പാണ്ഡവന്മാര് കാട്ടില്‍ ബ്രാഹ്മണരായി വേഷം മാറി ജീവിച്ചുവരുമ്പോഴാണ് പാഞ്ചാല രാജാവ് തന്റെ മകള്‍ കൃഷ്ണയുടെ (പാഞ്ചാലി) വിവാഹം നടത്താന്‍ തീരുമാനിക്കുന്നത്.. പാഞ്ചാലന്‍ തന്റെ സഖാവും ഉപദേശിയും ഒക്കെയായ ശ്രീകൃഷ്ണനെ വിവരം അറിയിക്കുന്നു. പാഞ്ചാല രാജാവിന്റെ മനസ്സിലും പാഞ്ചാലിയുടെ മനസ്സിലും കൃഷ്ണനെക്കാള് അനുയോജ്യനായ വരന് വേറെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ, കൃഷ്ണന് പറയുന്നു പാഞ്ചാലി ഒരു സ്വയംവരത്തിലൂടെ വരനെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം എന്നും ഏറ്റവും വലിയ വില്ലാളിയാവണം പാഞ്ചാലിയെ വേള്‍ക്കുന്നതെന്നും. കൃഷ്ണന്റെ മനസ്സില്‍ അര്ജ്ജുനന് പാഞ്ചാലിയെ വേള്‍ക്കണം എന്നതായിരുന്നു..
അങ്ങിനെ സ്വയംവര പന്തല്‍ ഒരുക്കുന്നു. പാഞ്ചാലരാജാവിന് അതിവിശിഷ്ടമായ ഒരു വില്ലുണ്ടായിരുന്നു. ആ വില്ല് എടുത്ത്, താഴെ വെള്ളത്തില്‍ പ്രതിഫലനം കണ്ടുകൊണ്ട്, മുകളില്‍ കറ്ങ്ങുന്ന ഒരു മീനിന്റെ കണ്ണില്‍ അമ്പെയ്ത് വീഴ്ത്തണം എന്നതായിരുന്നു പന്തയം..
സ്വയംവരത്തിന് ദുര്യോധനന്, കര്ണ്ണന്, ജരാസന്ധന്, ശിശുപാലന്, ശല്യര്‍, ഒക്കെ പങ്കെടുത്തുവെങ്കിലും പരിഹാസ്യമാംവിധം പരാജയപ്പെടുന്നു.. പല രാജാക്കന്മാര്ക്കും വില്ലെടുത്തു പൊക്കാന്‍ കൂടിയാനായില്ല. ദുര്യോധനന് ഒരുവിധം വില്ലെടുത്തു പൊക്കുന്നു പക്ഷെ, കുലയ്ക്കുവാനാകാതെ തളര്‍ന്നുപോകുന്നു. കര്ണ്ണന് വില്ലെടുത്ത് കുലയ്ക്കാന് ശ്രമിക്കുമ്പോള്‍ അതുകണ്ട് ഭയന്ന് പാഞ്ചാലി ശ്രീകൃഷ്ണന്റെ അനുവാദത്തോടേ, കര്‍ണ്ണനെ സൂതപുത്രനെന്നു പറഞ്ഞ് കളിയാക്കി, താന്‍ ക്ഷത്രിയരാജകുമാരന്മാരെയെ വേള്‍ക്കൂ എന്ന് സദസ്സില്‍ പറയുന്നു. കര്ണ്ണന് കോപത്തോടെയും അപമാനത്തോടെയും പിന്‍വാങ്ങുന്നു..
ഒടുവില്‍ ക്ഷത്രിയരാജകുമാരന്മാരാരും വില്ലുകുലയ്ക്കാനില്ല എന്നു വന്നപ്പോള്‍ അവിടെക്ക് അഞ്ച് ബ്രാഹ്മണകുമാരന്മാര് കടന്നു വരുന്നു. ശ്രീകൃഷ്ണന് അവരെ കാണുമ്പോഴേ മനസ്സിലായി ആരാണെന്ന്.
ക്ഷത്രിയര്‍ക്ക് ആര്‍ക്കും വില്ലുകുലയ്ക്കാനാകാതിരുന്ന സ്ഥിതിക്ക് ബ്രാഹ്മണര്‍ക്ക് വില്ല് കുലച്ചു നോക്കാം എന്ന് രാജാവ് സമ്മതിക്കുന്നു. ശ്രീകൃഷ്ണന്റെ മൌനാനുവാദത്തോടെ അര്ജ്ജുനന് വില്ലെടുത്ത് മീനിന്റെ കണ്ണു നോക്കി (ചില ബുക്കുകളില്‍ കിളിയുടെ കണ്ഠം എന്നും പറയുന്നുണ്ട്) അമ്പെയ്ത് കൊള്ളിക്കുന്നു. പാഞ്ചാലി ശ്രീകൃഷ്ണനെ നോക്കുമ്പോള്‍ ശ്രീകൃഷ്ണന് സമ്മതസൂചകമായി തലയാട്ടുന്നു. പാഞ്ചാലി അര്‍ജ്ജുനന്റെ കഴുത്തില്‍ മാല ചാര്‍ത്തുന്നു. ബ്രാഹ്മണകുമാരന്മാരോട് ദേഷ്യം തോന്നിയ ക്ഷത്രിയരാജകുമാരന്മാര്‍ യുദ്ധത്തിനൊരുങ്ങുന്നു, ഭീമാര്ജ്ജുനന്മാര് എല്ലാവരെയും തോല്‍പ്പിച്ച് പാഞ്ചാലിയേയും കൊണ്ട് മടങ്ങുന്നു..
തന്റെ മകളെ ദരിദ്രരെന്ന് തോന്നിക്കുന്ന ബ്രാഹ്മണകുമാരന്മാര്‍ക്ക് കൊടുക്കേണ്ടി വന്നല്ലൊ എന്ന് പരിതപിച്ച് അവര്‍ ആരാണെന്നും എവിടെ വസിക്കുന്നു എന്നുമൊക്കെ അറിഞ്ഞു വരാനായി ദ്രുപദമഹാരാജാവ്, മകൻ ധൃഷ്ടദ്യുമ്നനെ അവരുടേ പിറകെ അയക്കുന്നു..
കല്ലും മുള്ളും നിറഞ്ഞ കാനനത്തില്‍ അര്‍ജ്ജുനന്റെ സഹായത്തോടെ ‘തീയില്‍ കുരുത്ത താന്‍ ഈ കഷ്ടപ്പാടിലൊന്നും തളരില്ല’ എന്നു പറഞ്ഞ് പാഞ്ചാലി അനുഗമിക്കുന്നു..
ഒടുവില്‍ അമ്മയുടെ അടുത്തെത്തുമ്പോള്‍, 'അമ്മേ ഇന്ന് ഞങ്ങള്‍ക്ക് കിട്ടിയതെന്താണ് നോക്കൂ' എന്ന് പറയുമ്പോള്‍ അകത്തു നിന്നും കുന്തീദേവി, 'കിട്ടിയെന്തായാലും പതിവുപോലെ അഞ്ചുപേരും സമമായി ഭാഗിച്ചെടുത്തുകൊള്ളുക' എന്നു പറയുന്നു.
അമ്മയുടെ വാക്ക് കേട്ട് സ്തംബ്ദരായി പാണ്ഡവർ നില്ക്കുന്നു! കുന്തിയും വെളിയില്‍ വന്നുനോക്കുമ്പോള്‍ പാഞ്ചാലിയെ കണ്ട് നടുങ്ങുന്നു. താന്‍ അറിയാതെ പറഞ്ഞുപോയ വാക്കോര്‍ത്ത് പശ്ചാത്തപിക്കുന്നു.. പക്ഷെ, അപ്പോൾ അവിടെ വന്നെത്തുന്ന ശ്രീകൃഷ്ണനും വേദവ്യാസനും അവരെ സമാധാനിപ്പിക്കുന്നു.
വേദവ്യാസമഹര്‍ഷി ദ്രുപദരാജാവിനോട് പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു...
പാണ്ഡവനെ പിന്തുടർന്ന് അവിടെ എത്തിയ ധൃഷ്ടദ്യുമ്നൻ തിരിച്ച് കൊട്ടാരത്തിൽ ചെന്ന്, പാഞ്ചാലി സ്വയംവരം ചെയ്തത് അർജ്ജുനനെയാണെന്നും പാണ്ഡവർ ജീവിച്ചിരിപ്പുണ്ടെന്നും മറ്റും പറയുമ്പോൾ ദ്രുപദമഹാരാജാവിനു വലിയ ആശ്വാസമാകുന്നു. പക്ഷെ, പാഞ്ചാലി അഞ്ചു പേരുടെയും കൂടി ഭാര്യയാകണം എന്ന് കുന്തിയുടെ വ്യവസ്ഥ ദുർപദനെ ദുഃഖത്തിലാഴ്തുന്നു. പക്ഷെ, അപ്പോൾ അവിടെ ചെന്നെത്തിയ വേദവ്യാസമഹര്‍ഷി ദ്രുപദരാജാവിനോട് പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു..
പാഞ്ചാലിയുടെ പൂര്‍വ്വകഥ അടുത്തതില്‍...
No comments:
Post a Comment