Monday, July 26, 2010

മഹാഭാരതം-2 (ശന്തനു-സത്യവതി-ഭീഷ്മശപഥം)

അങ്ങിനെ ശന്തനു മകനോടൊപ്പം രാജ്യഭാരങ്ങളിലും നായാട്ടുവിനോദങ്ങളിലും ഒക്കെ മുഴുകി കഴിയവേ,
ഒരിക്കല്‍ അദ്ദേഹം കാനനത്തിലൂടെ തനിയേ സഞ്ചരിക്കുമ്പോള്‍ കടത്തുതോണി തുഴയുന്ന അതീവ ലാവണ്യവതിയായ ഒരു മുക്കുവകന്യയെ (സത്യവതി) കണ്ടുമുട്ടുന്നു. അവളില്‍ നിന്നും പ്രവഹിച്ച കസ്തൂരി ഗന്ധം അദ്ദേഹത്തെ ഉന്മത്തനാക്കുന്നു. ഗംഗാദേവിയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ ആദ്യമായി ശന്തനു വീണ്ടും ഒരു മോഹാവേശത്തില്‍ അകപ്പെട്ടുപോകുന്നു. (പ്രണയം ശന്തനുവിന്റെ ഒരു വീക്ക്നസ്സ് ആയിരുന്നല്ലൊ, സത്യവതിക്കും ഒരു ഫ്ളാഷ്‌ ബാക്ക് ഉണ്ട് കേട്ടോ! )

സത്യവതിയുടെ പൂര്‍വ്വകഥ ഇങ്ങിനെ..

സത്യവതി കാളിന്ദി നദിയില്‍ കടത്തുതോണി തുഴയവേ ഒരിക്കല്‍ പരാശരമുനി അതുവഴി വരുന്നു..
അദ്ദേഹത്തിന് സത്യവതിയുടെ മേല്‍ ഇഷ്ടം തോന്നുന്നു. അവളോട് ഇഷ്ടം തുറന്നു പറയുമ്പോള്‍ താന്‍ മുക്കുവ കന്യയാണെന്നും, മഹര്‍ഷിക്ക് യോഗ്യയല്ലെന്നും, ഒക്കെ പറഞ്ഞ് ഒഴിയുന്നു.
മഹര്‍ഷി അവളുടെ കന്യകാത്വത്തിന് ഭംഗമൊന്നും വരില്ല എന്നു ഉറപ്പു നല്‍‌കി അവള്‍ക്ക് മത്സ്യഗന്ധം മാറ്റി കസ്തൂരി ഗന്ധവും നല്‍കി ഒപ്പം ഒരു പുത്രനെയും നല്‍കി, കന്യകാത്വവും തിരിച്ചു നല്‍കി, ഒക്കെയും ലോകനന്മയ്ക്കായി സംഭവിച്ചതാണെന്നു കരുതി മനസ്സില്‍ സൂക്ഷിക്കാന്‍ പറഞ്ഞ് മറയുന്നു. അവര്‍ക്കുണ്ടായ പുത്രനാണ് ദ്വൈപായനന്‍ (സാക്ഷാല്‍ വേദവ്യാസമഹര്‍ഷി! വിഷ്ണുവിന്റെ അംശാവതാരമാകയാല്‍ അദ്ദേഹത്തിനു കൃഷ്ണ ദ്വൈപായനനെന്നും പേരുണ്ട്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പുരാണങ്ങളും ഉപനിഷത്തുക്കളും ഒക്കെ ലോകനന്മയ്ക്കായി എല്ലാം എളുതാക്കി എഴുതിയ വേദവ്യാസ മഹര്‍ഷി ).

വേദങ്ങളെ പകുത്തതുകൊണ്ടാണ് വേദവ്യാസന്‍ എന്ന പേരു കിട്ടിയത്. (മഹാഭാരത കഥ അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയാല്‍ ആദ്യമേ തന്നെ ഉള്‍ക്കൊണ്ടിരുന്നു. പിന്നീട് എല്ലാം അപ്രകാരം സംഭവിക്കുകയായിരുന്നു - കഥയിലുടനീളം കഥാപാത്രങ്ങള്‍ പലപ്പോഴും തരണം ചെയ്യാനാകാത്ത വൈഷമ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംശയവുമായി വേദവ്യാസന്റെ അടുത്ത് പോകുന്നുണ്ട് .) വേദവ്യാസന്‍ ജനിച്ചയുടന്‍ തന്നെ യുവാവായി തീരുകയും ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാനനത്തില്‍ ധ്യാനത്തിനായി പോവുകയും ചെയ്യുന്നു.

ശന്തനു മഹാരാജാവും സത്യവതിയും കണ്ടുമുട്ടിയ കഥയിലേക്ക് വരാം..

കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ്
ശന്തനു മഹാരാജാവ് അവളില്‍ അനുരക്തനായത്.. പഴയ സംഭവം ഓര്‍മ്മയുള്ളതുകൊണ്ടോ സത്യവതി 'തന്നെ ഇഷ്ടമാണെങ്കില്‍ അച്ഛന്റെ അനുവാദം വാങ്ങിയാലേ തന്നെ വിവാഹം ചെയ്യാന്‍ തനിക്കു സമ്മതമുള്ളൂ' എന്ന് പറയുന്നു.. പ്രണയാന്ധനായ രാജാവ് നേരെ മുക്കുവരാജന്റെ വീട്ടില്‍ എത്തി തന്റെ അഭീഷ്ടം അറിയിക്കുന്നു. മുക്കുവരാജാവായിരുന്നെങ്കിലും അദ്ദേഹം വളരെ ദീര്‍ഘദൃഷ്ടിയും സ്വന്തം അഭിപ്രായങ്ങളും ഒക്കെ ഉള്ള ഒരു പിതാവായിരുന്നു. അദ്ദേഹം രാജാവിനോട് തന്റെ ഭയാശങ്കകള്‍ പറഞ്ഞുപോകുന്നു. ‘രാജന്‍ അങ്ങേയ്ക്ക് ഒരു മകന്‍ യുവരാജാവായി ഉള്ളപ്പോള്‍ തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാധികാരം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാവകാശം കിട്ടുമെങ്കിലേ ഈ വിവാഹത്തിന് സമ്മതമുള്ളൂ’ എന്നു പറയുന്നു.
ഇതുകേട്ട് രാജാവ് ഒരിക്കലും സാധ്യമല്ല എന്നു തീര്‍ത്ത് പറഞ്ഞ അവിടെ നിന്നും കൊട്ടാരത്തിലെത്തുന്നു.

വേണ്ടെന്നു പറഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സില്‍ നിന്നും സത്യവതിയുടെ രൂപം മായുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം എന്തായിരിക്കാം എന്നു സത്യവ്രതന്‍ തിരക്കിയെങ്കിലും അദ്ദേഹം അത് രഹസ്യമായ് വയ്ക്കുന്നു. ഒടുവില്‍ ഒരു രാജ്യസേവകന്‍ വഴി വിവരം അറിയുമ്പോള്‍ തന്റെ പിതാവിന്റെ അഭീഷ്ടം താന്‍ നടത്തിക്കൊടുക്കും എന്ന വാശിയോടെ കുതിരപ്പുറത്തു കയറി സത്യവിതിയുടെ വീട്ടില്‍ എത്തുന്നു..സത്യവതിയുടെ അച്ഛന്‍ Boldതന്റെ അഭിപ്രായം അറിയിക്കുന്നു. ദേവവ്രതന്‍ ഉടന്‍ തന്നെ തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രന്‍ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമായില്ല. ‘അങ്ങ് ഇങ്ങിനെ പറയുന്നു.. ഒരുപക്ഷെ, അങ്ങെയുക്കുണ്ടാകുന്ന പുത്രന്മാര്‍ അതിന് അനുകൂലമല്ലെങ്കിലോ!’ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നു.
ഇതുകേട്ട് സത്യവ്രതന്‍ ആരും ചിന്തിക്കകൂടി ചെയ്യാത്ത ഒരു ശപഥം അവിടെ വച്ച് ചെയ്യുന്നു.
താന്‍ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന്. അതുകേട്ട് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി ‘ഭീഷ്മര്‍’ എന്ന നാമത്തില്‍ വാഴ്ത്തുന്നു. ശന്തനുമഹാരാജാവ് മകന്റെ ത്യാഗത്തില്‍ പ്രസാദിച്ച്, ‘സ്വച്ഛന്ദമൃത്യു’ എന്ന വരം നല്കി അനുഗ്രഹിക്കുന്നു. (സ്വച്ഛന്ദമൃത്യു എന്നാല്‍ സ്വയം മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കൂ)

സത്യവതിയുടെയും ശന്തനുവിന്റെയും കഥയുടെ ബാക്കി അടുത്തതില്‍..

Sunday, July 25, 2010

മഹാഭാരതകഥ-1 (ശന്തനു, ഗംഗ-അഷ്ഠവസുക്കള്‍-ഭീഷ്മര്‍)

കഴിഞ്ഞപോസ്റ്റില്‍ മഹാഭാരതകഥയെപ്പറ്റി കുറേശ്ശെ എഴുതാമെന്നു പടഞ്ഞിരുന്നല്ലൊ,
ശരിക്കും പറഞ്ഞാല്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് സംശയങ്ങള്‍.. ഏതിനും മനസ്സിലായത് ചുരുക്കത്തില്‍ എഴുതാം..

മഹാഭാരത കഥയുടെ തുടക്കം ബ്രഹ്മാവിന്റെ സൃഷ്ടിയുടെ തുടക്കം പരിണാമങ്ങള്‍ ഒക്കെയാണ് .. ദേവന്മാരും മഹര്‍ഷിമാരും അസുരന്മാരും യാദവന്മാര്‍, മനുഷ്യര്‍ ഒക്കെ ഉണ്ടാകുന്ന കഥകള്‍.. എടുത്തുപറയത്തക്ക പലരുടെയും കഥകളുണ്ടെങ്കിലും മഹാഭാരത കഥയുടെ തുടക്കം ശന്തനുമഹാരാജാവിലൂടെയാണ്..

(ശന്തനു മഹാരാജാവിന്റെ പൂര്‍വ്വികരെപ്പറ്റി പറയുകയാണെങ്കില്‍ ചുരുക്കത്തില്‍ ബ്രഹ്മാവിന്റെ സൃഷ്ടിമുതല്‍ .. ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചവരെല്ലാം ദേവന്മാരും മഹര്‍ഷിമാരും ഒക്കെയായിരുന്നു.. (കുറെയൊക്കെ ഇവിടെയുണ്ട്) . മനുഷ്യവംശം പ്രചേതാക്കളൂടെ മകൻ ദക്ഷപ്രജാപതിയുടെ 50 പെണ്മക്കളിലൂടെ തുടരുന്നു... മനു, ഇളൻ, പുരൂരവാവ്, നഹുഷൻ, യയാതി, യദു, പൂരു... ദുഷ്യന്തന്‍... ഭരതനും...പ്രതീപനു ശിബിയുടെ മകൾ സുനന്ദയിൽ ജനിച്ചതാണ് ശന്തനു. ശന്തനുവിന്റെ വംശത്തിന്റെ പേര് കുരുവംശം എന്നും അദ്ദേഹത്തിന്റെ രാജ്യം ഹസ്തിനപുരം എന്നും അറിയപ്പെടുന്നു.)

ശന്തനുമഹാരാജാവിന്റെ കഥ

ശന്തനുമഹാരാജാവ് ഒരിക്കൽ ഗംഗാതീരത്തിലൂടെ നടക്കുമ്പോൾ അതിസുന്ദരിയായ ഒരു തരുണീമണിയെ കാണുന്നു. അത് മറ്റാരുമായിരുന്നില്ല സാക്ഷാൽ ഗംഗാദേവിയായിരുന്നു.
ദേവി ഭൂമിയിൽ വന്നത് അഷ്ഠവസുക്കളുടെ അപേക്ഷപ്രകാരം അവരുടെ അമ്മയാകാനായിരുന്നു.
അഷ്ഠവസുക്കൾക്ക് വസിഷ്ഠമഹര്‍ഷിയില്‍ നിന്ന് ഒരു ശാപം കിട്ടി ‘ഭൂമിയിൽ മനുഷ്യരായി ജനിക്കട്ടെ’ എന്ന ശാപം..

അഷ്ടവസുക്കള്‍ക്ക് ശാപം കിട്ടാൻ കാരണം...

ഒരിക്കൽ അഷ്ടവസുക്കള്‍ ഭാര്യമാരോടൊപ്പം വസിഷ്ഠമുനിയുടെ പർണ്ണശാലയ്ക്കരികിലൂടെ യാത്രചെയ്യവേ, വഷിഷ്ഠന് കശ്യപന്‍ ദാനം ചെയ്ത സുരഭി (കാമധേനു/നന്ദിനി) എന്ന പശുവിനെ കാണുന്നു. ചോദിക്കുന്നതെന്തും തരാൻ കഴിവുള്ള സുരഭിയെ വേണമെന്ന് വസുക്കളുടെ ഭാര്യയ്ക്ക് ഒരേ നിർബന്ധം. ദ്യോവിന്റെ ഭാര്യക്കായിരുന്നു ആഗ്രഹം. അഷ്ഠവസുക്കള്‍ മുനിയറിയാതെ സുരഭിയെ പിടിച്ചുകെട്ടി കൊണ്ടുപോകുന്നു. കോപം കൊണ്ട മുനി അവരെ ഭൂമിയിൽ പോയി മനുഷ്യരായി ജനിക്കാൻ ശപിക്കും. അഷ്ഠവസുക്കള്‍ മാപ്പിരക്കുമ്പോള്‍, ‘പശുവിനെ പിടിച്ചു കെട്ടാൻ മുൻകൈ എടുത്ത എട്ടാം വസുവായ ദ്യോവിന് ഭൂമിയിൽ വളരെക്കാലം ജീവിക്കേണ്ടിവരും മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചു വരാം’ എന്നും പറയുന്നു (എട്ടാം വസുവായ ദ്യോവാണ് ഭീക്ഷ്മരായി ജനിച്ച് വളരെക്കാലം ഭൂമിയിലെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഭീക്ഷമര്‍) . അപ്രകാരം പെട്ടെന്ന് തങ്ങളെ തിരിച്ചയക്കാനായി തങ്ങളെ പ്രസവിച്ചയുടന്‍ തിര്‍ച്ചയക്കാനായി ഒരമ്മയ്ക്കായി അപേക്ഷയുമായി അവർ ഗംഗാദേവിയുടെ അരികില്‍ എത്തുന്നു.. ഗംഗാദേവി അവരുടെ അമ്മയായി ഭൂമിയില്‍ പോകാമെന്ന് സമ്മതിക്കുന്നു..

ഗംഗാദേവിയും ശന്തനുവും സംഗമിക്കാന്‍ മറ്റൊരു കാരണവും ഉണ്ട്..

ശന്തനു പൂര്‍വ്വജന്മത്തില്‍ ഇക്ഷ്വാകുവംശത്തിലെ മഹാഭിഷക് എന്ന ഒരു രാജാവായിരുന്നു. അദ്ദേഹം പതിനായിരം അശ്വമേധയാഗം നടത്തി ദേവേന്ദ്രനെ സന്തോഷിപ്പിച്ചു. ഒരിക്കല്‍ അദ്ദേഹം ദേവന്മാരും മഹര്‍ഷിമാരുമൊപ്പം ബ്രഹ്മാവിനെ കാണാന്‍ പോയി. സ്വര്‍ല്ലോകത്തില്‍ ചെല്ലുമ്പോള്‍ അവിടെ വച്ച് ഗംഗാദേവിയെ കാണുകയും കാറ്റില്‍ വസ്ത്രം ഇളകിപ്പോയ ഗംഗാദേവിയെ കണ്ട് കാമാതുരനായതുകണ്ട് ബ്രഹ്മാവ് കോപിച്ച് മഹാഭിഷക് ‘മനുഷ്യനായി ഭൂമിയില്‍ ജനിച്ച് തന്റെ അഭിലാക്ഷം പൂര്‍ത്തിയാക്കട്ടെ’ എന്നു ശപിക്കുന്നു.

അങ്ങിനെ അഷ്ഠവസുക്കളുടെ മോക്ഷപ്രാപ്തിക്കായി ഗംഗാദേവിയും, ശന്തനുവിന്റെ അഭീഷ്ടസിദ്ധിക്കായി ശന്തനുവും (മഹാഭിഷക്) സംഗമിക്കുന്നു..

അങ്ങിനെ സംഗമിച്ച അവര്‍ തമ്മില്‍ അനുരക്തരാവുന്നു. ഗംഗാദേവിയുടെ സൌന്ദര്യത്തിൽ മതിമറന്ന ശന്തനു ദേവിയോട് വിവാഹാഭ്യാർത്ഥന നടത്തുന്നു. ദേവി സമ്മതിക്കുന്നു പക്ഷെ ഒരു കണ്ടീഷൻ മാത്രം. ‘താൻ ചെയ്യുന്ന ഒരു പ്രവർത്തിയേയും ചോദ്യം ചെയ്യാൻ പാടില്ല! എന്നു ചോദ്യം ചെയ്യുന്നോ അന്നു നമ്മുടെ ദാമ്പത്യബന്ധം അവസാനിക്കും’ ശന്തനു വ്യവസ്ഥ സമ്മതിക്കുന്നു. അപ്രകാരം ശന്തനു ഗംഗാദേവിയെ വിവാഹം കഴിക്കുന്നു..

ഗംഗാദേവി ശന്തനുവിനെ അളവിലധികം സ്നേഹിക്കുമെങ്കിലും കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ ജനിച്ചയുടന്‍
ഗംഗാനദിയില്‍ കൊണ്ട് ഒഴുക്കുമായിരുന്നു. ഹൃദയഭേദകമായ ഈ കാഴ്ച ശന്തനുവിനെ വലിയ ആഘാതമേല്‍പ്പിച്ചുവെങ്കിലും ഗംഗാദേവിയോടുള്ള പ്രേമത്തില്‍ അന്ധനായ ശന്തനു ഗംഗാദേവിയെ ചോദ്യം ചെയ്യാന്‍ ഭയപ്പെട്ടു. ചോദ്യം ചെയ്താല്‍ ഗംഗാദേവിയെക്കൂടി തനിക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താല്‍.

ഒടുവില്‍ 7 മക്കളെയും നദിയില്‍ ഒഴുക്കി, എട്ടാം വസു ജനിക്കുമ്പോള്‍ ശന്തനു ഒരു വിധം ധൈര്യം സംഭരിച്ച് ഗംഗാദേവിയെ തടുത്തു നിര്‍ത്തുന്നു. ‘എന്തിനാണ് നിരപരാധികളായ എന്റെ കുഞ്ഞുങ്ങളെ നീ ജനിച്ചയുടന്‍ കൊന്നുകളയുന്നത്?!, എന്റെ രാജ്യത്തിന് ഒരു അനന്തരാവകാശിയെങ്കിലും വേണം’ എന്നു പറഞ്ഞു കേഴുന്നു. ഗംഗാദേവി പുഞ്ചിരിയോടെ, ‘അങ്ങിതാ അങ്ങയുടെ വ്യവസ്ഥ ലംഘിച്ചിരിക്കുന്നു. ഇനി എനിക്ക് മടങ്ങിപ്പോകാമ്ല്ലൊ’ എന്നും പറഞ്ഞ് വസുക്കളുടെ കഥയും എട്ടാം വസുവായ ദ്യോവിനെ എല്ലാ വിദ്യയും അഭ്യസിപ്പിച്ച് തിരിച്ചു കൊണ്ടു തരാം എന്നും പറഞ്ഞ് മറയുന്നു.
ഗംഗാദേവിയേയും പുത്രനേയും പിരിഞ്ഞ വേദനയില്‍ മനം നൊന്ത് കഴിയുന്ന ശന്തനുവിന് ഗംഗാദേവി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് പുത്രനെ ദേവവ്രതന്‍ എന്ന പേര്‍ നല്‍കി (ഭീഷ്മര്‍ ), ദേവഗുരുവായ ബൃഹസ്പതിയില്‍ നിന്നും വസിഷ്ഠമഹര്‍ഷിയില്‍ നിന്നും എല്ലാ ശാസ്ത്രവിദ്യകളും, ശസ്ത്രവിദ്യകളും പഠിച്ച് ഉത്തമനാക്കി തിരിച്ചു നല്‍കി വീണ്ടും സ്വര്‍ല്ലോകത്തേക്ക് പോകുന്നു..

[ഭീക്ഷ്മര്‍ മഹാഭാരത കഥയില്‍ ആദ്യാവസാനം ഉള്ള ഒരു മുഖ്യ കഥാപാത്രമാണ് ട്ടൊ,
ഭീഷ്മരുടെ ബാക്കി കഥ അടുത്തതില്‍...]