകുന്നുണ്ട്, നല്ല സദ്യയും ഉണ്ട്, ചിലര്‍ പാഞ്ചാലിയെ കാണാനും സദ്യയില്‍ പങ്കെടുക്കാനും ആയും പോകുന്നുണ്ട് എന്നൊക്കെ പറയുമ്പോള്‍ പാണ്ഡവരും ആ ബ്രാഹ്മണനോടൊപ്പം പാഞ്ചാലീ സ്വയംവര‍ത്തില്‍ പങ്കെടുക്കാനായി പോകുന്നു


വഴിയില്‍ വച്ച് വ്യാസമഹര്‍ഷിയെ കാണുകയും അദ്ദേഹം പാഞ്ചാലിയെ ‍ 5 പേരും ചേര്‍ന്ന് വേള്‍ക്കാന്‍ പറയുകയും ചെയ്യുന്നു. കാരണം കഴിഞ്ഞ ജന്മത്തില്‍ പാഞ്ചാലി പരമശിവനോട് നല്ല ഭര്‍ത്താവു വേണം എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍, പ്രത്യക്ഷനായ പരമശിവനോട് , പരിഭ്രമത്താല്‍, 5 പ്രാവശ്യം തനിക്ക് നല്ല ഭര്‍ത്താവ് വേണം എന്ന് പറഞ്ഞുപോയതുകൊണ്ട്, പരമശിവന്‍ പറയുന്നു, അടുത്ത ജന്മം നിനക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടാകും എന്നും, എന്നാല്‍ നിനക്ക് അതുകൊണ്ട് അപഖ്യാതി ഒന്നും ഉണ്ടാകില്ല എന്നും പറയുന്നു (കഥ വിശദമായി 21 ല്‍). കഥ പറഞ്ഞശേഷം, അതുകൊണ്ട് അഞ്ചുപേരും ചേര്‍ന്ന് പാഞ്ചാലിയെ വിവാഹം ചെയ്യാന്‍ അനുഗ്രഹിച്ചി, വേദവ്യാസമഹര്‍ഷി പാണ്ഡവരെ പാഞ്ചാലരാജ്യത്തേക്ക് അയക്കുന്നു.

രാത്രി അര്‍ജ്ജുനന്‍ ഒരു പന്തവും കൊളുത്തി ഗംഗാനദി കടക്കുവാന്‍ ശ്രമിക്കുമ്പോള്‍ അംഗാരവര്‍ണ്ണന്‍ എന്ന ഗന്ധര്‍വ്വന്‍ പരിവാരസമേതം അവിടെ കുളിക്കുന്നതു കാണാനിടയായി. പാണ്ഡവരെ കണ്ട് കുപിതനായി അംഗാരവര്ണ്ണന്‍, ‘രാത്രി ഇതുവഴി മനുഷ്യര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമില്ലെന്നും അങ്ങിനെ മനുഷര്‍ പെട്ടുപോയാല്‍ യക്ഷ രാക്ഷസ ഗന്ധര്‍വ്വന്മാര്‍ അവരെ കൊന്നു തിന്നും എന്നും, താന്‍ പാണ്ഡവരെ കൊല്ലാന്‍ പോവുകയാണെന്നും പറയുന്നു.

ഇതുകേട്ട് ദേഷ്യം വന്ന അര്‍ജ്ജുനന്‍ തങ്ങള്‍ സാധാരണ മനുഷ്യരല്ലെന്നും, തന്നോട് യുദ്ധം ചെയ്ത് ജയിക്കാന്‍ അംഗാരവര്‍ണ്ണനെ വെല്ലുവിളിക്കയും ചെയ്യുന്നു. അംഗാരവര്‍ണ്ണനും അര്‍ജ്ജുനനും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ അര്‍ജ്ജുനന്‍ ആഗ്നേയാസ്ത്രം തൊടുത്ത് അംഗാരവര്‍ണ്ണനെ തോല്‍പ്പിക്കുന്നു. അംഗാരവര്‍ണ്ണനെ കൊല്ലാതെ വിടാന്‍ അംഗാരവര്‍ണ്ണന്റെ ഭാര്യ അപേക്ഷിക്കയാല്‍ അപ്രകാരം ചെയ്യുന്നു അര്‍ജ്ജുനന്‍. പ്രത്യുപകാരമായിഅംഗാരവര്‍ണ്ണന്‍ അര്‍ജ്ജുനന് ‘ചാക്ഷുഷി’ എന്ന വിദ്യ ഉപദേശിച്ചു കൊടുക്കുന്നു. അര്‍ജ്ജുനന്‍ ഗന്ധര്‍വ്വനു ‘ആഗ്നേയാസ്ത്ര’വും പറഞ്ഞുകൊടുത്ത്, ഇരുവരും ഉറ്റമിത്രങ്ങളാവുന്നു.

അപ്പോള്‍ അംഗാരവര്‍ണ്ണന്‍ പാണ്ഡവരോട്, “താപത്യന്മാരായ നിങ്ങള്‍ എന്തു കര്‍മ്മവും ചെയ്യുമ്പോള്‍ അത് ഒരു ബ്രാഹ്മണനെ മുന്‍‌നിര്‍ത്തി വേണം ചെയ്യാന്‍” എന്നു ഉപദേശിക്കുന്നു.

അപ്പോള്‍ അര്‍ജ്ജുനന്‍, “അങ്ങ് എന്താണ് ഞങ്ങളെ താപത്യന്മാ‍ര്‍ എന്നു വിളിച്ചത്?” എന്നു ചോദിക്കുന്നു.


അതിനു മറുപടിയായി ബ്രാഹ്മണനായ വസിഷ്ഠമഹര്‍ഷിയെ മുന്‍‌നിര്‍ത്തി വിജയസാധ്യം വരിച്ച സംവരണന്റെ കഥ അംഗാരവര്‍ണ്ണന്‍ പറയുന്നു...

സൂര്യദേവന്റെ പുത്രിയായിരുന്നു തപതി. തപതി അതീവസുന്ദരിയായിരുന്നു. അവളെ തന്റെ ഭക്തന്‍ -ഋഷകന്റെ പുത്രനായ - സംവരണനു വിവാഹം കഴിച്ചുകൊടുക്കണമെന്നും സൂര്യദേവന്‍ നിശ്ചയിച്ചിരിക്കെ,

ഒരിക്കല്‍ സംവരണന്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതീവ സുന്ദരിയായി തപതിയെ കണ്ട് മോഹിതനായി, അവളോടെ വിവാഹാഭ്യര്‍ത്ഥന നടത്തുന്നു.

താന്‍ സൂര്യദേവന്റെ പുത്രി തപതിയാണെന്നും തന്റെ പിതാവിനെ പ്രാര്‍ത്ഥിച്ച് സമ്മതം വാങ്ങിയാല്‍ അങ്ങയെ വിവാഹം കഴിക്കാം എന്നും പറഞ്ഞ് തപതി പോകുന്നു.

സംവരണന്‍ മോഹവിവശനായി ‘തപതി’ ‘തപതി’ എന്നും ഉരുവിട്ട് മോഹാത്സ്യപ്പെട്ട് വീഴുന്നു.

സംവരണന്റെ ബുദ്ധിമാനായ മന്ത്രി സംവരണനെ സമാധാനിപ്പിച്ച്, വസിഷ്ഠമഹര്‍ഷിയെ സേവിച്ചാല്‍ അദ്ദേഹം സഹായിക്കും എന്നു പറയുന്നു.

അപ്രകാരം വസിഷ്ഠമഹര്‍ഷിയെ പൂജിച്ച് , വസിഷ്ഠമഹര്‍ഷി എത്തുമ്പോള്‍ സംവരണന്‍ തന്റെ ദുഃഖം വസിഷ്ഠനെ അറിയിച്ച് പോംവഴി ആരായുന്നു.

വസിഷ്ഠമഹര്‍ഷി സൂര്യദേവനെ ധ്യാനിച്ച്, സൂര്യദേവന്‍ പ്രത്യക്ഷമാവുമ്പോള്‍ സംവരണന്‍ തപതിയില്‍ അനുരക്തനാണെന്നും വിവാഹം കഴിച്ചുകൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അങ്ങ് എന്തപേക്ഷിച്ചാലും തനിക്ക് വിസമ്മതിക്കാന്‍ നിര്‍വ്വാഹമില്ലെന്നും, എന്നാല്‍ തപതിയെ താന്‍ ആദ്യമേ സംവരണനു നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണെന്നും പറഞ്ഞ് അവരുടെ വിവാഹം നടത്തുന്നു.

കഥ പറഞ്ഞു തീര്‍ത്തശേഷം അംഗാരവര്‍ണ്ണന്‍ പാണ്ഡവരോട് പറയുന്നു, “ഈ കഥ പറയാന്‍ കാരണം സംവരണന്‍ വസിഷ്ഠനെ മുന്‍‌നിര്‍ത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയതുകൊണ്ടാണ് വിഘ്നങ്ങളൊന്നും കൂടാതെ ശുഭമായി എല്ലാം കലാശിച്ചത്. അതുകൊണ്ട് നിങ്ങളും ഒരു ബ്രാഹ്മണനെ മുന്‍‌നിര്‍ത്തി എല്ലാം ചെയ്ക” എന്ന്.

അംഗാരവര്‍ണ്ണന്‍ തുടര്‍ന്ന് കല്‍മാഷചരിതവും, ഔര്‍വ്വചരിതവും, പാണ്ഡവര്‍ക്ക് വിവരിക്കുന്നു (മഹാഭാരതം-17, 18).

കഥകളൊക്കെ കേട്ടശേഷം അര്‍ജ്ജുനന്‍, ‘തങ്ങള്‍ ഏതു ബ്രാഹ്മണനെ മുന്‍‌നിര്‍ത്തി എല്ലാം ചെയ്യും?’ എന്ന് ചോദിക്കുമ്പോള്‍, ‘നിങ്ങള്‍ ധൌമ്യമഹര്‍ഷിയെ സേവ ചെയ്യുക’ എന്നു ‍ പറയുന്നു. അങ്ങിനെ ധൌമ്യമഹര്‍ഷിയെ പ്രീതിപ്പെടുത്തി, അദ്ദേഹത്തോടൊപ്പമാണ് പാണ്ഡവര്‍ പാഞ്ചാലീ സ്വയംവരത്തിനെത്തുന്നത്. (മഹാഭാരതം-19)

Saturday, September 4, 2010

മഹാഭാരതകഥ-15 (ഹിഡിംബന്‍, ബകന്‍...ഘടോല്‍ക്കചന്‍)

രക്ഷപ്പെട്ട പാണ്ഡവരോട് ശ്രീകൃഷ്ണനും വിദുരരും, ‘ഉടനെ ഹസ്തിനപുരിയിലേക്ക് പോകണ്ട. നിങ്ങള്‍ മരിച്ചതായി തന്നെ ദുര്യോധനാദികള്‍ തല്‍ക്കാലം കരുതിക്കോട്ടെ’ എന്നു പറഞ്ഞ് കാനനത്തില്‍ താമസിക്കാന്‍ പ്രേരിപ്പിക്കുന്നു.

കാട്ടില്‍ താമസമാക്കിയ പാണ്ഡവരെ കൊല്ലാനായി ഹിഡിംബന്‍ എന്ന ക്രൂരരാക്ഷസന്‍ തന്റെ സഹോദരി ഹിഡിംബിയെ അയക്കുന്നു. പക്ഷെ, ഹിഡിംബിക്ക് ഭീമനോട് അനുരാഗം തോന്നി അടുക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അവിടെ എത്തിയ ക്രൂരനായ ഹിഡിംബന്‍ ഭീമനെ കൊല്ലാന്‍ ശ്രമിക്കുന്നു. ഏറ്റുമുട്ടലില്‍ ഭീമന്‍ ഹിഡിംബനെ കൊല്ലുന്നു. അനാധയായ ഹിഡിംബിയെ ഭീമന്‍ വേള്‍ക്കുന്നു. അവര്‍ക്ക് ഘടോള്‍ക്കചന്‍ എന്ന ഒരു പുത്രന്‍ ഉണ്ടാകുന്നു..അവിടെ എത്തിയ വേദവ്യാസന്‍ എല്ലാം നല്ലതിനുവേണ്ടിയാണെന്ന് പറഞ്ഞ് കുന്തിയെ ആശ്വസിപ്പിക്കുന്നു..
കാട്ടില്‍ വച്ച് ഭീമന്‍ ബകനെയും കൊല്ലുന്നു

ബകന്‍ മറ്റൊരു ദുഷ്ടരാക്ഷസനായിരുന്നു.. അവന്‍ ഓരോരുത്തരെയായി ഭക്ഷിച്ചു തിന്നുവാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് ഓരോ ദിവസം ഓരോരുത്തരായി ബകന്റെ മുന്നില്‍ ചെന്നോളാം എന്ന് പറയുന്നു. അപ്പോള്‍ ബകന്‍ ഓരോദിവസവും തനിക്ക് ആയിരം പറ അരിയുടെ ചോറും അതിനൊത്ത കറികളും രണ്ട് പോത്തും പിന്നെ കൊണ്ടുചെല്ലുന്ന പുരുഷനും മതിയാകും എന്ന് പറയുന്നു..

പാണ്ഡവര്‍ കാട്ടിലൂറ്റെ സഞ്ചരിക്കുമ്പോള്‍ ഏകചക്ര എന്ന ഗ്രാമത്തില്‍ എത്തി. അവിടെ ഒരു ബ്രാഹ്മണ ഗൃഹത്തില്‍ ഭിക്ഷയാചിക്കുവാന്‍ എത്തുമ്പോള്‍ വീട്ടിലുള്ള എല്ലാപേരും കരഞ്ഞുകൊണ്ടിരിക്കുന്നത് കാണുന്നു. കാരണം അന്വേക്ഷിക്കുമ്പോള്‍ ബകന്‍ എന്ന രാക്ഷസന്റെ കഥയും, ഇന്ന് തന്റെ ഒരേ ഒരു പുത്രന്റെ ഊഴമാണ് ബകന് ഭക്ഷണവുമായി പോകേണ്ടതെന്നു പറഞ്ഞ് കരയുന്നു..

അപ്പോള്‍ കുന്തി അവരെ സമാധാനിപ്പിക്കുന്നു, “നിങ്ങള്‍ക്ക് ഒരു പുത്രനല്ലെ ഉള്ളൂ, എനിക്ക് അഞ്ച് പുത്രന്മാരുണ്ട്. അവരില്‍ ഒരാള്‍ ഇന്ന് ഭക്ഷണം കൊണ്ടുപൊയ്ക്ക്കൊള്ളും” എന്ന്.

ബകനെ കൊല്ലാന്‍ ഭീമനാണ് അനുയോജ്യന്‍ എന്നറിഞ്ഞ് കുന്തി ഭീമനോട് ഭക്ഷണവുമായി പോകാന്‍ പാറയുന്നു. ഭീമന്‍ ബകന് ഭക്ഷണവുമായി കാട്ടില്‍ ചെല്ലുന്നു. ബകന്‍ ഭീമനെ കൊല്ലാന്‍ വരുമ്പോള്‍ കാണുന്നത് തനിക്ക് കൊടുത്തയച്ച ഭക്ഷണമെല്ലാം കഴിച്ചുകൊണ്ടിരിക്കുന്ന ഭീമനെയാണ്. ഇത് ബകനെ കോപാകുലനാക്കുന്നു. ഭീമനും ബകനുമായി നടന്ന ഏറ്റുമുട്ടലില്‍ ഭീമന്‍ ക്രൂരനായ ബകനെ വധിച്ച് ഗ്രാമവാസികളെ രക്ഷിക്കുന്നു..

Friday, September 3, 2010

മഹാഭാരതകഥ-14 (അരക്കില്ലം)

ധൃതരാഷ്ട്രരും ഭീഷ്മമാദി ഗുരുക്കന്മാരും ചേര്‍ന്ന് ധര്‍മ്മപുത്രരെ വിധിപ്രകാരം യുവരാജാവായി അഭിഷേകം ചെയ്തു. ഇത് ദുര്യോദനനും കര്‍ണ്ണനും സഹിക്കാനാവാത്ത പകവളര്‍ത്തി. അവര്‍ എങ്ങിനെയും പാണ്ഡവരെ നശിപ്പിക്കണം എന്ന് പ് ളാനിട്ടു. അതിനായി ഒഴിഞ്ഞു കിടക്കുന്ന വാരണാവതത്തില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ച് അവരെ അങ്ങോട്ട് മാറ്റാന്‍ ധൃതരാഷ്ട്രരെ പ്രേരിപ്പിക്കുന്നു..
ധൃതരാഷ്ട്രര്‍ പാണ്ഡവരുടെ രക്ഷക്കായാണ് ഈ മാറ്റം എന്നു പറഞ്ഞ് അവരെ സമ്മതിപ്പിക്കുന്നു.

ദുര്യോധനന്‍ ഇതിനകം കൊട്ടാരം‍ നിര്‍മ്മിക്കുന്ന പുരോചനനെ വശീകരിച്ച് തീയിട്ടാല്‍ പെട്ടെന്ന് നശിക്കുന്ന പ്രകാരം ആ കൊട്ടാരം(അരക്കില്ലം) നിര്‍മ്മിക്കുന്നു.. ഇത് മനസ്സിലാക്കിയ വിദുരര്‍ ദുര്യോധനന്‍ അറിയാതെ കൊട്ടാരത്തിനടിയില്‍ രക്ഷപ്പെടാനായി ഖനികനെ കൊണ്ട് ഒരു തുരങ്കവും നിര്‍മ്മിക്കുന്നു..

കൊട്ടാരത്തിലെത്തി താമസമാരംഭിച്ച പാണ്ഡവര്‍ ഏകദേശം ഒരു വര്‍ഷക്കാലം സുഖമായി താമസിച്ചു. ഒരു ദിവസം അവിടെ ഒരു രാക്ഷസി തന്റെ അഞ്ചു പുത്രന്മാരുമായി അന്തിയുറങ്ങി.

അന്നു തന്നെയാണ് പുരോചനന്‍ കൊട്ടാരത്തിനു തീവച്ചതും. തീക്കുള്ളില്‍ അകപ്പെട്ട് വിഷമിക്കുന്ന പാണ്ഡവരെ ഖനികന്‍ വന്ന് മുറിക്കടിയിലെ തുരങ്കം തുറന്ന് അതിലൂടെ രക്ഷപ്പെടുത്തുന്നു.
പാണ്ഡവര്‍ രക്ഷപ്പെട്ടു എന്ന് വിദുരന്‍ ഖനികന്‍ മുഖേന അറ്ഞ്ഞ് ആശ്വസിക്കുന്നു, പക്ഷെ കൊട്ടാരത്തിലെ മറ്റാരോടും അതെപ്പറ്റി പറയുന്നില്ല.

കത്തിക്കരിഞ്ഞു കിടന്ന രാക്ഷസിയുടെയും അഞ്ചുപുത്രന്മാരുടെയും മൃതദേഹം കണ്ട് പാണ്ഡവര്‍ മരിച്ചിരിക്കും എന്ന നിഗമനത്തിലെത്തി ദുര്യോധനാദികള്‍ സന്തോഷിക്കുന്നു.

കൊട്ടാരത്തിലെ മറ്റെല്ലാവരും പാണ്ഡവരുടെ ദുര്‍ഗതിയോര്‍ത്ത് പരിതപിക്കുന്നു.

മഹാഭാരതകഥ-13 (ഗുരുദക്ഷിണ, ധൃഷ്ടദ്യുമനന്‍‌, പാഞ്ചാലി)

ഗുരുദക്ഷിണ
വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോള്‍‍ തന്റെ ശിക്ഷ്യന്മാര്‍ ഗുരുദക്ഷിണ നല്‍കാനായി അടുത്തു ചെല്ലുമ്പോള്‍,ദ്രുപദരാജാവ് തന്നെ അപമാനിച്ചതിന് ഒരു പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ജീവിച്ചിരുന്ന ദ്രോണര്‍, ആവശ്യപ്പെടുന്നത് ‘ദ്രുപദരാജാവിനെ തോല്‍പ്പിച്ചു കൊണ്ടുവരിക’ എന്നതായിരുന്നു. (ദ്രോണര്‍ക്ക് ദ്രുപദനോട് ശത്രുത തോന്നാന്‍ കാരണം എങ്ങിനെ എന്ന് ഇവിടെ ഉണ്ട്)

ദുര്യോദനന്‍ ആവേശപ്പെട്ട് ആദ്യം യുദ്ധത്തിനു ചെന്നെങ്കിലും ദ്രുപദനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു മടങ്ങി വരുന്നു.

അര്‍ജ്ജുനന്‍ വിജയശ്രീലാളിതനായി ദ്രുപദമഹാരാജാവിനെ തോല്‍പ്പിച്ച് ദ്രോണരുടെ മുന്നില്‍ കൊണ്ടു നിര്‍ത്തുന്നു..

അപമാനത്താല്‍ കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുന്ന ദ്രുപദനോട്, ‘ഇപ്പോള്‍ നാം തുല്യരായോ?’ എന്ന് ചോദിക്കുന്നു. യുദ്ധത്തില്‍ മരണപ്പെടുന്നതിനെക്കാളും വലിയ ദുഃഖമാണ് തോല്‍പ്പിച്ചവന്റെ നിന്ദ. അതുകേട്ട് ദ്രുപദന്റെ ശിരസ്സ് വീണ്ടും കുനിയുന്നു..

ഗുരുപത്നിയായ കൃപിയുടെ ഇടപെടല്‍ കാരണം (കൃപി ചോദിക്കുന്നു, ‘അങ്ങും ദ്രുപദനെപ്പോലെ വിവേകമില്ലാതെ പക വച്ചുപുലര്‍ത്തിയാല്‍ പിന്നെ അങ്ങും സാധാരണക്കാരും തമ്മില്‍ എന്തു വ്യത്യാസം.. പൊറുക്കുന്നവനാണ് ശ്രേഷ്ഠന്‍..’എന്നൊക്കെയുള്ള ഓര്‍മ്മപ്പെടുത്തല്‍..) ദ്രോണര്‍ ദ്രുപദന് തന്റെ രാജ്യം തിരിച്ചു നല്‍കിവിട്ടയക്കുന്നു..

ദ്രുപദന് പക്ഷെ തനിക്കേര്‍പ്പെട്ട അപമാനം സഹിക്കാനാവുന്നതല്ലായിരുന്നു.. ആ വാശിയില്‍ തിരിച്ച് പോയി വളരെ വിശേഷപ്പെട്ട രീതിയില്‍ ഒരു യാഗം നടത്തുന്നു. ദ്രോണരെ കൊല്ലാനായി ഒരു പുത്രനെ കിട്ടാനായിരുന്നു യജ്ഞം നടത്തിയത്.

ഹോമകുണ്ഡത്തില്‍ നിന്നും സൂര്യതേജസ്സുള്ള ഒരു പുത്രനും ലക്ഷ്മീദേവിയെപ്പോലെ ഒരു മകളും ദ്രുപദന് കിട്ടുന്നു. മകന്‍ ധൃഷ്ടദ്യുമനനും, മകള്‍ കൃഷ്ണ (പാഞ്ചാലി), പിന്നീട് നപുംസകമായ ശിഖണ്ഡിയും ജനിക്കുന്നു.. (ശിഖണ്ഡി ദ്രുപദരാജ്യത്ത് പുനര്‍ജനിക്കുന്നു എന്ന് എഴുതിയിരുന്നല്ലൊ).

ദ്രോണരെ കൊല്ലാനായി ജനിച്ച ധൃഷ്ടദ്യുമ്നന്‍ ദ്രോണരുടെ കീഴില്‍ നിന്നു തന്നെ വിദ്യ അഭ്യസിക്കുന്നു..
പകയെല്ലാം മറന്ന് ദ്രോണര്‍ ധൃഷ്ടദ്യുമനനെ ശിഷ്യനായി അംഗീകരിക്കുന്നു..

മഹാഭാരതകഥ-12 (അസ്ത്രപരീക്ഷ, കര്‍ണ്ണന്‍‌)

പഠിപ്പു പൂര്‍ത്തിയാക്കിയ കൌരവപാണ്ഡവന്മാരുടെ ഒരു അസ്ത്രപരീക്ഷ നടത്താന്‍ ഗുരു ദ്രോണര്‍ തീരുമാനിക്കുന്നു...

നിറഞ്ഞ സദസ്സില്‍ വച്ച ഓരോരുത്തരായി തങ്ങളുടെ വൈഭവം പ്രദര്‍ശിപ്പിക്കുന്നു..

ശ്രീകൃഷ്ണനും ബലരാമന്‍ തുടങ്ങി പല രാജാക്കന്മാരും കുരു പുത്രന്മാരുടെ അഭ്യാസങ്ങള്‍ കാണാന്‍ സന്നിഹിതരായിരുന്നു..

ഭീമനും ദുര്യോദനനും അതൊരു വെറും പരീക്ഷണം എന്നതിലുപരി പര‍സ്പരം യുദ്ധത്തിലെന്നപോലെ പൊരുതാന്‍ നോക്കുന്നു. അപ്പോള്‍ ഗുരുക്കന്മാര്‍ ഇടപെട്ട് പിടിച്ചു മാറ്റുന്നു..

അര്‍ജ്ജുനനെ വെല്ലാന്‍ ആരും ഇല്ലാത്തവിധം വിജയിയായി പ്രഖ്യാപിക്കപ്പെട്ട് സദസ്സിന്റെ പ്രശംസപിടിച്ചുപറ്റി അര്‍ജ്ജുനന്‍ നില്‍ക്കുമ്പോള്‍ സൂതപുത്രനായ കര്‍ണ്ണന്‍ സദസ്സില്‍ പ്രത്യക്ഷപ്പെട്ട്, തനിക്ക് അര്‍ജ്ജുനനോട് മത്സരിക്കണം എന്നു പറയുന്നു. പക്ഷെ, കൃപാചാര്യര്‍ വെറും സൂതപുത്രനായ കര്‍ണ്ണനു ക്ഷത്രിയനായ അര്‍ജ്ജുനനോട് മത്സരിക്കാന്‍ യോഗ്യതയില്ല എന്ന് പ്രഖ്യാപിക്കുന്നു.

പക്ഷെ, അര്‍ജ്ജുനനെ വെല്ലാന്‍ പോന്ന ഒരാളെ കിട്ടിയ സന്തോഷത്തില്‍ ദുര്യോധനന്‍ കര്‍ണ്ണനെ അംഗരാജ്യത്തെ രാജാവായി വാഴിച്ച് കര്‍ണ്ണന് രാജപദവി നല്‍കി ആദരിക്കുന്നു.

കര്‍ണ്ണന്റെ കര്‍ണ്ണകുണ്ഠലങ്ങളും കവചവും കണ്ട് കുന്തി കര്‍ണ്ണനെ തിരിച്ചറിയുകയും തന്റെ തന്നെ പുത്രന്മാര്‍ എതിരാളികളാകുന്നതും സൂര്യപുത്രനായ കര്‍ണ്ണന്‍ സൂതപുത്രനെന്നു വിശേഷിപ്പിക്കപ്പെട്ട് അപമാനിതനാകുന്നതും ഒക്കെ കണ്ട് മോഹാത്സ്യപ്പെട്ട് തളര്‍ന്ന് വീഴുന്നു..


നേരം വൈകിയതിനാല്‍ അന്ന് കര്‍ണ്ണന് തന്റെ പാടവും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കിലും താന്‍ ഒരിക്കല്‍ അര്‍ജ്ജുനനെ നേരുക്കുനേര്‍ നിന്ന് യുദ്ധത്തില്‍ തോല്‍പ്പിക്കും എന്നു ശപഥം ചെയ്ത് കര്‍ണ്ണന്‍ ദുര്യോധനനോടൊപ്പം രംഗത്തില്‍ നിന്നും വിരമിക്കുന്നു..