Thursday, July 29, 2010

മഹാഭരതം -7(പാണ്ഡുവിന് ശാപം കിട്ടുന്നു)

കുന്തിയോടും മാദ്രിയോടും അളവിലേറെ സ്നേഹം ഉള്ള പാണ്ഡു അവരുമൊപ്പം അത്യധികം ഉല്ലാസത്തോടെ കാനനത്തില്‍ വിനോദയാത്രയ്ക്കായി പോകുന്നു. അവിടെ വച്ച് ഇണചേര്‍ന്നുകൊണ്ടിരുന്ന രണ്ട് മാനുകളെ അമ്പെയ്ത് വീഴുത്തുന്നു. അത് മാനിന്റെ വേഷത്തില്‍ ഇണചേര്‍ന്നു രമിച്ചുകൊണ്ടിരുന്ന ഖിണ്ഡിം മഹര്‍ഷിയും ഭാര്യയും ആയിരുന്നു. മഹര്‍ഷി മരിക്കും മുന്‍പ് , 'ഇണചേര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരു പ്രാണികളേയും കൊല്ലരുത് ' എന്ന മര്യാദ ലംഘിച്ച് അതിക്രൂരത കാട്ടിയ പാണ്ഡുവിനെ 'ഇനിമേല്‍ പാണ്ഡുവും സ്ത്രീസംഗമം നടത്തിയാല്‍ ഉടന്‍ തന്നെ മരിച്ചുപോകട്ടെ' എന്നു ശപിക്കുന്നു.

നിരാശനായി തളര്‍ന്ന ഹൃദയത്തോടെ കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന പാണ്ഡു, മുനിയുടെ ശാപം കിട്ടിയ രാജാവ് രാജ്യം ഭരിക്കുന്നത് ശോഭനമല്ലെന്നും, തനിക്ക് ഭരണകാര്യങ്ങളില്‍ ഇനി ശ്രദ്ധചെലുത്താനാവില്ലെന്നും പറഞ്ഞ് ഭീഷ്മരോടപേക്ഷിച്ച് , ജ്യേഷ്ഠന്‍ ധൃതരാഷ്ട്രറെ രാജാവായി അഭിഷേകം ചെയ്ത് വനവാസത്തിനായി പോകുന്നു. സ്നേഹനിധിയായ പാണ്ഡുവിനെ പിരിഞ്ഞ് ജീവിക്കാനാവില്ലെന്നും പറഞ്ഞ് കുന്തിയും മാദ്രിയും പാണ്ഡുവിനൊപ്പം പോകുന്നു..

പാണ്ഡുവിനു സംഭവിച്ച ദുര്‍വിനിയോഗത്തില്‍ ഖേദം തോന്നുമെങ്കിലും, വിചാരിച്ചിരിക്കാതെ കൈവന്ന ഭാഗ്യത്താല്‍ ധൃതരാഷ്ട്രറും ഗാന്ധാരിയും അത്യന്തം സന്തോഷിക്കുന്നു. ശകുനി അതിലേറെ സന്തോഷിക്കുന്നു. ഇനി ഹസ്തിനപുരത്തെ അയാള്‍ വിചാരിക്കും വിധം കൈകാര്യം ചെയ്യാമെന്ന ദുര അയാളെയും ഉന്മത്തനാക്കുന്നു.

ഭാര്യമാരോടൊപ്പം കാട്ടില്‍ പോയ പാണ്ഡുവിനെന്തു സംഭവിച്ചു എന്നത് അടുത്തതില്‍..

മഹാഭാരതം-6(ഗാന്ധാരി, കുന്തി)

സത്യവതി വ്യാസനോട് അഭ്യർത്ഥിച്ചപ്രകാരം വ്യാസനിൽ നിന്നും അംബികയ്ക്ക് ധൃതരാ ഷ്ട്രരും, അംബികയ്ക്ക് പാണ്ഡുവും ദാസിയിൽ ധർമ്മരാജാവായ വിദുരരും ജനിക്കുന്നു...

ശേഷം കഥ...
ധൃതരാഷട്രരും പാണ്ഡുവും വളര്‍ന്ന് യൌവ്വനയുക്തര്‍ ആകുമ്പോള്‍ ഭീഷമര്‍ അവരുടെ വിവാഹം നടത്താല്‍ ആലോചിക്കുന്നു.

ധൃതരാഷ്ട്രരും ഗാന്ധാരിയും

ധൃതരാഷ്ട്രര്‍ക്കായി ഗാന്ധാരരാജ്യത്തെ രാജാവിനോട് ആവശ്യപ്പെടുന്നു. ഇത്രയും പ്രസിദ്ധമായ ഹസ്തിനപുരരാജാവിന്റെ വിവാഹാലോചന നിരസിക്കാന്‍ മനസ്സനുവദിക്കാതെ ധൃതരാഷ്ട്രര്‍ അന്ധനാണെന്ന കാര്യം മറന്ന് ഗാന്ധാരരാജാവ് വിവാഹബന്ധം ഉറപ്പിക്കുന്നു.

താന്‍ വിവാഹം കഴിക്കുന്ന രാജകുമാരന്‍ അന്ധനാണെന്നറിഞ്ഞ ഗാന്ധാരിയുടെ മനസ്സിടിഞ്ഞുപൊകുന്നെങ്കിലും ഉടന്‍ തന്നെ ധൈര്യം സംഭരിച്ച് വളരെ മനസ്സാന്നിദ്ധ്യത്തോടെ
തന്റെ കണ്ണുകളും മൂടിക്കെട്ടി സ്വയം അന്ധത്വം വരിക്കുന്നു. തന്നെ കാണാനാകാത്ത ഭര്‍ത്താവിനെ ഗാന്ധാരിയും കാണുന്നില്ല. തുല്യദുഃഖിതര്‍ പോലെ, അവര്‍ വിവാഹിതരാകുന്നു..
(ധൃതരാഷ്ട്രരും ഗാന്ധാരിയും മക്കളോടുള്ള സ്വാര്‍ത്ഥസ്നേഹത്താല്‍ അവരുടെ അന്യായങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ ഇതു കൂടുതല്‍ സഹായവും ആയി- പക്ഷെ പാതിവൃത്യത്തിനു ഉത്തമോദാഹരണമായി എടുത്തുകാട്ടാന്‍ ഗാന്ധാരി കഴിഞ്ഞേ മറ്റാരും കാണുകയുള്ളൂ!).

ഗാന്ധാരിയോടൊപ്പം അവളുടെ തുണയ്ക്കെന്നും പറഞ്ഞ് മഹാ വക്രശാലിയായ സഹോദരന്‍ ശകുനി കൂടി ഹസ്തിനപുരത്തില്‍ താമസമാക്കുന്നു. നീചനായ ശകുനിയാണ് കൌരവരെ നീചരായി വളരാന്‍ കാരണക്കാരനാകുന്നത്.. അയാള്‍ തന്റെ കുബുദ്ധികൊണ്ട് ഹസ്തിനപുര രാജധാനിയില്‍ പല അനര്‍ത്ഥങ്ങളും വരുത്തുന്നു.

പാണ്ഡുവും കുന്തീദേവിയും..

പാണ്ഡുവിനു വേണ്ടി കുന്തീഭോജന്റെ മകള്‍ കുന്തിയെ (പ്രീത) ആലോചിക്കുന്നു. അവരുടെ വിവാഹവും മംഗളമായി നടക്കുന്നു.

കുന്തിയുടെ പൂര്‍വ്വകഥ:

ഒരിക്കല്‍ ദുര്‍വ്വാസാവു മഹര്‍ഷിയെ ശുശ്രൂഷിക്കാനായി കന്യകയായ കുന്തി തന്റെ പിതാവിനാല്‍ നിയോഗിതയായി. അത്യന്തം ഭക്തിയോടെ മഹര്‍ഷിയെ പൂജ അവസാനം വരെ ആത്മാര്‍ത്ഥമായി സഹായിച്ചതില്‍ സംപ്രീതനായി മഹര്‍ഷി കുന്തിക്ക് ദേവഭൂതി മന്ത്രം ഉപദേശിച്ചുകൊടുക്കുന്നു.. ഏതുദേവനെ മനസ്സില്‍ വിചാരിച്ച് ആ മന്ത്രം ജപിക്കുന്നുവോ ആ ദേവനില്‍ നിന്നും പുത്രനെ ലഭിക്കും എന്നതായിരുന്നു ആ മന്ത്രഫലം.

കുമാരിയായിരുന്ന കുന്തിയ്ക്ക് തനിക്കു കിട്ടിയ മന്ത്രം വലരെ വിചിത്രമായി തോന്നി. അത് ശരിക്കും ഉള്ളതാണൊ എന്നറിയാനായി ഒരിക്കല്‍ ഉദിച്ചുയരുന്ന സൂര്യഭഗവാനെ നോക്കി ആ മന്ത്രം ചൊല്ലി.
അല്പം കഴിഞ്ഞപ്പോഴേക്കും കുന്തിയുടെ മുന്നില്‍ സൂര്യഭഗവാന്‍ പ്രത്യക്ഷപ്പെട്ടു! പരിഭ്രാന്തയായ കുന്തി താന്‍ വെറുതെ മന്ത്രം ഫലിക്കുമോന്നറിയാന്‍ വേണ്ടി വെറുതെ ചൊല്ലിയതാണെന്നും ദയവായി തിരിച്ചുപോകാനും സൂര്യഭഗവാനോട് അപേക്ഷിക്കുന്നു. സൂര്യഭഗവാന്‍ പുഞ്ചിരിച്ചുകൊണ്ട്, 'ഈ മന്ത്ര ശക്തിയാല്‍ വരുത്തിയതിനാല്‍ വരംകൊടുക്കാതെ പോകാനാവില്ല' എന്നു പറയുന്നു. പക്ഷെ കുന്തിയുടെ കന്യകാത്വത്തിനു ഭംഗം ഒന്നും വരുത്തില്ലെന്നു പറഞ്ഞ് ധൈര്യവതിയാക്കി കുന്തിയില്‍ പുത്രോല്പാദനം നടത്തി മടങ്ങുന്നു. താമസിയാതെ കുന്തി ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു. കാതില്‍ ഒരു കുണ്ഡലവും മാറില്‍ കവചവുമോടെയാണ് സൂര്യഭഗവാന്റെ മകന്‍ കര്‍ണ്ണന്‍ ജനിക്കുന്നത്.

കുഞ്ഞിനെ കണ്ടപ്പോള്‍ കന്യകയായ കുന്തിക്ക് ആഹ്ളാദത്തിലേറെ പരിഭ്രാന്തയായി. ഒരറ്റത്ത് മാതൃസ്നേഹം മറ്റൊരറ്റത്ത് താന്‍ മൂലം രാജ്യത്തിന് അപമാനം ഉണ്ടാകും എന്ന ഭയം. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ കുന്തി ആ കുഞ്ഞിനെ ഒരു പേടകത്തിലാക്കി നദിയില്‍ ഒഴുക്കുന്നു.

ആ പേടകം ഒഴുകിപ്പോകുന്നത് അധിരഥന്‍ എന്ന സൂതന്‍‍ കാണുകയും കുട്ടികളില്ലാത്ത അതിരഥനും ഭാര്യയും കര്‍ണ്ണനെ എടുത്ത് വളര്‍ത്തുകയും ചെയ്യുന്നു. അങ്ങിനെ സൂര്യഭഗവാന്റെ മകന്‍ കര്‍ണ്ണന്‍ സൂതപുത്രനായി വളരുന്നു. ദേവപുത്രനായ് കര്‍ണ്ണന് ആപത്തൊന്നും വരില്ല എന്നു സമാധാനിച്ച് പതിയെ പതിയെ കുന്തി തന്റെ ദുഃഖവുമായി താദ്യാമ്യം പ്രാപിക്കുന്നു..

വര്‍ത്തമാനകാലത്തിലേക്ക് വരാം..

ധൃതരാഷ്ട്രര്‍ അന്ധനായതിനാല്‍ രാജാവായാലും രാജ്യം നന്നായി പരിപാലിക്കാനാവില്ലെന്ന കാരണത്താല്‍ ഭീഷ്മര്‍ പാണ്ഡുവിനെ രാജാവായി അഭിഷേകം നടത്തുന്നു. ധൃതരാഷ്ട്രറും ഗാന്ധാരിയും തങ്ങളുടെ നൈരാശ്യം ഉള്ളിലടക്കി സന്തോഷിക്കാന്‍ ശ്രമിക്കുന്നു..

പിന്നീട് മാദ്രരാജ്യത്തെ മാദ്രി എന്ന കന്യകയെയും കുലാചാരം നിലനിര്‍ത്താനായി, ഭീക്ഷമരുടെ നിര്‍ദ്ദേശപ്രകാരം പാണ്ഡു വിവാഹം കഴിക്കുന്നു. കുന്തിക്ക് മനസ്സില്‍ പ്രയാസം തോന്നിയെങ്കിലും മാദ്രിയുടെ വിധേയത്വ സ്വഭാവവും സ്നേഹവും മര്യാദയും ഒക്കെ കണ്ട് കുന്തി അവളെ സ്വന്തം സഹോദരിയായി സ്നേഹിച്ചുപോകുന്നു.
ബാക്കി അടുത്തതില്‍..

മഹാഭാരതം-5 (സത്യവതിയുടെ ജനനകഥ)

സത്യവതി യധാര്‍ത്ഥത്തില്‍ മുക്കുവസ്ത്രീയായിരുന്നോ?!

പരാശരമഹർഷിക്ക് മുക്കുവസ്ത്രീയായ സത്യവതിയിൽ ‍ ഉണ്ടായ വേദവ്യാസന്‍ ആയിരുന്നല്ലൊ ധൃതരാരാഷ്ട്രരുടെയും പാണ്ഡുവിന്റെയും പിതാവ്.. ഈ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുമായിരുന്നു.. ഭാരതത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയൊക്കെ കൊട്ടിഘോഷിക്കുമെങ്കിലും ഭാരതത്തിന്റെ പൂര്‍വ്വമാതാവ് ഒരു മുക്കുവസ്ത്രീയായിരുന്നുവല്ലൊ എന്ന് ! എന്നാല്‍ സത്യവതി ശരിക്കും ഒരു മുക്കുവയുവതി ആയിരുന്നില്ല. സത്യവതി ശരിക്കും മുക്കുവയുവതി ആയിരുന്നോ?!

സത്യവതിയുടെ ജനനം ഇങ്ങിനെ...

ചേദി രാജ്യത്ത് വസു എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഇന്ദ്രനെ സേവിച്ച് ഒരുപാട് വരങ്ങള്‍ നേടി സര്‍വ്വ ശസ്ത്ര പരിജ്ഞാനവും ആകാശത്തിലൂടെ സഞ്ചരിക്കാനായി ഒരു വിമാനവും കരസ്ഥമാക്കി. ആകാശചാരിയായതുകൊണ്ട് അദ്ദേഹത്തിനെ പേര്‍ ഉപരിചരന്‍- വസു എന്നായി..

ഒരിക്കല്‍ ചേദിരാജ്യത്തിന്റെ ഓരത്തിലൂടെ ഒഴുകിയിരുന്ന ‘ശക്തിമതി’ എന്ന നദിയില്‍ ‘കോലാഹലന്‍’ എന്ന പര്‍വ്വത ശ്രേഷ്ഠന് അനുരാഗം തോന്നി. പര്‍വ്വതം നദിയെ ആശ്ലേഷിച്ചു! നദിയുടെ ഒഴുക്ക് നിലച്ചു. ജലനിരപ്പുയര്‍ന്ന് പ്രളയമായി. ഇതുകണ്ട് കോപത്താല്‍ ഉപരിചരവസു പര്‍വ്വതത്തെ ചവിട്ടി രണ്ടായി പിളര്‍ക്കുന്നു. ആ വിടവിലൂടെ നദി ഒഴുകാന്‍ തുടങ്ങുന്നു.. നദിക്ക് പര്‍വ്വതത്തില്‍ നിന്നും രണ്ട് മക്കളുണ്ടായി. ഒരാണും ഒരു പെണ്ണും . അവരെ നദി രാജാവിനു നല്‍കി. രാജാവ് പുരുഷനെ സേനാനായകനായും പെണ്‍കുട്ടി, ഗിരിക യെ ഭാര്യയായും സ്വീകരിച്ചു.

ഒരിക്കല്‍ രാജാവ് നായാട്ടിനു പോകുമ്പോള്‍ കാനനത്തില്‍ വസന്ത സൌകുമാര്യം അദ്ദേഹം ഗിരികയെക്കുറിച്ച് കാമാതുരനായി . അപ്പോള്‍ ഉണ്ടായ ഇന്ദ്രിയസ്ഖലനം ഒരു ഇലയില്‍ പൊതിഞ്ഞ് പരുന്തുവശം ഭാര്യയ്ക്ക് കൊടുത്തയച്ചു.. യാത്രാമദ്ധ്യേ ഇലയില്‍ എന്തോ ഭക്ഷണസാധനമാണെന്നു കരുതി മറ്റൊരു പരുന്ത് വന്ന് തടുത്തു. അതിനിടയില്‍ ശുക് ളം താഴെ കാളിന്ദി നദിയില്‍ വീഴുകയും അത് അദ്രിക എന്ന മീന്‍ എടുത്തു ഭക്ഷിക്കുകയും ചെയ്യുന്നു. അദ്രികയെ ഒരു മുക്കുവന്‍ പിടിച്ച് വയറു കീറിനോക്കുമ്പോള്‍ രണ്ട് മനുഷ്യക്കുട്ടികളെ കാണുന്നു! അദ്ദേഹം അത് രാജാവിന് സമര്‍പ്പിക്കുന്നു. രാജാവ് പെണ്‍കുട്ടിയെ മുക്കുവന് തിരിച്ചു നല്‍കുന്നു. അയാള്‍ അവള്‍ക്ക് കാളി എന്നു പേര്‍ നല്‍കുന്നു
ആണ്‍കുട്ടി മുക്കുവരാജാവും ആകുന്നു. കാളിയാണ് സാക്ഷാല്‍ സത്യവതി .

ചുരുക്കത്തില്‍.. സത്യവതി അദ്രിക എന്ന മീനിന്റെയും ഉപരിചര വസു എന്ന ചേദിരാജാവിന്റെയും മകളാണെന്നു സാരം..