Friday, September 3, 2010

മഹാഭാരതകഥ-14 (അരക്കില്ലം)

ധൃതരാഷ്ട്രരും ഭീഷ്മമാദി ഗുരുക്കന്മാരും ചേര്‍ന്ന് ധര്‍മ്മപുത്രരെ വിധിപ്രകാരം യുവരാജാവായി അഭിഷേകം ചെയ്തു. ഇത് ദുര്യോദനനും കര്‍ണ്ണനും സഹിക്കാനാവാത്ത പകവളര്‍ത്തി. അവര്‍ എങ്ങിനെയും പാണ്ഡവരെ നശിപ്പിക്കണം എന്ന് പ് ളാനിട്ടു. അതിനായി ഒഴിഞ്ഞു കിടക്കുന്ന വാരണാവതത്തില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ച് അവരെ അങ്ങോട്ട് മാറ്റാന്‍ ധൃതരാഷ്ട്രരെ പ്രേരിപ്പിക്കുന്നു..
ധൃതരാഷ്ട്രര്‍ പാണ്ഡവരുടെ രക്ഷക്കായാണ് ഈ മാറ്റം എന്നു പറഞ്ഞ് അവരെ സമ്മതിപ്പിക്കുന്നു.

ദുര്യോധനന്‍ ഇതിനകം കൊട്ടാരം‍ നിര്‍മ്മിക്കുന്ന പുരോചനനെ വശീകരിച്ച് തീയിട്ടാല്‍ പെട്ടെന്ന് നശിക്കുന്ന പ്രകാരം ആ കൊട്ടാരം(അരക്കില്ലം) നിര്‍മ്മിക്കുന്നു.. ഇത് മനസ്സിലാക്കിയ വിദുരര്‍ ദുര്യോധനന്‍ അറിയാതെ കൊട്ടാരത്തിനടിയില്‍ രക്ഷപ്പെടാനായി ഖനികനെ കൊണ്ട് ഒരു തുരങ്കവും നിര്‍മ്മിക്കുന്നു..

കൊട്ടാരത്തിലെത്തി താമസമാരംഭിച്ച പാണ്ഡവര്‍ ഏകദേശം ഒരു വര്‍ഷക്കാലം സുഖമായി താമസിച്ചു. ഒരു ദിവസം അവിടെ ഒരു രാക്ഷസി തന്റെ അഞ്ചു പുത്രന്മാരുമായി അന്തിയുറങ്ങി.

അന്നു തന്നെയാണ് പുരോചനന്‍ കൊട്ടാരത്തിനു തീവച്ചതും. തീക്കുള്ളില്‍ അകപ്പെട്ട് വിഷമിക്കുന്ന പാണ്ഡവരെ ഖനികന്‍ വന്ന് മുറിക്കടിയിലെ തുരങ്കം തുറന്ന് അതിലൂടെ രക്ഷപ്പെടുത്തുന്നു.
പാണ്ഡവര്‍ രക്ഷപ്പെട്ടു എന്ന് വിദുരന്‍ ഖനികന്‍ മുഖേന അറ്ഞ്ഞ് ആശ്വസിക്കുന്നു, പക്ഷെ കൊട്ടാരത്തിലെ മറ്റാരോടും അതെപ്പറ്റി പറയുന്നില്ല.

കത്തിക്കരിഞ്ഞു കിടന്ന രാക്ഷസിയുടെയും അഞ്ചുപുത്രന്മാരുടെയും മൃതദേഹം കണ്ട് പാണ്ഡവര്‍ മരിച്ചിരിക്കും എന്ന നിഗമനത്തിലെത്തി ദുര്യോധനാദികള്‍ സന്തോഷിക്കുന്നു.

കൊട്ടാരത്തിലെ മറ്റെല്ലാവരും പാണ്ഡവരുടെ ദുര്‍ഗതിയോര്‍ത്ത് പരിതപിക്കുന്നു.

മഹാഭാരതകഥ-13 (ഗുരുദക്ഷിണ, ധൃഷ്ടദ്യുമനന്‍‌, പാഞ്ചാലി)

ഗുരുദക്ഷിണ
വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോള്‍‍ തന്റെ ശിക്ഷ്യന്മാര്‍ ഗുരുദക്ഷിണ നല്‍കാനായി അടുത്തു ചെല്ലുമ്പോള്‍,ദ്രുപദരാജാവ് തന്നെ അപമാനിച്ചതിന് ഒരു പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ജീവിച്ചിരുന്ന ദ്രോണര്‍, ആവശ്യപ്പെടുന്നത് ‘ദ്രുപദരാജാവിനെ തോല്‍പ്പിച്ചു കൊണ്ടുവരിക’ എന്നതായിരുന്നു. (ദ്രോണര്‍ക്ക് ദ്രുപദനോട് ശത്രുത തോന്നാന്‍ കാരണം എങ്ങിനെ എന്ന് ഇവിടെ ഉണ്ട്)

ദുര്യോദനന്‍ ആവേശപ്പെട്ട് ആദ്യം യുദ്ധത്തിനു ചെന്നെങ്കിലും ദ്രുപദനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു മടങ്ങി വരുന്നു.

അര്‍ജ്ജുനന്‍ വിജയശ്രീലാളിതനായി ദ്രുപദമഹാരാജാവിനെ തോല്‍പ്പിച്ച് ദ്രോണരുടെ മുന്നില്‍ കൊണ്ടു നിര്‍ത്തുന്നു..

അപമാനത്താല്‍ കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുന്ന ദ്രുപദനോട്, ‘ഇപ്പോള്‍ നാം തുല്യരായോ?’ എന്ന് ചോദിക്കുന്നു. യുദ്ധത്തില്‍ മരണപ്പെടുന്നതിനെക്കാളും വലിയ ദുഃഖമാണ് തോല്‍പ്പിച്ചവന്റെ നിന്ദ. അതുകേട്ട് ദ്രുപദന്റെ ശിരസ്സ് വീണ്ടും കുനിയുന്നു..

ഗുരുപത്നിയായ കൃപിയുടെ ഇടപെടല്‍ കാരണം (കൃപി ചോദിക്കുന്നു, ‘അങ്ങും ദ്രുപദനെപ്പോലെ വിവേകമില്ലാതെ പക വച്ചുപുലര്‍ത്തിയാല്‍ പിന്നെ അങ്ങും സാധാരണക്കാരും തമ്മില്‍ എന്തു വ്യത്യാസം.. പൊറുക്കുന്നവനാണ് ശ്രേഷ്ഠന്‍..’എന്നൊക്കെയുള്ള ഓര്‍മ്മപ്പെടുത്തല്‍..) ദ്രോണര്‍ ദ്രുപദന് തന്റെ രാജ്യം തിരിച്ചു നല്‍കിവിട്ടയക്കുന്നു..

ദ്രുപദന് പക്ഷെ തനിക്കേര്‍പ്പെട്ട അപമാനം സഹിക്കാനാവുന്നതല്ലായിരുന്നു.. ആ വാശിയില്‍ തിരിച്ച് പോയി വളരെ വിശേഷപ്പെട്ട രീതിയില്‍ ഒരു യാഗം നടത്തുന്നു. ദ്രോണരെ കൊല്ലാനായി ഒരു പുത്രനെ കിട്ടാനായിരുന്നു യജ്ഞം നടത്തിയത്.

ഹോമകുണ്ഡത്തില്‍ നിന്നും സൂര്യതേജസ്സുള്ള ഒരു പുത്രനും ലക്ഷ്മീദേവിയെപ്പോലെ ഒരു മകളും ദ്രുപദന് കിട്ടുന്നു. മകന്‍ ധൃഷ്ടദ്യുമനനും, മകള്‍ കൃഷ്ണ (പാഞ്ചാലി), പിന്നീട് നപുംസകമായ ശിഖണ്ഡിയും ജനിക്കുന്നു.. (ശിഖണ്ഡി ദ്രുപദരാജ്യത്ത് പുനര്‍ജനിക്കുന്നു എന്ന് എഴുതിയിരുന്നല്ലൊ).

ദ്രോണരെ കൊല്ലാനായി ജനിച്ച ധൃഷ്ടദ്യുമ്നന്‍ ദ്രോണരുടെ കീഴില്‍ നിന്നു തന്നെ വിദ്യ അഭ്യസിക്കുന്നു..
പകയെല്ലാം മറന്ന് ദ്രോണര്‍ ധൃഷ്ടദ്യുമനനെ ശിഷ്യനായി അംഗീകരിക്കുന്നു..

മഹാഭാരതകഥ-12 (അസ്ത്രപരീക്ഷ, കര്‍ണ്ണന്‍‌)

പഠിപ്പു പൂര്‍ത്തിയാക്കിയ കൌരവപാണ്ഡവന്മാരുടെ ഒരു അസ്ത്രപരീക്ഷ നടത്താന്‍ ഗുരു ദ്രോണര്‍ തീരുമാനിക്കുന്നു...

നിറഞ്ഞ സദസ്സില്‍ വച്ച ഓരോരുത്തരായി തങ്ങളുടെ വൈഭവം പ്രദര്‍ശിപ്പിക്കുന്നു..

ശ്രീകൃഷ്ണനും ബലരാമന്‍ തുടങ്ങി പല രാജാക്കന്മാരും കുരു പുത്രന്മാരുടെ അഭ്യാസങ്ങള്‍ കാണാന്‍ സന്നിഹിതരായിരുന്നു..

ഭീമനും ദുര്യോദനനും അതൊരു വെറും പരീക്ഷണം എന്നതിലുപരി പര‍സ്പരം യുദ്ധത്തിലെന്നപോലെ പൊരുതാന്‍ നോക്കുന്നു. അപ്പോള്‍ ഗുരുക്കന്മാര്‍ ഇടപെട്ട് പിടിച്ചു മാറ്റുന്നു..

അര്‍ജ്ജുനനെ വെല്ലാന്‍ ആരും ഇല്ലാത്തവിധം വിജയിയായി പ്രഖ്യാപിക്കപ്പെട്ട് സദസ്സിന്റെ പ്രശംസപിടിച്ചുപറ്റി അര്‍ജ്ജുനന്‍ നില്‍ക്കുമ്പോള്‍ സൂതപുത്രനായ കര്‍ണ്ണന്‍ സദസ്സില്‍ പ്രത്യക്ഷപ്പെട്ട്, തനിക്ക് അര്‍ജ്ജുനനോട് മത്സരിക്കണം എന്നു പറയുന്നു. പക്ഷെ, കൃപാചാര്യര്‍ വെറും സൂതപുത്രനായ കര്‍ണ്ണനു ക്ഷത്രിയനായ അര്‍ജ്ജുനനോട് മത്സരിക്കാന്‍ യോഗ്യതയില്ല എന്ന് പ്രഖ്യാപിക്കുന്നു.

പക്ഷെ, അര്‍ജ്ജുനനെ വെല്ലാന്‍ പോന്ന ഒരാളെ കിട്ടിയ സന്തോഷത്തില്‍ ദുര്യോധനന്‍ കര്‍ണ്ണനെ അംഗരാജ്യത്തെ രാജാവായി വാഴിച്ച് കര്‍ണ്ണന് രാജപദവി നല്‍കി ആദരിക്കുന്നു.

കര്‍ണ്ണന്റെ കര്‍ണ്ണകുണ്ഠലങ്ങളും കവചവും കണ്ട് കുന്തി കര്‍ണ്ണനെ തിരിച്ചറിയുകയും തന്റെ തന്നെ പുത്രന്മാര്‍ എതിരാളികളാകുന്നതും സൂര്യപുത്രനായ കര്‍ണ്ണന്‍ സൂതപുത്രനെന്നു വിശേഷിപ്പിക്കപ്പെട്ട് അപമാനിതനാകുന്നതും ഒക്കെ കണ്ട് മോഹാത്സ്യപ്പെട്ട് തളര്‍ന്ന് വീഴുന്നു..


നേരം വൈകിയതിനാല്‍ അന്ന് കര്‍ണ്ണന് തന്റെ പാടവും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കിലും താന്‍ ഒരിക്കല്‍ അര്‍ജ്ജുനനെ നേരുക്കുനേര്‍ നിന്ന് യുദ്ധത്തില്‍ തോല്‍പ്പിക്കും എന്നു ശപഥം ചെയ്ത് കര്‍ണ്ണന്‍ ദുര്യോധനനോടൊപ്പം രംഗത്തില്‍ നിന്നും വിരമിക്കുന്നു..

Saturday, July 31, 2010

മഹാഭാരതം-11 (ഏകലവ്യന്‍)

ഒരിക്കല്‍ ശസ്ത്രവിദ്യയില്‍ കേമന്‍ ആരെന്നറിയാനായി ദ്രോണര്‍ പന്തയം നടത്തുന്നു..
അങ്ങു ദൂരെ മരക്കൊമ്പില്‍ കെട്ടിയിരിക്കുന്ന കിളിയുടെ ഒരു കഴുത്തില്‍ അമ്പെയ്ത് കൊള്ളിക്കുക എന്നതായിരുന്നു പന്തയം.
ദ്രോണര്‍ യുധിഷ്ടിരനോട് (ധര്‍മ്മപുത്രരോട്) എന്തു കാണാന്‍ പറ്റുന്നു എന്ന് ചോദിക്കുന്നു
'അങ്ങകലെ ഒരു വൃക്ഷം നില്‍ക്കുന്നത് കാണാന്‍ പറ്റും’ എന്ന് പറയുന്നു..
അങ്ങിനെ ഓരോരുത്തരും വൃക്ഷവും ഇലകളും ഒക്കെയേ കാണുന്നുള്ളൂ.
ഒടുവില്‍ അര്‍ജ്ജുനനോട് എന്തുകാണുന്നു എന്നു ചോദിക്കുമ്പോള്‍, ‘കിളിയുടെ കഴുത്ത് കാണുന്നു’ എന്ന് പറയുന്നു.. അപ്പോള്‍ ദ്രോണര്‍ അര്‍ജ്ജുനനോട് അമ്പെയ്യാന്‍ പറയുന്നു. അര്‍ജ്ജുനന്‍ കുറിക്ക് കിളിയുടെ കഴുത്തില്‍ തന്നെ അമ്പെയ്യുന്നു. ലോകൈക ധനുര്‍ധരനായി തീരട്ടെ എന്ന് ദ്രോണര്‍ അര്‍ജ്ജുനനെ അനുഗ്രഹിക്കുന്നു.

പിന്നീടൊരിക്കല്‍ ദ്രോണര്‍ ഗംഗാനദിയില്‍ കുളിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു മുതല ദ്രോണരുടെ കാലില്‍ പിടികൂടുന്നു, മറ്റു ശിഷ്യരെല്ലാം വിഷണ്ണരായി നില്‍ക്കുമ്പോള്‍ അര്‍ജ്ജുനന്‍ സധൈര്യം അമ്പെയ്ത് മുതലയെ കൊല്ലുന്നു. മനം തെലിഞ്ഞ ദ്രോണര്‍ അര്‍ജ്ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചുകൊടുക്കുന്നു..

ഇതിനിടയില്‍ ഒരിക്കല്‍ നിഷാധരാജാവായ ഹിരണ്യധനുസ്സിന്റെ മകന്‍ ഏകലവ്യന്‍ ദ്രോണരുടെ കീഴില്‍ വിദ്യ അഭ്യസിക്കാനാഗ്രഹിച്ച് വരുന്നു..

ഏകലവ്യന്റെ കഥ:

കാട്ടു ജാതിക്കാരനായ ഏകലവ്യന്‍ എങ്ങിനെ ഭാരതീയ ഹൃദയത്തില്‍ ഇടംപിടിച്ചെടുത്തു എന്ന കഥ..
കഥ ഇപ്രകാരം..
ഏകലവ്യന്‍ കാട്ടുരാജനായ ഹിരണ്യധനു എന്ന കാട്ടുരാജന്റെ മകനായിരുന്നു. അദ്ദേഹം കൗരവരെ സഹായിക്കവെയാണു മരണമടഞ്ഞതും ഏകലവ്യന്‍ അച്ഛന്റെ മരണശേഷം അനന്തരാവകാശിയായിതീര്‍ന്നു. ഏകലവ്യനു ആയുധവിദ്യ ഭ്രമമായി അന്നത്തെക്കാലത്ത്‌ കീഴ് ജാതിക്കാരെ പഠിപ്പിക്കാന്‍ ഗുരു ഉണ്ടായിരുന്നില്ല. എന്നാല്‍ ഏകലവ്യനു ദ്രോണരുടെ കീഴില്‍ നിന്നു വിദ്യ അഭ്യസിക്കണമെന്ന അദമ്യമായ ആഗ്രഹം വളര്‍ന്നു. ദ്രോണാചാര്യര്‍ തത് സമയം പാണ്ഡവകുമാരന്മാരെയും കൗരവകുമാരന്മാരേയും വിദ്യ അഭ്യസിച്ചു കൊണ്ടിരിക്കയുമായിരുന്നു.
ഏകലവ്യന്‍ തന്റെ ആഗ്രഹം അമ്മയോടു പറഞ്ഞപ്പോള്‍ അമ്മ ഏകലവ്യനു മുന്നറിയിപ്പു നല്‍കി. ദ്രോണാചാര്യന്‍ രാജഗുരുവാണു. അദ്ദേഹം കീഴ് ജാതിക്കാരെ വിദ്യ അഭ്യസിക്കുമോ എന്ന കാര്യം സംശയമാണു. ഏകലവ്യനു തന്റെ ആഗ്രഹം വലുതായി തോന്നിയതിനാല്‍ അവന്‍ നേരെ ദ്രോണാചാര്യരെ കാണാന്‍ യാത്രയായി.
ദ്രോണാചാര്യരെ കണ്ട മാത്രയില്‍ തന്നെ ഏകലവ്യന്‍ ഇദ്ദേഹം തന്നെയാണു തന്റെ ഗുരു എന്നു സ്വയം മനസ്സില്‍ നിനയ്ച്ചു അദ്ദേഹത്തിന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്‌തു. ഏകലവ്യനെ കണ്ടമാത്രയില്‍ ദ്രോണാചാര്യര്‍ അവന്‍ ആരെന്നു മനസ്സിലാവുകയും ചെയ്‌തു. കാട്ടുരാജന്റെ മകന്‍. അദ്ദേഹം ഏകലവ്യനെ പിടിച്ചെഴുന്നേല്‍പ്പിച്ചു , ‘എന്താ എന്തിനായി നീ എന്നെ തേടി വന്നു?’ എന്നു അല്‍പ്പം പരിഭ്രമത്തോടെ ചോദിച്ചു. ഏകലവ്യന്‍ തനിക്കു അദ്ദേഹത്തിന്റെ കീഴില്‍ നിന്നു വിദ്യ അഭ്യസിക്കണം എന്ന ആഗ്രഹം അറിയിച്ചു. ദ്രോണാചാര്യര്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. അദ്ദേഹം ധര്‍മ്മ സങ്കടത്തിലായി വിദ്യ പകര്‍ന്നു കൊടുക്കാനുള്ളതാണു. ജാതിമതഭേദമില്ലാതെ വലിപ്പച്ചെറുപ്പമില്ലാതെ വിദ്യാ ചോദിച്ചു വരുന്നവര്‍ക്ക്‌ പകര്‍ന്നു കൊടുക്കുക എന്നതാണു ഒരു ഉത്തമ ഗുരുവിന്റെ ധര്‍മ്മവും. പക്ഷെ, ഇവിടെ താന്‍ നിസ്സഹായനാണെന്ന വസ്തുത അദ്ദേഹം ഓര്‍ത്തു. രാജശാസനത്തെ മറികടക്കുക എന്നാല്‍ രാജാവിനെ ധിക്കരിച്ചതിനു തുല്യമാണു താനും. രാജപുത്രന്മാരെ വിദ്യ അഭ്യസിപ്പിക്കുക എങ്കിലും ഈ കൊച്ചു ബാലനോടെങ്ങിനെ അരുതെന്നു പറയാന്‍ അവന്‍ പഠിച്ചോട്ടെ, പക്ഷെ, തന്റെ കൂടെയല്ല തനിച്ചു. പക്ഷെ തന്റെ മാനസികമായ എല്ലാ അനുഗ്രഹങ്ങളും അവനുണ്ടാകും എന്നു മനസ്സില്‍ നിനയ്ച്ച്‌ ദ്രോണര്‍ ഏകലവ്യനോടു സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി. തനിക്കു ഒരേ സമയം രാജപുത്രന്മാരേയും ഏകലയനേയും ഒരുമിച്ച്‌ വിദ്യ പഠിപ്പിക്കാന്‍ അനുവാദമില്ലെന്നും എന്നാല്‍ നിന്റെ ആഗ്രഹപ്രകാരം സ്വയം അഭ്യാസം ചെയ്‌തു നിനക്കു വേണ്ടുന്ന ശസ്ര്ത വിദ്യ കരസ്ഥമാക്കിക്കൊള്ളുക എന്ന ആശീര്‍വ്വാദം നല്‍കി മടക്കി.
പോകും വഴി ഏകലവ്യന്റെ മനസ്സില്‍ ഗുരുവിനോടുള്ള ഭക്‌തി നിറഞ്ഞു നിന്നു. നോക്കുന്നിടങ്ങളിലൊക്കെ ഗുരുവിന്റെ മുഖം മാത്രമേ ഉള്ളൂ. കേള്‍ക്കുന്നതു ഗുരുവിന്റെ ശബ്ദംആ മനോനിലയിലിരുന്ന്‌ ഏകലവ്യന്‍ കളിമണ്ണാല്‍ തന്റെ ഗുരുനാഥന്റെ രൂപം തീര്‍ത്തു.ശരിയ്ക്കും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഗുരു! ഏകലവ്യന്‍ അറിയാതെ താഴെ വീണു നമസ്ക്കരിച്ചു. അവന്‍ പുതുപുഷ്പങ്ങള്‍ ശേഖരിച്ചു മാലകോര്‍ത്ത്‌ ആചാര്യനു ചാര്‍ത്തി. അദ്ദേഹത്തെ പുഷ്പങ്ങളാല്‍ അഭിഷേകം ചെയ്‌തു. ഗുരുദേവപ്രതിമയ്ക്കു മുന്നില്‍ നിന്ന്‌ ഏകലവ്യന്‍ തന്റെ അഭ്യാസം തുടങ്ങി. ഏതോ അദൃശ്യ ശക്‌തിയാലെന്ന വിധം ഏകലവ്യന്റെ ഓരോ തെറ്റുകളും തിരുത്തപ്പെട്ടു, അവന്‍ സകല വിധ കേട്ടറിവും കണ്ടറിവും ഉള്ള ശസ്ത്ര പ്രയോഗങ്ങളും കരസ്ഥമാക്കി.
ഒരിക്കല്‍ ഏകലവ്യന്‍ ഏകാന്ത ധ്യാനത്തില്‍ ഇരിക്കെ, അടുത്തു ഒരു ശ്വാനന്റെ ഇടതടവില്ലാത്ത കുരകേട്ടു. അത്‌ കാതുകള്‍ക്ക്‌ വളരെ അഗോചരമായി തോന്നുകയാല്‍ തന്റെ വില്ലെടുത്ത്‌ ശബ്ദം കേട്ട ദിക്കിലേയ്ക്ക്‌ തുടരെ തുടരെ ബാണം തൊടുത്തു വിട്ടു. പട്ടിയുടെ കുര നിന്നു. ഏകലവ്യന്‍ തന്റെ ധ്യാനം തുടരുന്നു. ശ്വാനന്‍ അര്‍ജ്ജുനന്റെ വേട്ടനായയായിരുന്നു. ദ്രോണാചാര്യരും അശ്വദ്ധാമാവും അര്‍ജ്ജുനനും കൂടി വേട്ടയ്ക്കായി അതുവഴി പോവുകയായിരുന്നു. അവര്‍ക്കു തുണയായി കൂടെയുണ്ടായിരുന്ന ശ്വാനനാണു കുരച്ചത്‌. ഏകലവ്യന്റെ വില്ലുകള്‍ കുറിക്കുതന്നെ കൊണ്ടു. പട്ടിയുടെ വായ കുത്തിക്കെട്ടിയ നിലയില്‍! അതു ദയനീയമായി കരയാന്‍ തുടങ്ങി.. അര്‍ജ്ജുനന്‍ വല്ലാത്ത ആകാംഷയുണ്ടായി. ശസ്ത്രവിദ്യയില്‍ തന്നെ ജയിക്കാന്‍ ലോകത്തില്‍ ആരും തന്നെയില്ലെന്നു ഗുരുനാധന്‍ തന്നെ വാക്കുപറഞ്ഞ ആത്മവിശ്വാസത്തിനു ഉലച്ചില്‍ തട്ടുന്ന ഒരു ദൃശ്യം.
ഈ കാട്ടില്‍ ഇത്രയും കഴിവുള്ളവന്‍ ആരെന്നറിയുവാനുള്ള ആഗ്രഹം ദ്രോണാചാര്യര്‍ക്കും അശ്വദ്ധാമാവിനും ഉണ്ടായി. അവര്‍ തേടിചെന്നു. അധികം ദൂരത്തല്ലാതെ അവര്‍ ഏകലവ്യന്‍ ധ്യാനിച്ചിരിക്കുന്നതു കണ്ടു. മുന്നില്‍ ദ്രോണാചാര്യന്റെ പൂജിക്കപ്പെട്ട വിഗ്രഹവും.അടുത്തു ചെന്നു.കാല്‍പ്പെരുമാറ്റം കേട്ടു കണ്ണു തുറന്ന ഏകലവ്യനു വിശ്വസിക്കാനായില്ല. സാക്ഷാല്‍ ഗുരുദേവന്‍. അവന്‍ ഭക്‌തിയാല്‍ സര്‍വ്വം മറന്ന്‌ അദ്ദേഹത്തിന്റെ മുന്നില്‍ വീണു. ദ്രോണാചാര്യര്‍ അവനെ ആശീര്‍വ്വദിച്ചു. ‘നീ എവിടെ നിന്നു ഇതൊക്കെ കരസ്ഥമാക്കി?’ എന്ന ചോദ്യത്തിനു ഏകലവ്യന്‍ ഗുരുവിന്റെ പ്രതിമ ചൂണ്ടിക്കാട്ടി. ദ്രോണര്‍ക്ക്‌ വിശ്വസിക്കാനായില്ല. അദ്ദേഹം ചോദിച്ചു, “ശരി, നീ അഭ്യസിച്ച വിദ്യകള്‍ കാട്ടുക" എന്നു. ഏകലവ്യനു ഉത്സാഹമായി. അവന്‍ തന്റെ വിദ്യകള്‍ ഓരോന്നായി പ്രദര്‍ശ്ശിപ്പിക്കാന്‍ തുടങ്ങി. അര്‍ജ്ജുനനും അശ്വദ്ധാമാവും ദ്രോണാചാര്യരും അല്‍ഭുതപരതന്ത്രരായി നോക്കി നിന്നു. അര്‍ജ്ജുനനെ വെല്ലുന്ന കരവിരുത്‌! ദ്രോണര്‍ക്ക്‌ അഭിമാനവും അതേ സമയം ഭീതിയും തലപൊക്കി. വിളറി വെളുത്ത അര്‍ജ്ജുനന്റെ മുഖം അത്‌ കൂടുതല്‍ ദൃഢപ്പെടുത്തി. ഇത്‌ തനിക്കും ഏകലവ്യനും നന്നാല്ല. ആപത്തുണ്ടാക്കുകയേ ഉള്ളു. പോരാത്തതിനു ഏകലവ്യന്‍ കൗരവപക്ഷനുമാണു. പാടില്ല. ഉണ്ടചോറിനു നന്ദികാണിക്കേണ്ട കടമ തനിക്കുമുണ്ട്‌. ഏകലവ്യന്റെ ഈ അറിവു രാജദ്രോഹത്തിനു തുല്യം.അദ്ദേഹം പിന്നെ കൂടുതല്‍ ചിന്തിച്ചില്ല. പതിയെ ഏകലൂ്യ‍ന്റെ അടുത്തു ചെന്നു, അദ്ദേഹം അശീര്‍വ്വദിച്ചു, നീ ഏറ്റവും വലിയ വില്ലാളി തന്നെയാണു. അറിയേണ്ടതെല്ലാം അറിഞ്ഞ വില്ലാളി. നീ നിന്റെ ഗുരുവിന്റെ എന്തു ദക്ഷിണയാണു നല്‍കുക? ഏകലവ്യന്‍ പറഞ്ഞു എന്റെ ജീവനുള്‍പ്പെടെ എന്തും എന്ന്‌ ഇതുകേട്ടു ഗുരു ശാന്തനായി പറഞ്ഞു ശരി എങ്കില്‍ നിന്റെ വലതുകയ്യിലെ പെരുവിരല്‍ ഈ ഗുരുവിനു ദക്ഷിണയായി തരാമോ? എന്ന്‌.
ഏകലവ്യന്‍ ആദ്യം ഒന്നമ്പരന്നു. പെരുവിരലില്ലാതെ ത്ക്കെങ്ങിനെ തന്റെ കഴിവു പ്രയോജനപ്പെടുത്താനാവും ഉടന്‍ തന്നെ ആ ചിന്ത മാറി, ഗുരുഭക്‌തി നിറഞ്ഞു. ഗുരുവിന്റെ വായില്‍ നിന്നു തന്നെ അംഗീകാരം കിട്ടിക്കഴിഞ്ഞ സ്ഥിതിയ്ക്ക്‌ ഇനി ഇതില്‍ക്കൂടുതല്‍ എന്തു വിജയം വരിക്കാന്‍?! ഏകലവ്യന്‍ കണ്ണടച്ചു തുറക്കുന്നതിനകം തന്റെ പെരുവിരല്‍ ഛേദിച്ചു ദ്രോണാചാര്യരുടെ മുന്നില്‍ അര്‍പ്പിച്ചു. ഹൃദയം കുളിര്‍ത്ത അദ്ദേഹം ഏകലവ്യനെ കെട്ടിപ്പിടിച്ചു ആശീര്‍വ്വദ്ദിച്ചു', “ലോകാവസാനം വരെ ഗുരു‍ഭക്‌തിക്കു ഉത്തമോദാഹരണമായി നിന്റെ പേര്‍ വിളങ്ങി നിക്കും കുട്ടീ.. നഷ്ടമായ പെരുവിരല്‍ കൊണ്ടു നേടാവുന്നതിലും വലിയ വീര നാമവും വീരസ്വര്‍ഗ്ഗവും തന്റെ ത്യാഗത്തിലൂടെ പെരുവിലലിങ്കിലും നിനക്കാ വശ്യമായ വിദ്യകളൊക്കെ നിനക്ക്‌ ചെയ്യാനുമാകും”.
ഈ ദൃശ്യം കണ്ട്‌ ദേവന്മാര്‍ സ്വര്‍ല്ലോകത്തു നിന്ന്‌ പുഷ്പവൃഷ്ടി നടത്തി. ഒന്നുമറിയാത്തപോലെ ഒളിഞ്ഞിരുന്ന്‌ ചിരിക്കുന്ന ഒരാളുമുണ്ടായിരുന്നു അവിടെ, സാക്ഷാല്‍ ശ്രീകൃഷ്ണനല്ലാതെ മറ്റരാവാന്‍!. മഹാഭാരത കഥയില്‍ പാണ്ടവരുടെ (സത്യത്തിന്റെ) വിജയത്തിനായി അദ്ദേഹം ചെയ്‌ത ചില അന്യായങ്ങളില്‍ പരമപ്രധാനമായി ഏകലവ്യന്റെ ഹൃദയസ്പര്‍ശ്ശിയായ കഥയും വിരാജിക്കുന്നു.
പെരുവിരലുണ്ടായിരുന്നെങ്കില്‍ ഏകലവ്യന്‍ മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനനു തുല്യമായി പടപൊരുതി കീര്‍ത്തി നേടാമായിരുന്നു. എന്നാല്‍ പെരുവിരല്‍ നഷ്ടപ്പെടുത്തിയപ്പോഴും അതേ തുല്യതയോടെ മഹാഭാരാത കഥയില്‍ ഏകലവ്യന്‍ അര്‍ജ്ജുനനോടൊപ്പം കീര്‍ത്തിമാനായി ശോഭിക്കുന്നു എന്നത്‌ ആശ്ചര്യമുളവാക്കുന്നില്ലേ?! ഉള്ളതിനെ ഇല്ലാതാക്കാനും ആര്‍ക്കും കഴിയില്ല ഇല്ലാത്തതിനെ പുതുതായി ഉണ്ടാക്കാനും ആര്‍ക്കുമാവില്ല എന്നതിനുദാഹരണം. മനുഷ്യന്‍ വിജയിക്കുന്നു എന്നുപറയുമ്പോള്‍ ഒരുപക്ഷെ ദൈവത്തിനു അത്‌ പരാജയമായും മനുഷ്യര്‍ പരാജയപ്പെട്ടു എന്നു പറയുമ്പോള്‍ ദൈവത്തിന്റെ മുന്നില്‍ അതു വിജയമായും അംഗീകരിക്കപ്പെടുന്നുണ്ടാകും!!!.

Friday, July 30, 2010

മഹാഭാരതം-10(കൃപര്‍, ദ്രോണര്‍‌ )

കൌരവപാണ്ഡവന്മാര്‍ ആദ്യം ആയുധവിദ്യ അഭ്യസിച്ചത് കൃപാചാര്യരില്‍ നിന്നായിരുന്നു..
കൃപാചാര്യർ‍:
ബ്രഹ്മാവിന്റെ മകനു അംഗിരധന്‍, അംഗിരധന്റെ മകന്‍ ഉചത്‌ഥ്യന്‍,ഉചത്ഥ്യന്റെ മകന്‍ ദീര്‍ഘതമസ്സ്, ദീര്‍ഘതമസ്സിന്റെ മകന്‍ ഗൌതമമഹര്‍ഷി, ഗൌതമമഹര്‍ഷിയുടെ മകന്‍ ശരദ്വാന്‍.
ശരദ്വാന്റെ മക്കളാണ് കൃപരും കൃപിയും. (കൃപാചാര്യർ രുദ്രന്മാരുടെ അംശമാണ്.)
കൃപിയെ ദ്രോണാചാര്യര്‍ വിവാഹം കഴിക്കുന്നു..
ദ്രോണാചാര്യരാണ് പിന്നീട് പാണ്ഡവരുടെയും കൌരവരുടേയും ഗുരു. ഭാരദ്വജന്റെ മകനാണ് ദ്രോണര്‍.

ദ്രോണര്‍:
ദ്രോണരെ കണ്ടുമുട്ടുന്നത്..
ഒരിക്കല്‍ പാണ്ഡവകുമാരന്മാര്‍ ഒരു ഓലപ്പന്ത് കളിച്ചുകൊണ്ട് കാനനത്തില്‍ നില്‍കുമ്പോള്‍ തങ്ങളുടെ പന്ത് കിണറ്റില്‍ വീണുപോകുന്നു. പന്ത് തിരിച്ചെടുക്കാനാവാതെ വിഷമിച്ചു നില്‍ക്കുന്ന കുട്ടികളുടെ അടുത്തേക്ക് ഒരു ദിവ്യ തേജസ്സുള്ള ആചാര്യന്‍ കടന്നു വരുന്നു. അദ്ദേഹം മാലപോലെ തുടരെ തുടരെ അസ്ത്രങ്ങള്‍ എയ്ത് പന്ത് കിണറ്റില്‍ നിന്നും കോര്‍ത്തെടുക്കുന്നു! ഇത് കണ്ട് അല്‍ഭുതപ്രതന്ത്രരായ കുട്ടികള്‍ കൊട്ടാരത്തിലെത്തി ഭീഷ്മരോടും വിദുരരോടുമൊക്കെ ഈ സന്തോഷവാര്‍ത്ത അറിയിക്കുന്നു. അത് ദ്രോണര്‍ ആയിരിക്കും എന്നു മനസ്സിലായ ഭീഷ്മര്‍ ദ്രോണനെ കൊട്ടാരത്തില്‍ ക്ഷണിച്ചു വരുത്തി പാണ്ഡവര്‍ക്കും കൌരവര്ക്കും ശസ്ത്രവിദ്യ അഭ്യസിപ്പിക്കാനായി നിര്‍ദ്ദേശിക്കുന്നു..

ദ്രോണരുടെ പൂര്‍വ്വ കഥ:
പാഞ്ചാല രാജാവിന്റെ മകനായ ദ്രുപദനും ദ്രോണരും പണ്ട് ഗുരുകുലത്തില്‍ വിദ്യ അഭ്യസിച്ചുകൊണ്ടിരുന്നവേളയില്‍.. ദ്രുപദന്‍ തന്റെ സഖാവായ ദ്രോണരോട് സൌഹൃദത്തിന്റെ പേരില്‍, താന്‍ രാജാവാകുമ്പോൾ തനിക്കുള്ളതില്‍ പാതി ദ്രോണര്‍ക്കുള്ളതാണെന്ന് പറയുന്നു..

വലുതായി ദ്രുപദന്‍ രാജാവായി സസുഖം വാഴുമ്പോള്‍ ദ്രോണര്‍ ദാരിദ്രത്താല്‍ കഷ്ടപ്പെടുകയായിരുന്നു. ദ്രോണരുടെ ഭാര്യ കൃപാചാര്യരുടെ സഹോദരി കൃപിയാണ്. അവര്‍ക്ക് അശ്വദ്ധാമാവ് എന്ന ഒരു മകനും ഉണ്ട്. (ഈശന്റെ കാമവും കാലന്റെ കോപവും ഒന്നിച്ചുണ്ടായ മൂർത്തിയാണ് അശ്വദ്ധാമാവ്.) ഒരിക്കല്‍, തന്റെ മകന് ഒരുനേരം പശുവിന്‍ പാലു കൊടുക്കാന്‍ പോലും കഴിവില്ലാതെ കൃപി അരിമാവു കലക്കി പശുവിന്‍ പാലാണെന്നും പറഞ്ഞ് കുട്ടിയെ കുടിപ്പിക്കാന്‍ നോക്കുന്നു.. ഇതു കണ്ട ദ്രോണര്‍ തന്റെ അഭിമാനം മറന്ന് ദ്രുപദരാജാവിന്റെ അടുക്കല്‍ സഹായത്തിനായി എത്തുന്നു.. കൊട്ടാരത്തില്‍ എത്തിയ ദ്രോണരെ ആദ്യം കാവല്‍ ഭടന്മാര്‍ കടത്തിവിടുന്നില്ല. ‘താന്‍ ദ്രുപദരാജാവിന്റെ ഉത്തമസുഹൃത്തായ ദ്രോണരാണ് എന്ന് പറയാന്‍ പറയുന്നു..

ഇത് കേട്ട ദ്രുപദന്‍ ഒരു ദരിദ്രനായ ദ്രോണരും മഹാരാജാവായ താനും തമ്മില്‍ എങ്ങിനെ ചങ്ങാത്തം ഉണ്ടാകാന്‍ എന്നൊക്കെ പറഞ്ഞ് ദ്രോണരെ സദസ്സിനു മുന്നില്‍ വച്ച് അപമാനിക്കുന്നു. കുപിതനായ

ദ്രോണര്‍ ദ്രുപദന്‍ ഒരിക്കല്‍ തന്റെ മുന്നില്‍ വന്ന് ഇരക്കേണ്ടതായി വരും എന്ന് ശപഥം ചെയ്ത് കൊട്ടാരത്തില്‍ നിന്നിറങ്ങിപ്പോകുന്നു..

ദ്രുപദനോടുള്ള വാശിയുമായി നടക്കുമ്പോഴാണ് ദ്രോണര്‍ അര്‍ജ്ജുനനേയും മറ്റും കാട്ടില്‍ വച്ച് സന്ധിക്കുന്നത്..

ദ്രോണര്‍ പാണ്ഡവരേയും കൌരവരേയും ശസ്ത്രവിദ്യകള്‍ അഭ്യസിപ്പിക്കുന്നു.. ദ്രോണര്‍ക്ക് പാണ്ഡവരോടാണ് കൂടുതല്‍ ഇഷ്ടം എന്നു മനാസ്സിലാക്കിയ ശകുനി എങ്ങിനെയും ദ്രോണരുടെ മകന്‍ അശ്വദ്ധാമാവിനെയെങ്കിലും തങ്ങളുടെ വശത്താക്കാന്‍ കൌരവേ ഉപദേശിക്കുന്നു. അങ്ങിനെ ദാരിദ്രത്താല്‍ കഴിഞ്ഞിരുന്ന അശ്വദ്ധാമാവിന് പല സഹായങ്ങളും സമ്മാനങ്ങളും ഒക്കെ ചെയ്ത് ദുര്യോധനന്‍ പ്രീതനാക്കുന്നു..

ഓരോ ആയുധങ്ങളില്‍ ഓരോരുത്തര്‍ മികവുറ്റവരാകുന്നു.. ധര്‍മ്മപുത്രൻ ‍തേര്‍യുദ്ധത്തില്‍, അര്‍ജ്ജുനനും അശ്വദ്ധാമാവും‍ വില്ല്, ഭീമനും ദുര്യോദനനും ഗദ, നകുലനും സഹദേവനും വാള്‍ എന്നിങ്ങനെ..

മഹാഭാരതം-9 (പാണ്ഡുവിന്റെ മരണം, പാണ്ഡവര്‍‌ ഹസ്തിനപുരിയില്‍..)

കാനനത്തില്‍ കുന്തിയും മാദ്രിയും മക്കളും ഒരുമിച്ച് സന്തോഷത്തോടെ കഴിയവെ ഒരിക്കല്‍ മാദ്രിയും പാണ്ഡുവും തനിച്ച് ആയ ഒരവസരത്തില്‍ പാണ്ഡുവിന്‌ മാദ്രിയെ പ്രാപിക്കണമെന്ന് തടുക്കാനാവാത്ത ആഗ്രഹം തോന്നുകയും തന്റെ ശാപം മറന്ന് മാദ്രിയെ പുല്‍കുമ്പോള്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയും ചെയ്യുന്നു..
മാദ്രി പാണ്ഡുവിന്റെ ചിതാഗ്നിയില്‍ ചാടി സതീധര്‍മ്മം ആചരിക്കുന്നു.

പാണ്ഡുവിന്റെയും മാദ്രിയുടെയും മരണം ഭീഷ്മമരെയും കൊട്ടാരത്തിലുള്ള ശകുനിയൊഴിച്ച് എല്ലാവരെയും വല്ലാതെ തളര്‍ത്തുന്നു..


കാട്ടില്‍ അനാധരായ കുന്തിയെയും മാദ്രിയെയും മക്കളെയും മുനിമാര്‍ കൊട്ടാരത്തില്‍ എത്തിക്കുന്നു. ഹസ്തിനപുരിയിലുള്ളവര്‍ ദ്രോണരും പാണ്ഡവരെ അവരെ അത്യധികം സ്നേഹത്തോടെ സ്വീകരിക്കുന്നു..

സത്യവതിയും അംബികയും അംബാലികയും വനവാസത്തിനായി പോകുന്നു.. അവിടെവച്ച് അവര്‍ മരണപ്പെടുന്നു..

ഭീഷ്മര്‍ക്ക് കുന്തീപുത്രന്മാരോടുള്ള അമിതമായ വാത്സല്യം ഗാന്ധാരീപുത്രന്മാര്‍ക്ക് അവരോട് നീരസം തോന്നിപ്പിക്കുന്നു. പ്രത്യേകിച്ച് ദുര്യോദനനും ദുശ്ശാസനനും. അവരുടെ നീരസം വളര്‍ത്താന്‍ പ്രേരകമാം വണ്ണം ശകുനി കുട്ടികളെ ഏഷണികള്‍ പറഞ്ഞ് ആ നീരസം പതിന്മടങ്ങാക്കുന്നു..

ശകുനിയുടെ പ്രധാന കരു ദുര്യോധനനായിരുന്നു. പെട്ടെന്ന് വികാരാവേശം കൊള്ളുന്ന ദുര്യോധനനോട് പാണ്ഡവരെ ഉപദ്രവിക്കനായി ഒരോ കുതന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.. അതിലൊന്ന് അലപ്ം ക്രൂരമായി ഒന്നായി പരിണമിക്കുന്നു..
അതിപ്രകാരം...
പാണ്ഡവരില്‍ അത്യന്തം ബലശാലിയായ ഭീമനോടായിരുന്നു ദുര്യോധനന് ഏറ്റവും അധികം പക.
ശകുനിയുടെ നിര്‍ദ്ദേശപ്രകാരം ഭീമനെ കൊല്ലാനായി അവര്‍ വിഷം കലര്‍ന്ന ലഡ്ഡു ഭക്ഷണപ്രിയനായ ഭീമന് കൊടുക്കുന്നു. ലഡ്ഡുകഴിച്ച് മയങ്ങിവീഴുന്ന ഭീമനെ കെട്ടിവരിഞ്ഞ് നദിയില്‍ കൊണ്ടിടുന്നു..
അവിടെ വിഷനാഗങ്ങള്‍ കൊത്തിയതിനാല്‍ ഭീമന്റെ വിഷം ശമിക്കുകയും, അവിടെ വച്ച് ഭീമന്‍ തന്റ് മുതുമുത്തച്ഛനായ ആര്യക്കിനെ കാണുകയും ചെയ്യുന്നു.

നാഗരാഗാവ് വാസുകി ഭീമനെ ശുശ്രൂഷിച്ച് നൂറ് ആനയുടെ ബലം കിട്ടാന്‍ പര്യാപ്തമായ അമൃത് സേവിപ്പിച്ച് കൂടുതല്‍ ബലവാനാക്കി തിരിച്ച് കരയില്‍ കൊണ്ടാക്കുന്നു.

ഇതിനകം ഭീമനെ കാണാതെ പരിഭ്രാന്തരായി നെട്ടോടമോടിയ പാണ്ഡവര്‍.. ജീവനോടെ തിരിച്ചെത്തിയ ഭീമനെ കണ്ട് തങ്ങളുടെ കള്ളി വെളിച്ചത്താകുമോ എന്ന് ദുര്യോധനനും ശകുനിയും ഭയപ്പെടും എങ്കിലും ഭീമകല്‍ തല്‍ക്കാലം ആരോടും അതെപ്പറ്റി പറയുന്നില്ല. അത അവര്‍ക്ക് ആശ്വാസമാകുന്നു..

കൌരവ കുമാരന്മാരുടെ ദുഷ്ടതകള്‍ ഇത്രത്തോളമായ സ്ഥിതിക്ക് കുന്തി മക്കളോട് അവരോട് അധികം ഇടപഴകണ്ട എന്ന് നിര്‍ദ്ദേശിക്കുന്നു..

മഹാഭാരതം-8 (പാതിവ്രത്യസ്ഥാപനം, പാണ്ഡവകൌരവജനനം)

കാട്ടില്‍ പരസ്പര സഹകരണത്തോടെ വളരെ സമാധാനമായി പാണ്ഡുവും ഭാര്യമാരും ജീവിച്ചു വന്നു.
പക്ഷെ ഭാര്യമാരുടെ പുത്രദുഃഖം പാണ്ഡുവിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. ഗാന്ധാരിയോട് വിധിപ്രകാരം (നിയോഗം) ഏതെങ്കിലും ബ്രാഹ്മണനില്‍ നിന്ന് ഗര്‍ഭം സ്വീകരിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിക്കുന്നു. (കുട്ടികളുണ്ടാകാത്തവര്‍ക്ക് ഇക്കാലത്തും ആശുപത്രികള്‍ ഇക്കാലത്ത് ഇവ്വിധം സഹായിക്കുന്നുണ്ടല്ലൊ) താന്‍ ഒരിക്കലും അന്യപുരുഷനെ സ്വീകരിക്കില്ല എന്ന് കുന്തീദേവി പാണ്ഡുവിനെ അറിയിക്കുന്നു..

അപ്പോള്‍ പാണ്ഡു ഭാരതത്തില്‍ പാതിവ്രത്യനിഷ്ട സ്ഥാപിതമായ കഥ പറയുന്നു...

തപോധനനായ ഉദ്ദാലകന്റെ പുത്രനാണ് ശ്വേതകേതു. ഉദ്ദാലകനും ഭാര്യയും അനേകകാലം തപസ്സില്‍ മുഴുകി ജീവിച്ചു. അവരെ പരിചരിച്ചുകൊണ്ട് ശ്വേതകേതുവും ജീവിച്ചുവരവെ, ഒരിക്കല്‍ അതുവഴി വിപ്രവന്‍ എന്ന വൃദ്ധബ്രാഹ്മണന്‍ വരുന്നു. ബ്രാഹ്മണനെ വിധിപ്രകാരം സല്‍ക്കരിക്കുമ്പോള്‍ വിപ്രവന്‍ ഉദ്ദലകനോട്
പരമഭക്ത്യാ തന്നെ ശുശ്രൂഷിക്കുന്ന ഈ കുട്ടി ആരാണെന്ന് ചോദിക്കുന്നു
അപ്പോള്‍ ഉദ്ദാലകന്‍ അരുന്ധതീദേവിയെപ്പോലെ പതിവ്രതയായ തന്റെ പത്നി കുശികാത്മജയില്‍ തനിക്കുണ്ടായ മകന്‍ ശ്വേതകേതു ആണ് അത് എന്ന് പറയുന്നു..
ഇതുകേള്‍ക്കുമ്പോള്‍ വൃദ്ധബ്രാഹ്മണന്‍ താന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും എന്നാല്‍ പുത്രനുണ്ടാവാതെ പിതൃകര്‍മ്മങ്ങള്‍ ചെയ്യാതെ മരിച്ചാല്‍ പുണ്യം കിട്ടുകയില്ലെന്നും അതിനാല്‍ ദയവായി ഉദ്ദാലകന്റെ ഭാര്യയില്‍ തനിക്ക് പുത്രോല്പാദനം ചെയ്യാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു..
വൃദ്ധബ്രാഹ്മണന്‍ ഭര്‍ത്താവിന്റെ യും മകന്റെയും മുന്നില്‍‌ വച്ച് കുശികാത്മജയുടെ കൈ പിടിക്കുന്നു.
ഇതുകണ്ട് കോപാകുലനായ ശ്വേതകേതു അമ്മയുടെ മറ്റേ കൈപിടിച്ച് ബ്രാഹ്മണനോടായി
തന്റെ അമ്മ പതിവ്രതയാണെന്നും കൈ വിടാന്‍ പറയുന്നു.
അപ്പോള്‍ ബ്രാഹ്മണന്‍ പറയുന്നു.. എനിക്ക് പിതൃകടം തീര്‍ക്കാന്‍ ഒരു പുത്രനെ തന്ന് ശേഷം അമ്മയെ സ്വതന്ത്ര്യാക്കാം എന്നും. പുരാതനമായ ഭാരതമതത്തില്‍ ബ്രാഹ്മണര്‍ക്കും ദേവന്മാര്‍ക്കും ഇപ്രകാരം പുത്രോല്പാദനം അനുവദനീയമാണ്
ഇത് ശ്വേതകേതുവിന്റെ കോപം പതിന്മടങ്ങാക്കുന്നു. അദ്ദേഹം പറയുന്നു, 'ഇന്നുമുതല്‍ ഞാന്‍ ഒരു നീതി കൊണ്ടുവരുന്നു.. “സ്ത്രീകള്‍ക്ക് പാതിവ്രത്യം അവശ്യമാണ്", അതനുഷ്ടിക്കാത്തവര്‍ പാപികളും ആയി തീരും' എന്ന്.

കഥയെല്ലാം കേട്ട കുന്തി, തനിക്ക് ദുര്‍വ്വാസാവില്‍ നിന്നും കരസ്ഥമായ ‘ദേവഭൂതി’ മന്ത്രത്തെപ്പറ്റി പാണ്ഡുവിനോട് പറയുന്നു. പാണ്ഡുവിനെ ഇത് അത്യധികം ആശ്വാസവും സന്തോഷവും ഏകി.
അങ്ങിനെ പാണ്ഡുവിന്റെ ആഗ്രഹപ്രകാരം കുന്തീദേവി ദേവഭൂതി മന്ത്രം ഉരുവിട്ട് ധര്‍മ്മദേവനെ പൂജചെയ്തു.. ധര്‍മ്മദേവന്‍ പ്രത്യക്ഷപ്പെട്ട് പുത്രനെ നല്‍കി. കുന്തി ധര്‍മ്മദേവന്റെ മകന്‍ ധര്‍മ്മപുത്രര്‍ക്ക് ജന്മമേകി.

പാണ്ഡുവും കുന്തിയും വളരെ സന്തോഷിച്ചു. പാണ്ഡുവിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ കുന്തി
അടുത്തതായി വായുദേവനെ ഭജിച്ച്, വായുഭഗവാന്റെ മകനായ ഭീമനും പിന്നീട് വരുണദേവനെ(ഇന്ദ്രനെ) ഭജിച്ച് വരുണഭഗവാനില്‍ നിന്നും അര്‍ജ്ജുനനും ജന്മമേകി.

പാണ്ഡുവിന്റെകൂടി ഇഷ്ടപ്രകാരം, അടുത്ത മന്ത്രം പുത്രദുഃഖം അനുഭവിക്കുന്ന മാദ്രിയ്ക്ക് നല്‍കുന്നു.
മാദ്രി അശ്വിനീദേവന്മാരെ ഭജിച്ച് മാദ്രി നകുലനും സഹ്ദേവനും ഉണ്ടാകുന്നു.

അഞ്ച് ആണ്മക്കളോടുമൊപ്പം അത്യന്തം സന്തോഷത്തോടെ അവര്‍ കാനനത്തില്‍ ജീവിച്ചു.

ഹസ്തിനപുരത്തില്‍...

കുന്തി ഒരു പുത്രനെ പ്രസവിച്ചു എന്ന വിവരം കൊട്ടാരത്തില്‍ അറിയുമ്പോള്‍ മക്കളില്ലാത്ത ഗാന്ധാരിയെ അത് വളരെ വിഷമിപ്പിച്ചു. ഇതിനകം ഗാന്ധാരിക്ക് ഗര്‍ഭം ഉണ്ടായെങ്കിലും രണ്ടുവര്‍ഷത്തിലേറെയായിട്ടും പ്രസവിക്കാത്ത വയറുമായി നടക്കുകയായിരുന്നു ഗാന്ധാരി.
കുന്തി പ്രസവിച്ചതറിഞ്ഞ് മനസ്സ് കലുഷിതമായ ഗാന്ധാരി തന്റെ ഗര്‍ഭം കലക്കാൻ നോക്കുന്നു. പക്ഷെ പ്രസവിച്ചത് ഒരു വെറും മാസപിണ്ഡത്തെയായിരുന്നു. വേദവ്യാസന്‍ ആ പിണ്ഡത്തെ നൂറായി വിഭജിച്ച്, ഒരോ കുടങ്ങളില്‍ നിക്ഷേപിച്ച് വയ്ക്കുന്നു. വിഭജിച്ചപ്പോൾ ബാക്കിവന്ന ഭാഗങ്ങളെല്ലാം കൂടി ഒരു കുടത്തിലും നിക്ഷേപിക്കുന്നു..

കുന്തി വായുപുത്രനായ ഭീമനെ ഗർഭം ധച്ചിരിക്കുമ്പോൾ.. ആദ്യകുടം പൊട്ടി ദുര്യോദനൻ ജനിക്കുന്നു. അപ്പോൾ ഒരുപാട് ദുർനിമിത്തങ്ങൾ ഉണ്ടാകുന്നു. (അന്ന് ഉച്ചയ്ക്കാണ് കുന്തി ഭീമനെ പ്രസവിക്കുന്നത്).
കുടത്തിൽ നിന്നും ഒരോദിവസം ഒരോരുത്തരായി ഗാന്ധാരീ പുത്രന്മാർ ജനിക്കുന്നു. എറ്റവും ഒടുവിൽ നൂറ്റൊന്നാമത്തെ കുടം പൊട്ടി ഒരു പുത്രിയും ജനിക്കുന്നു (കലിയുടെ അംശമാണ് ദുര്യോദനനും പൌലസ്ത്യന്മാർ നൂറ്റുപേരും ആണ്).

ധൃതരാഷ്ട്രരും ഗാന്ധാരിയും തങ്ങളുടെ പുത്രസൌഭാഗ്യത്താല്‍ അത്യന്തം സന്തോഷിക്കുന്നു..